രചന : തോമസ് കാവാലം ✍

വിടവാങ്ങേണ്ടവൻ നീയായിരുന്നോ
നീ കടമായതിന്നാർക്കുവേണ്ടി?
പറയാൻ മറന്നൊരു കഥപറയാൻ നീ
പറന്നു വരുമോ വീണ്ടും, സഖേ ?.

നിൻ പൊൻ വാക്കുകൾ ചടുലമാകുമ്പോൾ
എൻ മനം കൊതിപ്പൂ കേട്ടിരിക്കാൻ
എൻ ഹൃദയത്തിന്റെയടഞ്ഞ വാതി-
ലെന്നും തുറന്നു ഞാൻ കാത്തിരിപ്പൂ.

ഒന്നിച്ചിരുന്നു നാം മെനഞ്ഞതില്ലേ
ജീവിത ഗന്ധിയാം കഥകളെത്ര?
ഒന്നിച്ചു സ്നേഹത്തിൽ ഭുജിച്ചതില്ലേ
രുചിയുടെ കലവറ തുറന്നതില്ലേ?

ചമഞ്ഞു കിടന്നു നീയജ്ഞനെപ്പോൽ
ചാറ്റലിൻതോളിൽ ചാ,ഞ്ഞിലപോൽ
വിളിക്കുന്നെന്നുള്ളം തുയിലുണർത്തി
വരില്ല നീ വരില്ലയെന്നറിയുമ്പോഴും.

മിഴിയെറിഞ്ഞു ഞാൻ പലവിധേന
മഴകാക്കും പക്ഷിപോൽ നിന്നെമാത്രം
വരാതിരിക്കില്ല നീയെന്നു ചൊല്ലി, നിൻ
വഴികളിൽ നടന്നു താപസി ഞാൻ.

നീയെന്തേ തിരിച്ചു വരാത്തൂ ,സഖേ!
നീ ചെന്നിടം അതിസുന്ദരമായതോ?
മുറ്റും അല്ലലാൽഭൂമി നിറഞ്ഞതോ
മാനുഷ്യർ നിന്നെ മറന്നതാകുമോ ?

ഗതകാലയോർമ്മയാമെൻ ഗർഭപാത്രം
നിന്നെവളർത്തുന്നു ജോണേ!യെന്നും
മഴനീർ പൊഴിയുവാൻ കാത്തിരിക്കും
വേഴാമ്പൽ പോലെ ദാഹാർത്തയായ് .

മനസ്സിൽ നൊമ്പരത്തമസ്സു നിറച്ചു നീ
മഹസ്സ്കൊണ്ട് നീ നിറച്ചെൻ ഹൃദയം
ഉഷസ്സിലുദിച്ച താരപോൽ മാഞ്ഞു നീ
മറ്റൊരു തേജസ്സായാകും നിന്നുദയം .

തോമസ് കാവാലം

By ivayana