രചന : ബിനു. ആർ. ✍

രാജശ്രീ രാവിന്റെ മേലാപ്പിൽ പൂത്തിറങ്ങിയ കാന്താരികളെയും അതിനിടയിൽ മേവുന്ന തോണിയെപോലുള്ള ചന്ദ്രനെയും നോക്കി തന്റെ മട്ടുപ്പാവിലെ വരാന്തയിൽ ഇരിക്കുവാൻ തുടങ്ങിയിട്ട് മിനിട്ടുകളും മണിക്കൂറുകളുമല്ല, ദിനങ്ങളും മാസങ്ങളും വർഷങ്ങളും കൊഴിഞ്ഞുപോയതുപോലെ. ആടുന്ന ചാരുകസേരയിലെ പ്രണയം നഷ്ടപ്പെട്ട പെൺകുട്ടിയെ പോലെ ഇരുന്നു.


ആ ഇളം നീളനിറത്തിലുള്ള സാരിയുടെ തലപ്പ് ഇളംകാറ്റിൽ അവളുടെ മുഖത്തും തലയുടെ മുകളിലും ചന്ദ്രിക പോലെ പറന്നു നടക്കുന്നുണ്ട്.ഓർമ്മകളുടെ കുത്തൊഴുക്കിൽ നീന്തിനടക്കുകയാണെന്നു ചിമ്മുന്ന കണ്ണുകൾ വിളിച്ചുപറയുന്നുണ്ട്. മുഖം അത്ര വ്യക്തമല്ലെങ്കിലും സ്വപ്നത്തിന്റെ നീരോഴുക്കിലാണെന്ന് തോന്നുന്നുണ്ട്.
കുറച്ചപ്പുറത്തായി മട്ടുപ്പാവിലേ നീളൻ വരാന്തയുടെ അങ്ങേത്തലക്കൽ നവീൻ അത് കാണുന്നുണ്ടായിരുന്നു. നിലവിലുയിരുന്ന ഇളം കാറ്റിൽ വന്നുചേരുന്ന സുഗന്ധങ്ങൾ ആവോളം ആസ്വദിക്കുന്നുണ്ടായിരുന്നു എന്നത് അയാളുടെ വിടർന്നമുഖം കാട്ടിത്തരുന്നുണ്ട്.


നവീൻ രാജശ്രീയുടെ ഭർത്താവോ കാമുകനോ അല്ല; ചെറുപ്പത്തിൽ ഒന്നിച്ചു പഠിച്ചു വളർന്നൂ എന്നു മാത്രമേയുള്ളൂ. എന്നു പറഞ്ഞാൽ അത് സത്യമായിരിക്കില്ല, കാരണം ഇപ്പോൾ രണ്ടുപേർക്കും മധ്യവയസ്സ് പിന്നിട്ടു കഴിഞ്ഞു. രണ്ടുപേരും അവിവാഹിതർ.
രാജശ്രീ ഹയർ സെക്കന്ററി സ്കൂളിൽ നിന്നു വിരമിക്കാൻ ഒരു വർഷം കൂടിയേ ഉള്ളൂ. നവീൻ കാലങ്ങളുടെ ഓടിതൊട്ടുകളിയിൽ ആകെ പരവശനായി ഇന്നിന്റെ നേർക്കാഴ്ചയിൽ വന്നു നിൽക്കുകയാണ്. ജോലിയിൽ നിന്നും വിരമിച്ചു. പല പ്രൈവറ്റ് കമ്പനികളുടെ അക്കൗണ്ട് സെക്ഷനിലൂടെ മാറിമാറി അവസാനം ഒരു സൂപ്രണ്ട് പോലുമാവാതെ, തളർന്ന് കിതച്ച്.


ഇന്ന് രാവിലെയാണ് നവീൻ രാജശ്രീയെ കാണാൻ എത്തിയത്. വർഷങ്ങളോളം കൂടെ പഠിച്ച ഒരു കൂട്ടുകാരിയെ കാണാൻ മാത്രം. ഈ നാട്ടിലൂടെ കടന്നുപോകുന്ന ട്രെയിനിന്റെ കംപ്പാർട്ട്മെന്റിൽ പുറം കാഴ്ചകളിൽ കുടുങ്ങിക്കിടന്നപ്പോഴാണ് ഈ സ്ഥലത്തിന്റെ പേരുള്ള ബോർഡ് കണ്ടത്.


എപ്പോഴോ ഒരിക്കൽ അവളുടെ ഫോൺ നമ്പർ കൈയിൽ വന്നപ്പോൾ അന്ന് വിളിച്ചു നോക്കാൻ തോന്നിയില്ല. കാരണവും ഉണ്ട്, അവൾ വിവാഹിതയായി കുട്ടികളും കുടുംബവുമൊക്കേയായി സന്തോഷത്തോടെ ഇരിക്കുമ്പോൾ, താൻ ഇപ്പോഴും, എപ്പോഴും ഒരു നിരാശ കാമുകന്റെ വേഷവും കെട്ടി ഒറ്റാന്തടിയായി ജീവിക്കുകയാണെന്നത് അവൾ അറിയണ്ട എന്നു കരുതി.


ഇപ്പോൾ വർദ്ധക്യത്തിന്റെ വക്കിൽ എത്തിയപ്പോൾ വെറുതെ ഒന്നു കാണാൻ ഒരു മോഹം. അങ്ങിനെ പഴയ ഡയറിക്ടറി ബാഗിലെ മുഷിഞ്ഞ വസ്ത്രങ്ങളുടെ ഇടയിൽ നിന്നും പരതിയെടുത്തു, വിളിച്ചു.
കുറേ നേരം ബെൽ അടിച്ചെങ്കിലും നമ്പർ ഇപ്പോൾ പ്രതികരിക്കുന്നില്ല എന്ന മറുപടിയാണ് കിട്ടിയത്. ട്രെയിൻ സ്റ്റോപ്പിൽ ചെന്നു നിന്നു. ആരോ പറഞ്ഞു
“പത്തുമിനിറ്റ് ഇവിടെ കിടക്കും.”
ഏതായാലും ഒന്നു കൂടി വിളിച്ചു നോക്കിയാലോ എന്നു ചിന്തിച്ചു. വേണോ… വേണ്ട….എന്ന തമ്മിലടികൾ ചിന്തയിൽ കനച്ചു തിമിർത്തു.
ഏതായാലും ചിന്തകളെ മാറ്റിവച്ചു. വീണ്ടും വിളിച്ചു. അങ്ങേ തലക്കൽ ഫോൺ എടുത്തതായി അറിയിപ്പ് കിട്ടി.


“ഹലോ “…
എന്ന ആ ശബ്ദത്തിന്റെ ഓർമ്മകളിൽ വട്ടംചുറ്റി
“ഹലോ “.
എന്ന് പ്രതികരിച്ചു. പിന്നെ തുറന്നു പറഞ്ഞു.
“ഞാൻ നവീൻ. “
ഒരു മറുപടിയും കേൾക്കനുണ്ടായിരുന്നില്ല.
എങ്കിലും തുടർന്നു.
“താങ്കളുടെ നഗരത്തിലൂടെ ട്രെയിനിൽ കടന്നുപോവുകയാണ്. ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു. എവിടെയാണ് താമസമെന്നുപറഞ്ഞാൽ…”
“ഇറങ്ങൂ “…
എന്നൊരു മറുപടി മാത്രമാണ് വന്നത്. ഫോൺ ഡിസ്‌ക്കണക്ട് ആയി.

എന്തുചെയ്യണമെന്നറിയാതെ ചിന്തകൾ വീണ്ടും തമ്മിലടി തുടങ്ങി. ട്രെയിൻ പോകാനുള്ള സൈറൺ മുഴങ്ങി. രണ്ടും കല്പ്പിച്ചു തിരക്കിട്ട് ട്രെയിനിൽ നിന്നും ഇറങ്ങി. അടുത്തപടിയെന്തെന്ന് ചിന്തകൾക്കിടം കൊടുക്കുന്നതിനുമുമ്പേ അവളെ വീണ്ടും വിളിച്ചു.
“വന്നുകൊണ്ടിരിക്കുന്നു “
എന്ന മറുപടി കിട്ടി.


പുറത്തിറങ്ങി ഒരു ചായ കുടിച്ചു കൊണ്ടുനിൽക്കുമ്പോൾ..
വണ്ടി നിറുത്തി കടന്നുവരുന്നത് അവളാണെന്ന് ആരും പറയാതെ തന്നെ അറിഞ്ഞു.ആ സൗന്ദര്യത്തിന് ഒട്ടും മാറ്റ് കുറയാത്തതുപോലെ. ഇളം നീലസാരിയുടെ ധവളിമയിൽ അവളുടെ സൗന്ദര്യം കൂടിയിട്ടുണ്ടോ എന്നൊരു സംശയം. താൻ ഇട്ടിരിക്കുന്ന ഷർട്ടുംഇളം നീല നിറമായത് യാദൃശ്ചികം എന്നല്ലേ പറയേണ്ടൂ!


അവളോടൊപ്പം അവളുടെ കാറിൽ മടക്കയാത്രയിൽ ഞങ്ങളുടെ ഇടയിൽ മൗനം കിളിതട്ടുകളിക്കുകയാണെന്ന് തോന്നി.അയാൾ അപ്പോഴും ഓർമകളിലൂടെ ഒരു സഞ്ചാരത്തിലായിരുന്നു. പഠിക്കുന്ന കാലങ്ങളിൽ ഓരോ പ്രധാനദിവസങ്ങളിലും തങ്ങളുടെ ഡ്രസ്സുകളുടെ നിറങ്ങൾ സാമ്യമുള്ളതായിരുന്നു. ചില ഇഷ്ടങ്ങൾക്കും സാമ്യമുണ്ടായിരുന്നു. ചെറുമാമ്പഴങ്ങൾ, മാമ്പഴക്കാലത്ത് അവളുടെ അമ്മ പൊതിഞ്ഞു കൊടുത്തുവിടാറുണ്ടായിരുന്നു.കലാലയത്തിലെ അവസാനനാളുകളിൽ ഒരിക്കൽ അവളുടെ വീട്ടിൽ ചെന്നപ്പോൾ, ഉച്ചഭക്ഷണത്തിന്നിടയിൽ, താൻ പകർന്നെടുത്ത തൈരിന് മുകളിൽ കൊതിപ്പിക്കുന്ന മണമുള്ള ചെറുനാരങ്ങാ അച്ചാറിൽ നിന്നുമൊരു കഷ്ണം വച്ചു. താൻ അവളെ വളരെ കൗതുകത്തോടെ ഒന്നു നോക്കി, അപ്പോൾ അവൾ പറഞ്ഞു. “എനിക്കും ഇങ്ങനെ ഉണ്ണുന്നത് വളരെ ഇഷ്ടമാണ്.’ തന്റെ പല ഇഷ്ടങ്ങളും അവളുടേതുകൂടിയാണെന്ന് അന്ന് തിരിച്ചറിഞ്ഞു…. എന്നിട്ടും.


അവളുടെ വീട്ടിൽ ചെന്നുകയറിയപ്പോൾ മൗനം ഭംഞ്ജിച്ചുകൊണ്ട് അവൾ പറഞ്ഞു..
“നവീൻ..ആദ്യം ഒന്നു ഫ്രഷ് ആകൂ, പിന്നെ വിശേഷങ്ങൾ പറയാം.”
അവൾ എന്തിനാണ് ഇങ്ങനെ മൗനം പാലിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. അവളോടൊട്ടു ചോദിച്ചതുമില്ല. അവൾ കാണിച്ചു തന്നമുറിയിൽ കയറി, തിരിഞ്ഞു നോക്കിയപ്പോൾ, അവൾ തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു.
അപരിചിതമായ ആ മുറിയിൽ, എന്തിനാണ് താൻ ഇവിടെ വന്നതെന്ന ചിന്തകളെപ്പോലും ഉപേക്ഷിച്ച്, രണ്ടുദിവസമായി തന്നോടോട്ടിച്ചേർന്നു കിടന്നിരുന്ന തുണികൾ മാറ്റി അയാൾ ബാഗിൽ നിന്നും ഒരു കാവി മുണ്ട് എടുത്ത് ധരിച്ചു, കുളിമുറിയിലേക്ക് കയറി.


സന്ദർശകമുറിയിൽ വന്നിരിക്കുമ്പോൾ ആ വീട്ടിലെ ശൂന്യത നവീൻ ശ്രദ്ധിച്ചു. വിശാലമായ ആ മുറിയിൽ പലയിടങ്ങളിലായി അലങ്കരിച്ചു വച്ചിരിക്കുന്ന സംഗീത ഉപകരണങ്ങൾ.തംബുരുവും മൃദംഗവും സിതാറും പൊടിപിടിക്കാതെ. ഒരു സ്റ്റാൻഡിൽ ഹോം തീയേറ്ററും.. പൊക്കത്തിൽ ഉറപ്പിച്ചിരിക്കുന്ന കബോർഡിൽ ഏതെക്കെയോ സ്വീകരണപരിപാടികളിൽ പങ്കെടുക്കുന്ന രാജശ്രീയുടെ ചിത്രങ്ങൾ. ഡാൻസ് പരിപാടിയുടെ ചിത്രങ്ങൾ….


അയാളിൽ,ഓർമകളിൽ, വിദ്യാഭ്യാസഘട്ടങ്ങളിലെ അവളുടെ നാദ പ്രപഞ്ചങ്ങൾ മിന്നായംപോലെ ഓടിവന്നു കടന്നുപോയി. അസ്സലായി പാടുമായിരുന്നു. നന്നായി ഡാൻസും കളിക്കുമായിരുന്നു. ആരായാലും ഒന്നു നോക്കിപ്പോകുന്ന പ്രകൃതവുമായിരുന്നു. കാണുമ്പോഴൊക്കെയും ഒരു നിറചിരി കണ്ണുകളിലാകെയും മുഖത്തും ചുണ്ടുകളിലും തത്തിക്കളിച്ചിരുന്നു.അവളെ കാണാനായി മാത്രം കലാലയത്തിൽ എന്നും വൈകി എത്തിയിരുന്നു. അവളുടെ ക്ലാസ്സിന്റെ വാതിൽക്കൽ അദ്ധ്യാപകൻ പുറത്തുനിറുത്തിയതുപോലെ പുഞ്ചിരിയുടെ ഒരു നനുത്തകൊമ്പുമായി കത്തുനിൽക്കാറുണ്ടായിരുന്നു.


ക്ലാസുകൾ ഇല്ലാതിരുന്നപ്പോഴും കട്ട് ചെയ്തും വരാന്തകളിലൂടെയും ഇടനാഴികളിലൂടെയും കൂട്ടുകാരുമായി റോന്തുചുറ്റുമ്പോൾ അവൾ കടന്നുവന്നുപോകുമ്പോൾ ആരും കാണാതെ കണ്ണിണകൾ കോർത്തുവലിക്കപ്പെടുമായിരുന്നു.
അന്നൊക്കെ അവൾ അടുത്തുവരുമ്പോൾ ഇവൾ എന്റേതായിരുന്നെങ്കിൽ എന്ന തോന്നലുകളും ഇടയ്ക്കിടെ ഉണ്ടാകുമായിരുന്നു.


പിന്നീടെപ്പോഴോ ജോലിയുമായി അകലങ്ങളിൽ അലഞ്ഞപ്പോഴോ മറ്റോ ആണ് ആ ചിന്തകളെല്ലാം മനസ്സിൽ നിന്ന് അകന്നുപോയത്. വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിൽ സ്വന്തം ജീവിതം മറന്നുപോയി എന്നതൊരു സത്യം മാത്രം.അനിയന്മാരുടെ വിദ്യാഭ്യാസം, പെങ്ങന്മാരുടെ കല്യാണങ്ങൾ, നാട്ടിലെ പുതിയവീട്…അമ്മയുടെ നിത്യവൃത്തിക്കായ് പറമ്പുകൾ…എന്നിവ നേടുന്നതിനിടയിൽ വീട്ടുകാരും തന്റെ ജീവിതത്തെപ്പറ്റി ഓർത്തില്ല എന്നതൊരു മിഥ്യ മാത്രം.


രാജശ്രീയുടെ കാത്തിരിപ്പിനിടയിൽ, അച്ഛനും അമ്മയും അവരുടെ സ്വപ്നങ്ങളും എല്ലാം അനന്തവിഹായസ്സിലേക്ക് അകന്നുപോയി.ബന്ധുക്കളുടെ ചോദ്യോത്തരങ്ങൾക്ക് ചെവി കൊടുക്കാതെ നവീൻ എന്ന ചിന്തകൾ മാത്രമായിരുന്നു ഇതുവരേയ്ക്കും.
വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്നു. ആർക്കാണ് നഷ്ടപ്പെട്ടത്..!
അഭിമുഖമായി ഇരുന്നപ്പോൾ,പരസ്പരവർത്തമാനങ്ങൾക്കിടയിൽ ആരും ആരെയും കുറ്റപ്പെടുത്തിയില്ല എന്നതും ഏറെ ശ്രദ്ധേയമായിരുന്നു. ചിലവർഷങ്ങൾക്കുശേഷം താൻ എവിടെ ആയിരുന്നുവെന്ന് തന്റെ നാട്ടിലും കൂട്ടുകാരോടുമൊക്കെ അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി എവിടെനിന്നും കിട്ടിയില്ല. അതിനാൽ കാത്തിരിപ്പ് തുടർന്നുകൊണ്ടേയിരുന്നു. മറ്റൊരു ജീവിതത്തിനെക്കുറിച്ച് ചിന്തിക്കാനേ ആയില്ലപോലും.


‘ഇന്ന് ഇവിടെ തങ്ങാമോ’
എന്ന അവളുടെ അഭ്യർത്ഥന അനുസരിക്കുകയായിരുന്നു. ഒടുവിൽ കുറച്ചുമുമ്പ് അവളുടെ പൂത്തിരികത്താറുള്ള ആ കണ്ണുകളിൽ ഉരുണ്ടുകൂടിയ നീർമണിമുത്തുകൾ കണ്ടപ്പോൾ ആദ്യമായി നവീന് തന്നോടുതന്നെ ഒരു പുശ്ചo തോന്നി.
ആദ്യമായും അവസാനമായും.
അപ്പോൾ ഒരു തണുത്തകാറ്റ് അവിടെ വീശി തിമിർക്കുന്നുണ്ടായിരുന്നു. ആകാശനിലാവിൽ ആയിരം കാന്താരികളും കൺചിമ്മുന്നുണ്ടായിരുന്നു. തോണിപോലുള്ള ചന്ദ്രൻ മട്ടുപ്പാവിന്റെ ഉച്ചിയിൽ എത്തിയിരുന്നു.
-ശുഭം-

By ivayana