രചന : അഫ്സൽ ബഷീർ തൃക്കോമല ✍

സർവ്വ കലാ വല്ലഭനായ ഗുരു ദേവ് രബീന്ദ്ര നാഥ ടാഗോർ കൊൽക്കത്തയിലെ സമ്പന്ന കുടുംബമായ ജോറസങ്കോയിൽ 1861 മെയ് 7നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമൂന്നാമനായി പിറന്നു.അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ കലാകാര ദിനമായി അറിയപ്പെടുന്നത്.
ചെറുപ്പത്തിൽ തന്നെ ‘അമ്മ നഷ്ടപെട്ട അദ്ദേഹം ബാല്യകാലത്തു പരിചാരകരുടെ സംരക്ഷണത്തിലാണ് വളർന്നത്. സഹോദരങ്ങളിൽ ദ്വിജേന്ദ്രനാഥ് കവിയും തത്ത്വചിന്തകനും ജ്യോതീന്ദ്രനാഥ് സംഗീതജ്ഞനും സത്യേന്ദ്രനാഥ് ബ്രിട്ടീഷ് ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോസ്ഥനും ആയിരുന്നു. സഹോദരി സ്വർണ്ണകുമാരി നോവലിസ്റ്റായിരുന്നു. വീടിന്റെ അടുത്തുള്ള വിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി കഴിഞ്ഞു പതിനൊന്നാം വയസ്സിൽ ഉപനയനത്തിനുശേഷം പിതാവിനോടൊപ്പം നീണ്ട ഭാരത പര്യടനത്തിന്‌ തിരിച്ചു. മുൻപേ തന്നെ ഗുരുകുല വിദ്യാഭ്യാസമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.


ഏഴാംവയസിൽ ആദ്യ കവിതയെഴുതിയ അദ്ദേഹം പതിനേഴാമത്തെ വയസിൽ ആദ്യ കവിതാസമാഹാരമായ “കവി കാഹിനി “പ്രസിദ്ധപ്പെടുത്തി .പിന്നീട് ഉറക്കമുണർന്ന വെള്ളച്ചാട്ടം“ എന്ന .കവിത ഉൾപ്പെടുന്ന“സന്ധ്യ സംഗീത്‌“എന്ന കവിതാ സമാഹാരവും പുറത്തിറക്കി. 1883 ഡിസംബർ 9-ൽ ടാഗോർ മൃണാളിനീ ദേവിയെ വിവാഹം കഴിച്ചു. പിന്നീട് ആദ്യത്തെ ചെറുകഥയായ “ഭിഖാറിണി“ (ഭിക്ഷക്കാരി) എഴുതിയത് നാടകത്തോടുള്ള അദ്ദേഹത്തിന്റെ താല്പര്യമാണ് ഇരുപതാം വയസ്സിൽ “വാല്മീകി പ്രതിഭ”. എന്ന നാടകം എഴുതിയത്. തന്റെ നാടകങ്ങളിൽ പരമ്പരാഗത കീർത്തനങ്ങളുടെ ശൈലിയും ഇംഗ്ലിഷ്‌ ഐറിഷ്‌ നാടോടി ഗാന ശൈലികളും ലയിപ്പിച്ചു.തുടർന്ന്
ഢാക്‌ ഘർ,വിസർജ്ജൻ (ബലി),ചണ്ഡാലിക,രക്തകറവി(അരളി),ചിത്രാംഗധ,രാജ,മയർ,ഖേല തുടങ്ങിയ വിഖ്യാത നാടകങ്ങളുടെ രചന നടത്തി .
1891-മുതൽ 1895 വരെ ടാഗോറിന്റെ “സാധന” കാലഘട്ടം എന്നാണ്‌ അറിയപ്പെടുന്നത് .ഇത്‌ മൂന്നു വാല്യങ്ങളിലായി വിരോധാഭാസവും വികാരാധിക്യവും നിറഞ്ഞ എൺപത്തിനാലു കഥകളടങ്ങിയ “ഗൽപ്പഗുച്ച്‌ഛ” യുടെ ഭൂരി ഭാഗവും എഴുതിയത് ഈ കാലത്താണ്‌. ഗ്രാമീണ ബംഗാളി ജീവിതങ്ങളുടെ നേർ കാഴ്ചയാണിതിൽ വിവരിച്ചിരിക്കുന്നത് .ഏഷ്യയിൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ആദ്യം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു . മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തിമുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ,കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്യ സംഭാവനകൾ നിരവധിയാണ് .

                  ചതുരംഗ, ഷെഷർ കോബിത, ചാർ ഒധ്യായ്‌, നൗകാ ഡൂബി,ഘൊറേ ബായിരേ (വീടും ലോകവും),ഗോറ (വെളുമ്പൻ),യോഗയോഗ്‌(ബന്ധം) 

തുടങ്ങിയ നോവലുകളും .,ഭാരതീയമായ ദാർശനികതയുടെ മൂർത്തി ഭാവമായ വിഖ്യാത കൃതിയായ ” ഗീതാഞ്ജലി”ക്കു പുറമേ ഗീതിമാല്യ, സന്ധ്യാ സംഗീത്, പ്രഭാത സംഗീത്, ക്രുഡി ഓകോമൾ, മാനസി, നൈവേദ്യ കാവ്യ സമാഹാരങ്ങളും ,ജീവൻസ്മൃതി(സ്മരണ കുറിപ്പുകൾ)* ഛേലേബേല(എന്റെ കുട്ടിക്കാലം)എന്നിവ അദ്ദേഹത്തിന്റെ ആത്മ കഥകളുമാണ് .
അദ്ദേഹത്തിന്റെ സംഗീത ശാഖയെ “രബീന്ദ്ര സംഗീതം” എന്നാണ് വിശേഷിപ്പിക്കുന്നത്.


നാടകനടനും ഗായകനും കവിയും സാഹിത്യകാരനും സാമൂഹിക പരിഷ്കര്താവും മാത്രമായിരുന്നില്ല അദ്ദേഹം .68-ആം വയസ്സിൽ വിനോദത്തിനു വേണ്ടിചിത്ര രചന ആരംഭിച്ചു മൂവായിരത്തോളം ചിത്രങ്ങൾ വരച്ചിട്ടുണ്ട് .”വാല്മീകി പ്രതിമ” എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്.ഗാന്ധിജിയുടെ പല നിലപാടുകളോടും വിയോജിച്ചിരുന്ന അദ്ദേഹമാണ് “മഹാത്മാ “എന്ന വിശേഷണം ഗാന്ധിജിക്കു നൽകിയത്.”ഗ്രേറ്റ് സെന്റിനൽ” എന്നും “ഗുരുദേവ് “എന്നുമാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത് .


ഇൻഡ്യയിലെ ഗ്രാമങ്ങളിലെ നിസ്സഹായതയും അജ്ഞതയും അകറ്റുന്നതിനായി “വിജ്ഞാനത്തെ സജീവമാക്കുന്നതിന്” പല രാജ്യങ്ങളിൽ നിന്നും പണ്ഡിതരെ വരുത്തി ജനങ്ങൾക്കിടയിൽ അറിവ് പകരാൻ മുൻ കൈയെടുത്തു കൊണ്ടാണ് അദ്ദേഹം പ്രതിഷേധത്തിലൂന്നിയ സ്വരാജ്‌ മുന്നേറ്റത്തെ തള്ളിപ്പറഞ്ഞത്. സ്വാതന്ത്ര്യ സമര ഘട്ടത്തിലെ അസാധാരണമായ ജാതി ബോധവും തൊട്ടുകൂടായ്മയും ടാഗോറിനെ അസ്വസ്ഥനാക്കി. അതിനെതിരായി പ്രഭാഷണ പരമ്പരകളും, ദളിതരെ മുഖ്യ കഥാപാത്രങ്ങളാകുന്ന നാടകങ്ങളും കവിതകളും രചിച്ചു. ജാതി വ്യവസ്ഥ തീവ്രമായിരുന്ന കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദളിതരെ പ്രവേശിപ്പിക്കണമെന്ന് ദേശീയ തലത്തിൽ ആദ്യം ആവശ്യപ്പെട്ടത് അദ്ദേഹമായിരുന്നു. ജാലിയൻ വാല ബാഗ് കൂട്ട കൊലയിൽ പ്രതിഷേധിച്ചു ബ്രിടീഷ് സർക്കാർ നൽകിയ നൈറ്റ് ഹുഡ് പദവി തിരികെ നൽകി .ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രഥമ സ്ഥാനീയനാണ് അദ്ദേഹം . “മറഞ്ഞുപോയ സൂര്യനെയോർത്താണു നിങ്ങൾ കണ്ണീരു പൊഴിക്കുന്നതെങ്കിൽ നക്ഷത്രങ്ങളെ നിങ്ങൾ കാണുന്നുമില്ല”എന്നത് പോലെയുള്ള തത്വ ശാസ്ത്ര സമീപനങ്ങളും .
“കരിനിലമുഴുമാ കർഷകനോടും
വർഷം മുഴുവൻ വഴി നന്നാക്കാൻ
പെരിയ കരിങ്കൽ പാറ നുറുക്കി
ഒരുക്കും പണിയാളരൊടും
എരിവെയിലത്തും പെരു മഴയത്തും
ചേർന്നമരുന്നു ദൈവം.”എന്ന
കവിതയിൽ യഥാർത്ഥ ഭക്തിയെന്തെന്നു വിവരിക്കുന്നുണ്ട് .


“ദൈവത്തിനിനിയും മനുഷ്യനെ മടുത്തിട്ടില്ലെന്ന സന്ദേശവുമായിട്ടത്രേ, ഓരോ ശിശുവും ഭൂമിയിലെത്തുന്നു”.”വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക, എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക.”
.”പുകയാകാശത്തോടു വീമ്പടിക്കുന്നു, ചാരം മണ്ണിനോടും, തീയ്ക്കുടപ്പിറന്നോരാണു തങ്ങളെന്ന്” തുടങ്ങിയ എക്കാലത്തും കാര്യമാത്ര പ്രസക്തമായ നിരവധി ചൊല്ലുകൾ അദ്ദേഹത്തിന്റേതായുണ്ട് .
നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം 1941 ഓഗസ്റ്റ്‌ 7-ന് ജൊറസങ്കോവിൽ വച്ച്‌ വിടപറഞ്ഞു .


നമ്മുടെ ദേശീയ ഗാനമായ ജനഗണമന …അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിലൊന്നാണ്. അങ്ങനെ നോക്കുമ്പോൾ ഓരോ ഭാരതീയനും കടപ്പെട്ടിരിക്കുന്നു ആ മഹാത്മാവിനോട് .
കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവർക്കും കലാകാരന്മാർക്കും മാർഗ്ഗ ദർശിയായ
അനശ്വരനായ ടാഗോർ ഇന്ത്യയുടെ
അമൂല്യ നിധിയാണ് ..

അഫ്സൽ ബഷീർ

By ivayana