രചന : ശിവൻ മണ്ണയം✍

ആന്ധ്രയിലെ ഒരു ഗ്രാമം.കൃഷിക്കാരും അവരുടെ തൊഴിലാളികളും മാത്രമുള്ള ഒരിടം. അവിടെ ഒരമ്മക്ക് നീണ്ട നാളത്തെ പ്രാർത്ഥനക്ക് ശേഷം ഒരു മകളുണ്ടായി. അച്ഛനും അമ്മയും അവളുടെ വരവ് സ്വർഗ്ഗീയമായ സന്തോഷം പകർന്നു നല്കി. കാത്തിരുന്ന് പെയ്ത ഒരു മഴ അവർക്കൊരു വിട പറയാത്ത വസന്തം സമ്മാനിച്ചിരിക്കുന്നു. അവർ ആനന്ദം കൊണ്ട് ആകാശത്തേക്കുയർന്നു…


സീത എന്നവൾക്കവർ പേരിട്ടു. അച്ഛനും അമ്മയും കണ്ണിലെ കൃഷ്ണമണി പോലെയാണ് അവളെ നോക്കിയത്. വിവാഹം കഴിഞ്ഞ് നീണ്ട പതിനഞ്ച് വർഷത്തിന് ശേഷം വന്നവളാണ്, അവളെ സ്നേഹിക്കാതിരിക്കാൻ കഴിയുമോ?
അവൾ അച്ഛന്റെയും ,അമ്മയെയുടെയും രാജകുമാരിയായി വളർന്നു.അച്ഛനും അമ്മയും അവളെ സ്നേഹിക്കാൻ മത്സരിച്ചു. കൊടുത്ത ചുംബനങ്ങളും വാങ്ങിയ കളിപ്പാട്ടങ്ങളും കൊണ്ട്, അവളുടെ കൊച്ച് മുറി ആ മാതാപിതാക്കൾ നിറച്ചു .സ്നേഹിച്ച് മാതാപിതാക്കൾക്കോ, സ്നേഹിക്കപ്പെട്ട് അവൾക്കോ മതിവരാതിരുന്ന ആ കാലത്താണ് ദൗർഭാഗ്യം ആ വീട്ടിലേക്ക് തീമഴയായി പെയ്തിറങ്ങിയത്..


ഒരു ദിവസം സീതയുടെ അച്ഛൻ ജോലി കഴിഞ്ഞ് വരും വഴി,ഒരു ഭിക്ഷക്കാരിയെയും കൂട്ടി വീട്ടിൽ വന്നു. വഴിയിൽ വച്ച് കണ്ടതാണവരെ ,ദയ തോന്നി വീട്ടിലേക്ക് കൊണ്ട് വന്നതാണ്.അയാൾ ,സീതയുടെ അമ്മയോട് ,അവർക്ക് ആഹാരം കൊടുക്കാൻ പറഞ്ഞു.സീതയുടെ അമ്മ ആ ഭിക്ഷക്കാരിക്ക് ആഹാരം കൊടുത്ത ശേഷം ധൃതിയിൽ പശുവിനെ തീറ്റാൻ പോയി. ജോലി ചെയ്ത് തളർന്ന ക്ഷീണത്താലാകാം സീതയുടെ അച്ഛൻ ഉറക്കവുമായി .കൊച്ചു സീത ഒറ്റക്ക് വരാന്തയിൽ, അവളാ ഭിക്ഷക്കാരി ആഹാരം കഴിക്കുന്നത് കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു …


കുറച്ച് സമയം കഴിഞ്ഞ് പശുവിനെ തീറ്റാൻ പോയ അമ്മ തിരികെ വന്നു. അപ്പോൾ അവിടെ കണ്ട കാഴ്ച … അവൾ ഹൃദയം പൊട്ടി നിലവിളിച്ചു… കൊച്ചു സീതയെ കാണാനില്ല.. ഒപ്പം ആ ഭിക്ഷക്കാരിയെയും…


നിലവിളികളോടെ സാധുക്കളായ ആ മാതാപിതാക്കൾ ഗ്രാമമാകെ ഓടി നടന്നു. ആരുടെയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു അത്. ഗ്രാമീണരും അവരോടൊപ്പം കൂടി .ആ ഗ്രാമത്തിന്റെ മുക്കും മൂലയും അവർ അരിച്ചുപെറുക്കി. പക്ഷേ ആ ഭിക്ഷക്കാരിയെയോ കൊച്ചു സീതയെയോ കാണാൻ കഴിഞ്ഞില്ല.


തികച്ചും അജ്ഞാതമായ ഒരന്ധകാരത്തിലേക്ക് കൊച്ചു സീതയെയും കൊണ്ട് ആ നശിച്ച യാചകസ്ത്രീ പോയിരിക്കുന്നു.
സീതയുടെ അമ്മ .. ആപാവം സ്ത്രീയുടെ മാനസിക നില തകർന്നു പോയി. എപ്പോഴും കരച്ചിൽ തന്നെ … ഇടക്ക് മോളേ എന്ന് വിളിച്ചു കൊണ്ട് എഴുന്നേറ്റ് ഓടും… ചിലപ്പോൾ തല ചുമരിലിട്ട് ഇടിക്കും, തല മുറിഞ്ഞ് രക്തം വരും… സീതയുടെ അച്ഛൻ ഉറങ്ങാതെ ഭാര്യക്ക് കാവലിരുന്നു …
പോലീസിൽ പരാതി കൊടുത്തിരുന്നു. പക്ഷേ മാനസികനില തെറ്റിയ ഭാര്യയുടെ അടുത്ത് നിന്നും മാറാൻ കഴിയാത്തതുകൊണ്ട് സീതയുടെ അച്ഛന് ആ പരാതിക്ക് പിറകെ നടക്കാൻ കഴിഞ്ഞില്ല. നിരക്ഷരനായ ആ സാധാരണക്കാരന് മകളെ കണ്ടെത്താൻ എന്താണ് ചെയ്യേണ്ടത് എന്ന അറിവും ഉണ്ടായിരുന്നില്ല.

അയാൾക്കറിയാവുന്ന, പരിചയമുണ്ടായിരുന്ന ഒരേയൊരു അധികാരി, സാക്ഷാൽ ദൈവമായിരുന്നു. ആ അധികാരി പക്ഷേ അയാളുടെ നേരെ കണ്ണടച്ചു കളഞ്ഞു. കുറേനാൾ കഴിഞ്ഞ് സീതയുടെ അമ്മ ട്രെയിനിനു മുന്നിൽ ചാടി ജീവത്യാഗം ചെയ്തു. ആരും ചർച്ച ചെയ്തില്ല അക്കാര്യം. സാധുക്കളുടെ ജീവന് വാർത്താപ്രാധാന്യമില്ലല്ലോ.
വർഷങ്ങൾ കഴിഞ്ഞ് മുംബെയിലെ ചില സന്നദ്ധ പ്രവർത്തകർ ഭിക്ഷക്കാരുടെ കൈയിൽ നിന്ന് ഒരു കുഞ്ഞിനെ മോചിപ്പിച്ചു. അവൾ അന്ധയാക്കപ്പെട്ടിരുന്നു. അവളുടെ മുഖം വികൃതമാക്കപ്പെട്ടിരുന്നു. മോചിപ്പിച്ചവർ ആ കുട്ടിയോട് പേര് ചോദിച്ചു. അവൾ പറഞ്ഞു, സീത…!


മനുഷ്യർ മനുഷ്യരെ തട്ടിയെടുക്കുന്നു, കന്നുകാലികളെപ്പോലെ വില്ക്കുന്നു, അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നു. കൊച്ചു സീതയെപ്പോലെ എത്രയെത്ര ബാല്യങ്ങൾ… ഇൻഡ്യയിൽ ഒരു വർഷം ആയിരക്കണക്കിന് കുട്ടികളെയാണ് കാണാതാവുന്നത്. അവരിൽ ചെറിയ ഒരു ശതമാനത്തെ മാത്രമേ സ്വന്തം മാതാപിതാക്കൾക്ക് തിരികെ ലഭിക്കുന്നുള്ളൂ. ബാക്കിയുള്ള കുഞ്ഞുങ്ങളെ ഭിക്ഷാടന മാഫിയ അടിമകളാക്കി ഭിക്ഷയെടുപ്പിക്കുന്നു. വൃത്തിഹീനമായ തെരുവുകളിൽ അവർ ഇഴഞ്ഞു നടക്കുന്നു… അവർ നരകിക്കുന്നു… മനുഷ്യരായി ജനിച്ച് മൃഗങ്ങളായി ജീവിക്കുന്നു .. ഹാ കഷ്ടം! മനുഷ്യർ എത്ര ക്രൂരൻമാരാണ്!


പാവം കൊച്ചു സീത.. തന്റെ അമ്മ മരിച്ചതൊന്നും അവൾ അറിഞ്ഞില്ല .ക്രൂര പീഠകളുടെ ശാപകാലത്ത് അന്ധകാരം കുത്തിനിറക്കപ്പെട്ട അവളുടെ കണ്ണുകളിൽ ,ആ അമ്മയുടെ വാത്സല്യപുഞ്ചിരി ഒരു പ്രകാശമായി നിറഞ്ഞ് നിന്നിരിക്കണം… കഷ്ടകാലങ്ങളെ പ്രതീക്ഷാനിർഭരമാക്കി കടന്നുവരുന്ന സ്വപ്നങ്ങളിൽ ആ അമ്മ മാത്രമായിരിക്കണം ..


സീതയെ രക്ഷിച്ച കാരുണ്യ പ്രവർത്തകർ പോലീസിന്റെ സഹായത്തോടെ അവളുടെ വീട്ടിലെത്തിച്ചു. മകളെ കാണാൻ അത്യുത്സാഹത്തോടെ ഓടി വന്ന പിതാവ് പക്ഷേ, മകളുടെ രൂപം കണ്ട് വിറങ്ങലിച്ചു നിന്നു പോയി. രാജകുമാരിയെപ്പോലെ തങ്ങൾ വളർത്തിയ മകൾ ഇപ്പോൾ … വികൃതമാക്കപ്പെട്ട മുഖവും നിർജീവമായ കണ്ണുകളും… തങ്ങളുടെ അശ്രദ്ധയാണല്ലോ തൻ്റെയീ പൊന്നോമനക്ക് ഈ അവസ്ഥ വരുത്തിയ തെന്ന ചോദ്യം ഉള്ളിൽ നിന്നുയർന്നപ്പോൾ അയാൾ തളർന്നു പോയി . ഹൃദയം നിലച്ചുപോകുന്ന പോലെ അയാൾക്ക് തോന്നി. അയാൾ കുഴഞ്ഞ് തറയിലേക്ക് വീണു, പിന്നെ ആ പിതാവ് എഴുന്നേറ്റില്ല …


നടക്കാൻ കഴിയാത്ത വിധം, ഒന്നും കാണാൻ കഴിയാത്ത വിധം വിരുപയാക്കപ്പെട്ട മകളെ കൺമുന്നിൽ കണ്ടാൽ ഏതച്ഛനാണ് പിടിച്ചുനില്ക്കാൻ കഴിയുക?കഷ്ടം! കുറച്ചു പണത്തിനു വേണ്ടി ഒരു ഭിക്ഷക്കാരിചെയ്ത പ്രവർത്തി ഒരു കുടുംബത്തെ തകർത്ത് നശിപ്പിച്ചു കളഞ്ഞു.


എഴുന്നേറ്റ് ഇരിക്കാൻ പോലും വയ്യാത്ത വിധം ശരീരം തളർന്നു പോയ ആ പിതാവിനെയും അന്ധയായ ആ മകളെയും സർക്കാരിൻ്റെ സംരക്ഷണയിലായി. അത് ജനാധിപത്യത്തിൻ്റെ നല്ല വശം. പക്ഷേഇനിയവരെ സംരക്ഷിച്ചിട്ടെന്തിനാ?ജീവച്ഛവങ്ങളായ ആ പാവങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടില്ലേ?സർക്കാർ ഇത്തരംഭിക്ഷാടന മാഫിയകളെ അടിച്ചമർത്തിയിരുന്നെങ്കിൽ സീതക്ക് ഈ അവസ്ഥ വരുമായിരുന്നില്ല.
ഇനി ഒരു ചോദ്യം: സീത ക്ക് സംഭവിച്ച ദുരവസ്ഥക്ക് ആരാണ് ഏറ്റവും വലിയ കുറ്റക്കാർ.ഭിക്ഷാടന മാഫിയയോ? അതോ ഭിക്ഷാടന മാഫിയയെ കയറൂരി വിട്ട സർക്കാരോ? പരാതി കിട്ടിയിട്ടും സീതയെ കണ്ടെത്താൻ കഴിയാത്ത പോലീസോ ? സീതയെ തട്ടിയെടുത്ത ഭിക്ഷക്കാരിയോ? അതോ ശ്രദ്ധയില്ലാതെ പെരുമാറിയ സീതയുടെ മാതാപിതാക്കളോ?


സംശയമില്ലാതെ പറയാം, സീതയുടെ മാതാപിതാക്കളാണ് ഒന്നാമത്തെ കുറ്റക്കാർ. തങ്ങളുടെ കുഞ്ഞിനെ സംരക്ഷിക്കേണ്ട ചുമതല സകല ജീവിവർഗ്ഗങ്ങളും സ്വന്തം ജീവൻ ബലിയർപ്പിച്ചും നിർവഹിച്ചു പോരുന്നുണ്ട്. കുഞ്ഞ് വളർന്ന് വലുതാവും വരെ എത് നേരവും മാതാപിതാക്കൾ അടുത്തു തന്നെ വേണം. കൊത്തിയെടുത്ത് പറക്കാൻ മരക്കൊമ്പുകളിൽ കഴുകൻമാർ കാത്തിരിപ്പുണ്ട് എന്ന ബോധവും ജാഗ്രതയും എപ്പോഴുമുണ്ടാകണം. സീതയുടെ മാതാപിതാക്കളുടെ ഭാഗത്ത് നിന്നും അങ്ങനെയൊന്നുണ്ടായില്ല…


അപരിചിതയായ ഒരു സ്ത്രീയെ വീട്ടിൽ കൊണ്ടുവന്നിട്ട് സീതയുടെ പിതാവ് കിടന്നുറങ്ങി. അമ്മയാകട്ടെ ആ അപരിചിതയായ സ്ത്രീയുടെ അടുത്ത് കുഞ്ഞിനെ തനിച്ചാക്കി പശുവിനെ തീറ്റാൻ പോയി. ന്യായീകരിക്കാനാവാത്ത അശ്രദ്ധ. പ്രിയപ്പെട്ട മാതാപിതാക്കളേ, കുഞ്ഞുങ്ങളെ അപരിചിതരിൽ നിന്നകറ്റി നിർത്തുക, അവരെ എപ്പോഴും സ്വന്തം കൺവെട്ടത്ത് തന്നെ നിർത്തുക. അവർ കൊച്ചു കുഞ്ഞുങ്ങളാണ്, അവർക്ക് എപ്പോഴും നിങ്ങളുടെ കരുതലും സംരക്ഷണവും വേണം.

നിങ്ങളുത്തില്ലാത്തപ്പോൾ കുഞ്ഞുങ്ങൾ കരഞ്ഞ് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നത് കണ്ടിട്ടില്ലേ, അവർക്കറിയാം തങ്ങൾ എപ്പോൾ വേണോ ആക്രമിക്കപ്പെട്ടേക്കാം, ശത്രുക്കളെ എതിരിടാനോ പ്രതിരോധിക്കാനോ തങ്ങൾ അശക്തരാണ്, തങ്ങൾക്ക് എപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധ വേണം… പക്ഷേ എന്തുകൊണ്ട് നിങ്ങളാകരച്ചിലിനെ അവഗണിക്കുന്നു…?


കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതിനു ശേഷം കരഞ്ഞ് നിലവിളിച്ചിട്ട് ഒരു കാര്യവുമില്ല. ഇനിയെങ്കിലും മാതാപിതാക്കൾ സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തിൽ ജാഗരൂഗരായിരിക്കുമെന്ന് ആശിക്കാം.
അതെ, ഇനിയൊരു കുഞ്ഞും തെരുവുകളിലേക്ക് എത്തപ്പെടാതിരിക്കട്ടെ…

ശിവൻ മണ്ണയം

By ivayana