രചന : മോഹൻദാസ് എവർഷൈൻ.✍
ഇന്നലെ നമ്മളൊന്നായി
ഘോഷിച്ചതെല്ലാം
ഇന്നാരോ എന്റേതും,
നിന്റേതുമാക്കിയില്ലേ?
നമ്മളെന്ന വാക്കും
പ്രാണനായി പിടയവെ,
ഞാനും നീയുമന്യരായി
ചോര കുടിക്കുന്നു.
നമ്മളിന്ന് കണ്ടാൽ
ചിരിക്കാത്ത കൂട്ടരായ്
ഒന്നായിന്നലെ
നടന്നവഴികളൊക്കെയും മറന്നു.
അയലത്തടുപ്പിലെ തീ കടം
വാങ്ങികൊളുത്തിയ
വെളിച്ചവുമാരോ ഊതികെടുത്തി.
അങ്കം കുറിക്കുവാനിരു കൂട്ടരായ്
ആയുധം തിരയുന്നു നമ്മൾ.
നമ്മൾ ഭിന്നിച്ച് നില്കുന്ന
നേരത്തും
മദ്യത്തിനായി ഒന്നിച്ച് നില്കുവാൻ
മടിയേതുമില്ലാത്തകാലം,
കലികാലം.
കണ്ണിലെ ചോരയുമൂറ്റി
കുടിച്ചട്ട കണ്ണീര് മാത്രം
ബാക്കിയാക്കി.
കണ്ടാലറിയാത്ത
നമ്മളൊരുനാൾ
കൊണ്ടാലറിയുമെന്നാരോ
ഉച്ചത്തിൽ ചൊല്ലുന്നു.