രചന : അനിൽകുമാർ സി പി ✍
ഓർമയുണ്ടോ ഉത്രയേ? ‘പാമ്പുകടിയേറ്റു യുവതി മരിച്ചു ‘ എന്നായിരുന്നു ആ വാർത്ത ആദ്യം വന്നത്. വാർത്തയുടെ വിശദാംശങ്ങളിൽ ഒരു വരിയിൽ മാത്രം ഒരു അതിശയോക്തി ഉണ്ടായിരുന്നു, ഇതിനുമുൻപും ആ യുവതിക്കു പാമ്പുകടി ഏറ്റിരുന്നുവെന്ന്. നമ്മൾ നാടോടിക്കഥകളിലെ പകയുള്ള പാമ്പിനെ ഓർത്തു ഞെട്ടി, ഇന്നത്തെക്കാലത്തും ഇങ്ങനെ സംഭവിക്കുമോ എന്നു ചിന്തിച്ചു. എന്നാലോ, പിന്നീട് അതൊരു ‘പ്ലാൻഡ് മർഡർ’ ആണെന്നു വായിച്ചു നമ്മൾ തലയിൽ കൈവച്ചു.
അതുപോലെ മറ്റൊന്ന്, ഇവിടെ യുവതി ആത്മഹത്യ ചെയ്തു എന്നതാണു വാർത്ത. അതും ഡിസംബറിൽ സംഭവിച്ചത്. അതിന് ഇപ്പോഴെന്താണു പ്രസക്തി? പ്രസക്തിയുണ്ട്. പോലീസും ഞെട്ടി നിൽപ്പുണ്ട്. ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടു മരിച്ച യുവതി. സ്വന്തം വിവാഹത്തിനായി കരുതിയ മുപ്പത്തഞ്ചു പവൻ സ്വർണം പണയത്തിലാണ്. പല ഓൺലൈൻ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തിട്ടുണ്ട്. ഈ പണമൊക്കെ അവൾ ഓൺ ലൈൻ റമ്മി കളിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണു പോലീസ് കണ്ടെത്തൽ! പണം കടം നൽകിയവർ നിരന്തരം ആ യുവതിയെ ശല്യം ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകൾ.
എന്നാലോ, ഇത്ര വലിയ തുക കടം നൽകിയവരാരും യുവതി മരിച്ചശേഷം കാശിനുവേണ്ടി അവളുടെ വീട്ടിൽ അന്വേഷിച്ച് എത്തിയിട്ടുമില്ല. അതായതു ദുരൂഹത തുടരുന്നുവെന്നർത്ഥം.
കോവിഡ്ക്കാലം ചെറിയ ദുരിതമല്ല മാലോകർക്കു സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യജീവിതത്തിനെ സമൂലമായി മാറ്റിമറിച്ചുകൊണ്ട് ഒരു ഓൺലൈൻ ലോകക്രമം തന്നെ കോവിഡ് സൃഷ്ടിച്ചു. പുറത്തിറങ്ങാനാവില്ല, ജോലിയില്ല, മനുഷ്യർ മൊബൈൽ വലയ്ക്കുള്ളിലായി. ചിലർ യൂട്യൂബർ ആയി അതിൽ നിന്നും കാശുണ്ടാക്കി.
ബഹുഭൂരിപക്ഷം അതിൽ അമ്പേ പരാജയപ്പെട്ടു. ഇതിനിടയിലാണ് ഓൺലൈൻ റമ്മി പോലുള്ള കളികളുടെ ഉദയം. ഓർമയില്ലേ പഴയ കുലുക്കികുത്തു കളി? ഒന്നു വച്ചാൽ അഞ്ചു കിട്ടും, അഞ്ചു വച്ചാൽ പത്തു കിട്ടും, പത്തു വച്ചാൽ പത്തും പോകും എന്നു പറയുന്ന അതേ സംഗതി. ഇതിൻ്റെ മറ്റൊരു രൂപമാണ് ഇത്തരം ഓൺലൈൻ കളികളും. ആദ്യം ചെറിയ വിജയങ്ങൾ… അതുനൽകുന്ന ഊർജ്ജം മതി മുന്നോട്ടു നയിക്കാൻ. പിന്നെ ചെറിയ പരാജയം, പക്ഷേ, അതു മറികടക്കുന്നു. അതോടെ ആത്മവിശ്വാസം ഇരട്ടിയാകുന്നു. വീണ്ടും കാശു പോകുന്നു. പോയാലെന്താ തിരിച്ചുപിടിക്കും.
അതിനു കാശ് കണ്ടെത്തും. അതിടും, ഇട്ട പോലെ കാശു പോകും,പതിയെ കാശ് പോകൽ മാത്രമാകും, കടം പെരുകും, വീണ്ടും കടം. കടം നൽകിയവർ സ്വരം മാറ്റും, സ്ത്രീയാണല്ലോ കടം വാങ്ങിയിരിക്കുന്നത്, സ്വഭാവഹത്യയോളം വലിയ ആയുധമില്ല. അതിൽ നിന്നും രക്ഷപ്പെടാനാകില്ല. വല ശക്തമായതാണ്. ഇരയെ മുച്ചൂടുംനശിപ്പിക്കാൻ തക്കവിധം ശക്തം. അങ്ങനെയൊരു ഘട്ടത്തിൽ പലരും മുതലെടുക്കാൻ ശ്രമിച്ചിരിക്കാം. ഒടുവിൽ ഒരു ജീവനൊടുക്കൽ.
പണ്ട്, മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്ത്രീകൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്നു മദ്യം മാത്രമല്ല മയക്കുമരുന്നും സ്ത്രീകളിലും ശക്തമായ സാന്നിധ്യമാകുന്നു. കൊലപാതകങ്ങളിൽ ഉൾപ്പെടെ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുന്നു. ഇതിലൊക്കെ മൊബൈൽ വഴിയുള്ള ബന്ധങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. അവർ ചാലകങ്ങളാണ്. കാര്യങ്ങൾ നടക്കാനുള്ള ചാലകം മാത്രം. ക്രമേണ സ്വന്തം ജീവിതത്തിൻ്റെ സ്റ്റിയറിങ് മറ്റുള്ളവർ ഏറ്റെടുക്കും. സ്ത്രീകൾ പൊതുവേ ലോലചിത്തരും, ലോകത്തിൻ്റെ പോക്കിനെക്കുറിച്ചു കാൽക്കാശിൻ്റെ ബോധമില്ലാത്തവരും, രാഷ്ട്രീയ സാമ്പത്തിക അജ്ഞതയുള്ളവരുമാണെന്ന ധാരണകൾ അപ്പാടെ മാറ്റിമറിക്കുന്നു നിലവിലെ പല സംഭവങ്ങളും.
കോടിക്കണക്കിനു രൂപ കടം വാങ്ങി ഗെയിം കളിക്കാൻ ചെറിയ ചങ്കുറപ്പു പോര! ഒരു സാധാരണ കുടുംബത്തിലെ, സാധാരണ യുവതിയെ വഴിതെറ്റിക്കാൻ ഇത്തരം ഗെയിമുകളുടെ പിന്നിലുള്ളവർക്കു സാധിക്കുന്നെങ്കിൽ അതൊരു സൂചനയാണ്. അവരുടെ നീരാളിക്കൈകൾ സമൂഹത്തിലേക്ക് എന്തുമാത്രം ആഴ്ന്നിരിക്കുന്നുവെന്നു ചിന്തിക്കാം. ആണോ പെണ്ണോ ആരുമാകട്ടെ, ചതികളിൽ സ്വയം ചെന്നു ചാടാതിരിക്കുക. മയക്കമരുന്നുപോലെ, ചെന്നുപെട്ടാൽ ഒരു ഒടുക്കത്തെ പെടലിലേക്കു ചാടിക്കുന്ന പ്രലോഭനങ്ങളിൽ മതിമറക്കാതിരിക്കുക. അത്രമാത്രം.