രചന : മോഹൻദാസ് എവർഷൈൻ ✍

ആശുപത്രിയിൽ മുൻകാലത്തെ പോലെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല, രോഗങ്ങൾ ഉൾവലിഞ്ഞതാണോ, രോഗികൾ ഉൾവലിഞ്ഞതാണോ എന്നറിയില്ല… ഞാൻ ജനലിലൂടെ അകത്തേക്ക് പാളി നോക്കി.
അവിടെ കിടപ്പ് രോഗികൾ തീരെയില്ലെന്ന് തോന്നുന്നു,കിടക്കകൾ രോഗികളെയും കാത്തു കിടക്കുന്നപോലെയാണ് എനിക്ക് തോന്നിയത്.
അല്ലെങ്കിൽ ഈ നാട്ടിൻപ്പുറത്തു ആകെയുള്ള ഒരാശുപത്രിയാണ്.. ഇവിടെ നേരം പുലരുന്നതിനു മുന്നേ വന്ന് കാത്തുനില്ക്കേണ്ടുന്ന സ്ഥിതിയായിരുന്നു.
ആരാ രാജേന്ദ്രൻ?

ഡോക്ടറുടെ മുറിയുടെ വാതിൽ കർട്ടനിടയിലൂടെ ഒരു നേഴ്സിന്റെ തല പുറത്തേക്ക് നീണ്ട് വന്ന് ചോദിച്ചു.
അത് ഞാൻ തന്നെയെന്നഭാവത്തിൽ
ബെഞ്ചിൽ നിന്നും എഴുന്നേറ്റപ്പോൾ അവർ അകത്തേക്ക് വിളിച്ചു.
“ഇരിക്ക്…”അടുത്ത് കിടന്ന കസേര ചൂണ്ടി ഡോക്ടർ പറഞ്ഞു.
ഡോക്ടർ തീരെ ചെറുപ്പക്കാരനും, സൗമ്യനുമായിരുന്നു.
പരിചിതമായ മരുന്നുകളുടെ സമ്മിശ്രഗന്ധം
മുറിയിൽ നിറഞ്ഞു നിന്നു, അവയെല്ലാം കൂടി മൂക്കിലേക്ക് മത്സരബുദ്ധിയോടെ തള്ളിക്കയറ്റം നടത്തുവാൻ ശ്രമിക്കുന്നത് പോലെ.
എന്താ അസുഖം?
ചോദ്യം ചോദിക്കുമ്പോൾ തന്നെ സ്റ്റെതസ്കോപ് എന്റെ ഹൃദയമിടിപ്പ് അളന്നെടുക്കുകയായിരുന്നു.

രാത്രിയിൽ ഒരു നെഞ്ച് വേദന ഉണ്ടായിരുന്നു, ഞാൻ കരുതിയത് ഗ്യാസ് കൊണ്ടുള്ള വിമ്മിഷ്ടമായിരിക്കുമെന്നാണ്. എന്നാൽ ഇപ്പോഴും വേദന കുറവില്ല.
ഡോക്ടർ വിശദമായി തന്നെ പരിശോധന നടത്തി.ഇ. സി. ജി. നോക്കുവാൻ അടുത്ത മുറിയിലേക്ക് പറഞ്ഞു വിട്ടു.
ഇ.സി.ജി എടുക്കുന്ന മുറിയിൽ ചെല്ലുമ്പോൾ
അവിടെ ഒന്ന് രണ്ട് പേര് ഊഴം കാത്തിരുപ്പുണ്ട്, അവർക്കൊപ്പം ഞാനുമിരുന്നു.
ഇ. സി. ജി. റിപ്പോർട്ട്‌ നോക്കിയിട്ട് ഡോക്ടർ പറഞ്ഞു.
കുഴപ്പമൊന്നും കാണുന്നില്ല.സാരമായ ബ്ലോക്കൊന്നുമില്ല.തരുന്ന മരുന്ന് കഴിച്ച് നോക്ക്, കുറവില്ലെങ്കിൽ മാത്രം വരണം.
വേറെ ഭയക്കത്തക്ക പ്രശ്നം ഒന്നുമില്ല.
ഞാൻ ചിരിച്ചു…. ഭയമൊന്നുമില്ലെന്ന് പറയണമെന്ന് തോന്നിയെങ്കിലും പറഞ്ഞില്ല… അദ്ദേഹത്തിന്റെ മനുഷ്യപ്പറ്റുള്ള
ഒരു മുഖത്ത് നോക്കി അങ്ങനെയൊരു മറുപടി പറയാൻ തോന്നിയില്ല.
എന്റെ വെട്ടിയൊതുക്കാത്ത നരച്ച താടിയും, അലസമായ വേഷവും വല്ലാത്ത ഒരു ദൈന്യത ഉണ്ടാക്കുന്നതാണെന്നു എനിക്ക് തന്നെ തോന്നുന്നു,എങ്കിലും അതൊരു സഹതാപം ഉണ്ടാക്കി സഹായം നേടുവാനുള്ള വേഷം കെട്ടല്ലെന്ന് അറിയാവുന്ന ഒരാൾ ഞാൻ മാത്രമാണ്.

കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ?”. ഡോക്ടർ ചോദിച്ചു.
ഇല്ല ഞാൻ തനിച്ചാണ് വന്നത്, എന്താ ഡോക്ടർ?.
ഒന്നുമില്ല. ഹോസ്പിറ്റലിൽ വരുമ്പോൾ കഴിയുന്നതും ആരെയെങ്കിലും സഹായത്തിനു കൂടെ കൂട്ടുന്നത് നല്ലതാണ്,ഇനി ശ്രദ്ധിക്കണം കേട്ടോ.
അത് കേട്ട് ഞാൻ ചിരിച്ചതേയുള്ളൂ,സഹായം എന്ന വാക്കിനോട് കാണിച്ച മമതയാണ് ഇന്ന് ഞാൻ ചുമക്കുന്ന ദുരിതഭാണ്ഡങ്ങൾ.അത്‌ ആരുടെ മുന്നിലും ഒരേറ്റ് പറച്ചിൽ നടത്താതെ ചുമക്കുന്നുവെന്ന് മാത്രം.

ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വെയിലിനും, വിശപ്പിനും തീപിടിച്ചിരുന്നു.മുന്നോട്ട് നടക്കുവാൻ കാലുകൾ മടിച്ചു നിന്നു.
ആദ്യം കണ്ട തട്ട് കടയിലേക്ക് നടക്കുമ്പോൾ പോക്കറ്റിൽ ഒന്ന് തപ്പി നോക്കി ഉറപ്പ് വരുത്തി.
ഇപ്പോൾ മാസ്ക് ധരിക്കുന്നതിനാൽ ആർക്കും, ആരെയും പ്പെട്ടെന്ന് മനസ്സിലാകാത്തത് ഒരനുഗ്രഹമായി തോന്നിയ നിമിഷങ്ങൾ.
തട്ട്കടയിൽ നിന്നും ചായയും, ചൂട് പരിപ്പ് വടയും വാങ്ങി തണലിലോട്ട് മാറിനിന്നു കഴിക്കുമ്പോൾ വയറ്റിലെരിയുന്ന തീയ്ക്ക് ഒരു ശമനം വന്നപോലെ.
വീണ്ടും നടന്ന് ബസ് സ്റ്റോപ്പിൽ വന്ന് നില്കുമ്പോൾ, പെട്ടെന്ന് ഒരു കാർ കൊണ്ട് മുന്നിൽ ചവുട്ടി നിർത്തി.

ഷാജിയുടെ വണ്ടിയാണല്ലോ ഇത്.
ഞാൻ പെട്ടെന്ന് അറിയാതെ പറഞ്ഞു പോയി.
കാറിന്റെ ഡോർ ഗ്ലാസ്‌ താഴ്ത്തി ഷാജി വിളിച്ചു.
വന്ന് കേറെടാ വണ്ടിയിൽ
അവൻ വിളിച്ചപ്പോൾ ഞാനൊന്ന് പരുങ്ങി നിന്നതേയുള്ളൂ. അവൻ എന്തായാലും ചീത്ത വിളിക്കുമെന്ന് ഞാനൊറപ്പിച്ചു.
ഞാൻ അങ്ങോട്ട് ഇറങ്ങി വന്നാലുണ്ടല്ലോ, മര്യാദക്ക് വന്ന് വണ്ടീൽ കയറ്.
ഞാൻ ഒന്നും പറയാതെ കാറിന്റെ ബാക്ക് ഡോർ തുറന്ന് അകത്തു കയറുമ്പോൾ അവൻ പറഞ്ഞു.
അടച്ചിട്ടു മുൻപിൽ വന്ന് കയറെടാ.

അവൻ ആക്രോശിക്കുന്നത് കേട്ടപ്പോൾ മറിച്ചൊന്നും പറയാതെ മുൻ സീറ്റിൽ കയറി.
അവിടെ നിന്നവർക്ക് കാര്യം പിടികിട്ടിയില്ലെങ്കിലും ഷാജിയെ അവർക്കറിയാം മാധവേട്ടന്റെ മകൻ. പ്ലാന്റർ…വിദേശത്തു ഒത്തിരി ബിസിനസ്‌, നാട്ടിലെ ഉത്സവമായാലും, കാരുണ്യ പ്രവർത്തനമായാലും കൈയയച്ചു സഹായിക്കുന്ന ഷാജിയെ എല്ലാർക്കും അറിയാം.
എന്നാലും എന്തിനാണ് ചൂടായി വന്ന് ഇയാളെ കയറ്റികൊണ്ട് പോയത്?. അതുമാത്രം ആർക്കും പിടികിട്ടിയില്ല,
അയാളെയും ആർക്കും അറിയില്ല.
കാർ നല്ല സ്പീഡിലാണ് പോകുന്നത്.പോകുന്ന വഴിയിൽ കരിക്ക് വിൽക്കുന്നിടത്തു വണ്ടി നിർത്തി.

രണ്ട് കരിക്ക് വെട്ടി തരുവാൻ ഷാജി അവരോട് പറഞ്ഞു.
നീ ആരോട് പറഞ്ഞിട്ടാ എസ്റ്റേറ്റിൽ നിന്നും ആശുപത്രിയിലേക്ക് വന്നത്?അല്ല നിനക്ക് ആരോടാ പറയാനുള്ളത് അല്ലെ, അതല്ലേ നിന്റെ ഉള്ളിലിരുപ്പ്‌?.
അവൻ നല്ല ചൂടിലാണ്, ഇപ്പോൾ എന്ത് പറഞ്ഞാലും അവൻ ഇതിനപ്പുറം ചൂടാകുമെന്ന് എനിക്കുറപ്പാണ്, അത്‌ കൊണ്ട് ഞാൻ മിണ്ടിയില്ല.
പറയെടാ നിന്റെ നാവിറങ്ങി പോയോ? നിനക്ക് സുഖമില്ലെങ്കിൽ നീ എന്നെ വിളിക്കാത്തതെന്താ?.

ഞാൻ അവനെ നോക്കിയിരുന്നതല്ലാതെ എന്തെങ്കിലും മറുപടി പറഞ്ഞില്ല.
ഒന്നാം ക്ലാസ്സ്‌ മുതൽ കോളേജ് വരെ ഒരുമിച്ച് പഠിച്ചതാണെങ്കിലും ആ സൗഹൃദം ഞാനിപ്പോൾ മുതലെടുക്കുകയാണോ എന്ന് പലപ്പോഴും ഒരു കുറ്റബോധം തോന്നിയിട്ടുണട്.
നിനക്ക് ഇപ്പോഴും ആ ഈഗോ ആണെടാ… ചായക്കടക്കാരൻ മാധവേട്ടന്റെ മോനെ ഞാൻ എന്തിനാ വിളിക്കുന്നത്? അതല്ലേ എന്നെ വിളിക്കാതെ ഒറ്റയ്ക്ക് പോന്നത്?.
എടാ അങ്ങനെയൊന്നുമല്ല,നിന്റെ തിരക്കുകൾ എനിക്കറിയാത്തതല്ലല്ലോ,അതാ നിന്നെ ബുദ്ധിമുട്ടിക്കാതെ ഞാനിങ്ങ് വന്നത്!.

നിന്നെ ഞാൻ കൂട്ടികൊണ്ട് വന്ന് എന്റെ എസ്റ്റേറ്റിൽ മാനേജർ ആക്കിയത് അവിടെ കാര്യങ്ങൾ അവതാളത്തിയിലായിരുന്നത് കൊണ്ടല്ലെന്ന് നിനക്കറിയാല്ലോ?, നിന്റെ കാലൊന്നിടറിയപ്പോൾ തള്ളിക്കളഞ്ഞവരുടെ മുഖം നീ മറക്കരുത്.ഒരു വീഴ്ചകൊണ്ടൊന്നും തോൽക്കരുത്,ജയിക്കണം, അവരുടെ മുന്നിൽ നീ ജയിച്ചു തന്നെ കാട്ടണം.
ഞാൻ അവനെ നോക്കിയിരുന്നു, എന്റെ മറുപടികൾ എപ്പോഴും അവനെ ചൊടിപ്പിക്കുന്നതാണെന്ന് എനിയ്ക്കറിയാം.p
അതുകൊണ്ട് പലപ്പോഴും ഞാൻ വെറും കേൾവിക്കാരനായി മാറി,എല്ലാം നഷ്ടപെട്ടവർക്ക് ചിലപ്പോൾ ശബ്ദം പോലും ഉണ്ടാകില്ലല്ലോ?.

നീ ഒന്നും മിണ്ടില്ലെന്നു എനിയ്ക്കറിയാം,അതാണല്ലോ ബിസിനസ്‌ മാഗ്നെറ്റ് രാജേന്ദ്രനെ ഇന്ന് എല്ലാവരും കൂടി വെറും കരിമ്പിൻ ചണ്ടിപോലെ വഴിയരുകിൽ ഉപേക്ഷിച്ചത്.
നോക്ക് ഷാജി സത്യത്തിൽ എനിക്ക് അത്തരം പശ്ചാതാപങ്ങളൊന്നുമില്ല.. മറ്റൊരാളിന്റെ വളർച്ചയ്ക്ക് ഞാൻ വളമായെങ്കിൽ അതെന്റെ സ്വകാര്യ സന്തോഷമാണ്.അല്ലാതെ ആരിൽ നിന്നും തിരിച്ചൊന്നും പ്രതീക്ഷിച്ചു കൊണ്ട് ഞാനാർക്കും ഒന്നും ചെയ്തിട്ടില്ല!.

എടാ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല!കുടുംബം നോക്കുന്നവന്റെ സ്ഥാനമെന്നും കുപ്പയിലാണെന്ന് മുൻപ് ആരോ പറഞ്ഞിട്ടുള്ളത് നിന്റെ കാര്യത്തിൽ അത്‌ അന്വർത്ഥമായി അത്രേയുള്ളൂ.
അതുപോട്ടെ ഡോക്ടറെന്ത് പറഞ്ഞു? ഉടനെയെന്നും യാത്രയ്ക്ക് ചാൻസില്ലെന്ന് പറഞ്ഞോ?.
ആ ചോദ്യത്തിൽ അവന്റെ ആറിതണുത്ത ദേഷ്യത്തിന്റെ തണുപ്പുണ്ടായിരുന്നു.
കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. ഇന്നലെ അസഹ്യമായ വേദനതിന്നുന്ന സമയത്ത് ഞാൻ കരുതിയത് നേരം വെളുക്കുന്നതിന്‌ മുന്നെ യാത്ര തരപ്പെടുമെന്നാ.
ഒന്ന് പോടാ അവിടുന്ന്, അങ്ങനെ നിന്നെ ഞാൻ വിടുമോ? നീ തോറ്റ് മടങ്ങിയാൽ അതിന്റെ ക്ഷീണം എനിക്കല്ലേ?.എനിക്ക് ഗൾഫിൽ പോകാൻ കാശില്ലാതെ വിഷമിച്ചു നില്കുമ്പോൾ അന്ന് ഒരു ഈടും വാങ്ങാതെ നീ തന്ന പണത്തിന്റെ മൂല്യം അളക്കാൻ ആർക്കെങ്കിലും കഴിയുമോ?

നീ അതെനിക്ക് തിരിച്ച് തന്നതാണല്ലോ ഷാജി, പിന്നെന്തിനാ ആ കഥ പറയുന്നത്? നിന്നെ പ്പോലെ പലരെയും ഞാൻ സഹായിച്ചു അവരാരും വാങ്ങിയ കാശ് തിരികെ തന്നില്ലെന്ന് മാത്രമല്ല പിന്നെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല.
എന്നാലും നിന്നെപ്പോലെ ഒരാൾ ഇങ്ങനെ ചതിക്കപ്പെടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. കുടുംബത്തിലെ എല്ലാവരെയും രക്ഷപ്പെടുത്തി നീ വെള്ളത്തിലായപ്പോൾ ഒരു കൈ തരാൻ ഒരുത്തരും വന്നില്ലല്ലോ?.
അത്യാവശ്യം പറഞ്ഞ് വരുമ്പോൾ സഹായിക്കാതിരിക്കുവാൻ തോന്നിയിട്ടില്ല.
ശത്രുക്കളെ സമ്പാദിക്കുവാനുള്ള എളുപ്പവഴി അതാണെന്ന് പിന്നീട് എനിക്ക് മനസിലായി.

സാരമില്ലെടാ, ഒരു തിരിച്ചറിവിന് ദൈവം അവസരമൊരുക്കിയതാണെന്ന് കരുതിയാൽ മതി. നിന്നോട് ഒരു സന്തോഷവർത്താനം പറയാൻ വേണ്ടിയാ ഞാൻ രാവിലെ എസ്റ്റേറ്റിൽ വന്നത്, അപ്പോഴാ നീ ഇങ്ങോട്ട് പോന്നതറിഞ്ഞത്.
ഞാൻ ആകാംഷയോടെ അവന്റെ മുഖത്ത് നോക്കി,
നമ്മുടെ കമ്പനിക്ക് ദുബായിൽപുതിയ വർക്ക് കിട്ടി,
അതിന്റെ പൂർണ്ണ ചുമതല നിനക്കാണ്,വലിയ പ്രൊജക്റ്റ് ആണ്,മെറ്റീരിയൽ മൊത്തത്തിൽ ഞാൻ തരും, പ്രൊജക്റ്റ്‌ പൂർത്തിയാക്കി കഴിയുമ്പോൾ കിട്ടുന്ന ലാഭം നിനക്ക് മാത്രമുള്ളതാണ്, ലാഭമെന്ന് പറയുമ്പോൾ നിനക്ക് നഷ്ടപ്പെട്ടതിന്റ പത്തിരട്ടി വരും.പക്ഷെ -അവിടെ നിന്റെ പഴയ സിംപതി വർക്ക്ഔട്ട് ചെയ്യരുത്.
പുറത്തപ്പോൾ ഉച്ചവെയിൽ തിളയ്ക്കുന്നത് കാണാമായിരുന്നു, വണ്ടിയുടെ ഉള്ളിലെ സുഖശീതളിമയിലും വെയിൽ ചൂട് എന്റെ ഉള്ളിൽ ഭൂതകാലത്തിന്റെ ഓർമ്മകളുമായ് തിളച്ചു മറിഞ്ഞുകൊണ്ടിരുന്നു.

അയ്യോ വേണ്ട ഷാജി, എനിക്ക് അങ്ങനെയൊരാഗ്രഹവുമില്ല, ഇനി ആർക്ക് വേണ്ടിയാ ഞാൻ സമ്പാദിക്കുന്നത്, ജീവൻ തരാമെന്ന് പറഞ്ഞ് കൂടെ നിന്നവർ ഒരു തുള്ളിവെള്ളം പോലും തരാതെ പോയില്ലേ, പിന്നെന്തിനാ എനിക്ക് പണം?.
പണമില്ലാത്തവൻ പിണമെന്നൊരു ചൊല്ലുണ്ട്, നീ കേട്ടിട്ടില്ലേ,പോയവരൊക്കെ എങ്ങോട്ടെങ്കിലും പോട്ടെ, അവരുടെ മുന്നിൽ നീ തലയുയർത്തി നിൽകുമ്പോഴേ ചെയ്തുപോയ തെറ്റിന്റെ വ്യാപ്തി അവർക്ക് മനസ്സിലാകൂ.നീ എതിരൊന്നും പറഞ്ഞിട്ട് കാര്യമില്ല, കുറച്ച് നാൾ ഞാൻ പറയുമ്പോലെ അനുസരിച്ചെ പറ്റു.

അവന്റെ ഉറച്ച തീരുമാനം മാറ്റിയെടുക്കാൻ കഴിയില്ലെന്ന് എനിക്കറിയാം, നിസ്സഹായതയോടെ ഞാനപ്പോൾ അവനെ നോക്കി, അവൻ ചിരിച്ചു, ആ ചിരിക്ക് എല്ലാം ശരിയാകുമെന്ന അർത്ഥമാണെന്ന് എനിക്ക് തോന്നി.
അറബിക്കഥയിൽ അലാവുദ്ദീന് അത്ഭുതവിളക്ക് കൈയിൽ കിട്ടിയ പോലെയായി എന്റെ അവസ്ഥ.
ഞൊടിയിടയിൽ ഭാഗ്യം പെരുമഴയായ് പെയ്തിറങ്ങി ഞാനതിൽ നനഞ്ഞുകുതിരുകയായിരുന്നു.

By ivayana