രചന : രവീന്ദ്രനാഥ് സി ആർ ✍️
വൈകീട്ട് ഓഫിസിൽ നിന്ന് ഇറങ്ങി വർഗീസ് കാറിൽ കയറി.. ചന് പിനാ മഴ ചാറുന്നു… ഇന്ന് വീടെത്തും വരെ മനസ്സിൽ പല പല കണക്കുകൂട്ടലുകൾ ഉണ്ടാകും.. കാരണം ഇന്നു ശമ്പളം ക്രെഡിറ്റ് ആയ ദിവസമാണ്.. അത് വിനിയോഗിക്കേണ്ടതിനെ പറ്റി തിരിച്ചും മറിച്ചും ആലോചിക്കും… കാരണം എല്ലാം അത്യാവശ്യങ്ങളാണ്. ചെറിയ ഒരു തുകയേ മിച്ചം ഉണ്ടാകു.. ഇത്തവണ ഒരു വാട്ടർ ഹീറ്റർ വാങ്ങാം.. എത്രയോ മാസങ്ങളായുള്ള ആഗ്രഹം.. വയസ്സ് അമ്പത് ആയി.. ചൂട് വെള്ളത്തിൽ കുളി ഒരു ശീലമാക്കേണ്ട സമയമായി.. ഇത്തരം ചിന്തകളാൽ വളരെ പതുക്കെ ആണ് കാർ ഓടിയിരുന്നത്..
മഴ കട്ടി കൂടുന്നു.. അപ്പോൾ മുന്നിൽ കുറച്ച് അകലെ ഒരു വൃദ്ധൻ പതിയെ റോഡ് മുറിച്ചു കടക്കുന്നു.. വർഗ്ഗീസ് കാർ പിന്നെയും പതുക്കെ ആക്കി.. പിന്നിൽ നിന്നും ചീറി പാഞ്ഞുവന്ന മറ്റൊരു കാർ വർഗ്ഗീസിന്റെ കാറിനെ മറികടന്നു.. വൃദ്ധനെ ഇടിച്ചിട്ടു നിർത്താതെ പോയി.. വൃദ്ധൻ തലയടിച്ചു നിലത്തു വീണു. തല പൊട്ടി ചോര ചീറ്റി.. വർഗ്ഗീസ് കാർ നിർത്തി ഇറങ്ങി.. മഴ കനം വച്ചതിനാൽ അടുത്തെങ്ങും ആരുമില്ല.. അപ്പുറത്തെ കടയിൽ കാഴ്ചക്കാരായി ആരൊക്കെയോ ഉണ്ട്.. മഴകാരണം ആരും വന്നില്ല.. അപ്പോഴേക്കും വേറെ വാഹനങ്ങൾ നിർത്തി.. ആരൊക്കെയോ ഇറങ്ങി.. വർഗ്ഗീസിന്റെ കാർ തട്ടിയതാണെന്ന് എല്ലാരും കരുതി.. ആരൊക്കെയോ പിടിച്ചു വൃദ്ധനെ വർഗ്ഗീസിന്റെ കാറിൽ കയറ്റി.. അടുത്തുള്ള ഹോസ്പിറ്റലിൽ വൃദ്ധനെ അഡ്മിറ്റ് ചെയ്തു. എക്സ് റെ, സ്കാനിങ് എല്ലാം ചെയ്തു.
അപകടം ആയതിനാൽ ആശുപത്രിയിൽ നിന്നും പോലീസിൽ അറിയിച്ചു. പോലിസ് വന്നു. വർഗ്ഗീസിന്റ വാഹനം ഇടിച്ചെന്നാണ് ആസ്പത്രി ജീവനക്കാർ അറിയിച്ചത്.. എസ്. ഐ വർഗ്ഗീസിനെ ഡോകടറുടെ മുറിയിലേക്കു വിളിപ്പിച്ചു. കരുതിക്കൂട്ടിയല്ലാത്ത നരഹത്യാ ശ്രമത്തിനും, അശ്രദ്ധമായി വാഹനം ഓടിച്ചതിനും കേസ്സ് ചാർജ്ജ് ചെയ്യുന്നു എന്നു കേട്ട് വർഗ്ഗീസ് ഞെട്ടി. ഞാനല്ല.. എന്റെ കാർ അല്ല ഇടിച്ചതെന്ന് വർഗ്ഗീസ് തറപ്പിച്ചു പറഞ്ഞു.. സാക്ഷിയുണ്ടോ എന്ന എസ്.ഐ യുടെ ചോദ്യത്തിന് മുന്നിൽ വർഗ്ഗീസ് മൗനിയായി. ദൈവം സാക്ഷിയാണെന്ന് അയാളുടെ മനസ്സു പറഞ്ഞു. എഫ്.ഐ.ആർ തയ്യാറാക്കുന്നതിനു വേണ്ടി സംഭവം നടന്ന സ്ഥലം ചോദിച്ചു..
ഗേൾസ് ഹൈസ്‌കൂളിന് സമീപം ആണെന്ന് പറഞ്ഞപ്പോൾ എസ്. ഐ അന്ന് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലിസുകാരനെ വിളിച്ചു. മഴ കാരണം അയാൾ ഒരു കടയിൽ നിൽക്കുക ആയിരുന്നു എന്നും വൃദ്ധനെ ഇടിച്ച കാർ നിർത്താതെ പോയെന്നും പിന്നാലെ വന്ന കാറിൽ ആണ് വൃദ്ധനെ കൊണ്ടു പോയതെന്നും ആ പോലീസുകാരൻ പറഞ്ഞു. കുട മേടിച്ചു അയാൾ എത്തിയപ്പോഴേക്കും പിന്നാലെ വന്ന കാറിൽ ആ വൃദ്ധനെ കയറ്റി പോയി എന്നും ആ പോലീസുകാരൻ പറഞ്ഞു. അതോടെ വർഗ്ഗീസിനെ എസ്. ഐ ഒഴിവാക്കി.. എല്ലാറ്റിനും ദൈവം സാക്ഷി.. കർത്താവ് ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.. ആമേൻ… വർഗ്ഗീസ് മനസ്സിൽ പറഞ്ഞു.
സ്കാൻ റിപ്പോർട്ട് വന്നു. വൃദ്ധനു കാര്യമായി കുഴപ്പം ഒന്നുമില്ല. മുറിവു ഡ്രസ്സ് ചെയ്ത് അയാളെ ഡിസ്ചാർജ്ജ് ചെയ്തു. ഒരു ഓട്ടോയിൽ അയാളെ കയറ്റി വിട്ടു. വാട്ടർ ഹീറ്റർ അടുത്ത ശമ്പളത്തിൽ ആകാം.. എങ്കിലും കേസിൽ നിന്നൊഴിവായ സമാധാനത്തോടെ വർഗ്ഗീസ് വീട്ടിൽ പോയി…
പിറ്റേന്ന് കാലത്ത് കോളിങ്ങ് ബെൽ കേട്ട് വർഗ്ഗീസ് വാതിൽ തുറന്നു. വീട്ടു മുറ്റത്ത് ഒരു കാർ നിൽക്കുന്നു. പരിചയവും ഇല്ലാത്ത രണ്ടു പേർ മുൻവശത്തു നിൽക്കുന്നു. ആരാ എന്ന വർഗ്ഗീസിന്റെ ചോദ്യത്തിന് മറുപടിയായി ഒരാൾ മുറ്റത്തെ കാറിന്റെ മുൻ ഡോർ തുറന്ന് വൃദ്ധനെ ഇറക്കി. ഇന്നലെ കാർ ഇടിച്ച വൃദ്ധൻ. വർഗ്ഗീസ് ഞെട്ടി.
“അയ്യോ എന്റെ കാറല്ല ഇടിച്ചത്.”വർഗ്ഗീസ് പറഞ്ഞു.
വർഗ്ഗീസിന്റെ പരിഭ്രമം കണ്ടു വാതിൽക്കൽ നിന്നിരുന്നയാൾ ചിരിച്ചു. “വർഗ്ഗീസ് സാർ ഭയം വേണ്ട. ഞങ്ങൾ നന്ദി പറയാൻ വന്നതാണ്. ഇതു ഞങ്ങളുടെ അച്ഛൻ. ഇന്നലെ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചതിനും, അദ്ദേഹത്തിന് മതിയായ ചികിത്സ നൽകിയതിനും വീണ്ടും വീണ്ടും നന്ദി. മാത്രമല്ല ഇന്നലെ അച്ഛനു വേണ്ടി ചെലവായ തുക തരുന്നതിനു വേണ്ടി കൂടിയാണ് ഞങ്ങൾ വന്നത്.”
അകത്തു വരൂ. അവർ അകത്തിരുന്നു. പലതും സംസാരിച്ചു. പറഞ്ഞു വന്ന കൂട്ടത്തിൽ വാട്ടർ ഹീറ്റർ വാങ്ങാൻ വേണ്ടി മാറ്റി വച്ച തുക ആയിരുന്നെന്നും അത് അടുത്ത ശമ്പളത്തിൽ വാങ്ങിക്കാമെന്നും വർഗ്ഗീസ് പറഞ്ഞു. എന്റെ പപ്പാ ആയിരുന്നെങ്കിൽ എന്തു ചെയ്യുമോ അതേ ഞാനും ചെയ്തുള്ളു. അതിനാൽ പൈസ വേണ്ടെന്നു വർഗ്ഗീസ് തറപ്പിച്ചു പറഞ്ഞു. അവർ ചായ കുടിച്ചു പിരിഞ്ഞു.
അവർ അവിടെ പട്ടണത്തിൽ വീട്ടു സാധനങ്ങൾ വിൽപ്പന ചെയ്യുന്ന ഹോം നീഡ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമകൾ ആയിരുന്നു അവർ. വർഗ്ഗീസ് രാവിലെ ഓഫിസിൽ പോയി. അതിനു ശേഷം ഒരു ഓട്ടോ റിക്ഷ വീട്ടുമുറ്റത്തു വന്നുനിന്നു. വർഗ്ഗീസിന്റ ഭാര്യ ജിനി വാതിൽ തുറന്നു.ഒരു എലെക്ട്രിഷ്യനും കൂടെ രണ്ടു പണിക്കാരും. വർഗ്ഗീസിന്റെ ഭാര്യക്ക് ഒന്നും മനസ്സിലായില്ല. വന്നായാൾ പറഞ്ഞു. “മാഡം.. ഞങ്ങൾ വാട്ടർ ഹീറ്റർ പിടിപ്പിക്കാൻ വന്നവർ ആണ്. ബെഡ് റൂം കാണിച്ചു തരൂ… ഓ.. വർഗ്ഗീസ് വാട്ടർ ഹീറ്റർ വാങ്ങുന്ന കാര്യം പറഞ്ഞിരുന്നത് ജിനി ഓർത്തു. ബെഡ് റൂം കാണിച്ചു കൊടുത്തു. ഒന്നിൽ ഫിറ്റ് ചെയ്തു. അതു കഴിഞ്ഞപ്പോൾ താഴെ ഉള്ള മറ്റു രണ്ടു റൂമുകളിലും ഫിറ്റ് ചെയ്തു. പണിക്കാർ പോയി. ഒരെണ്ണം വാങ്ങാം എന്നല്ലേ വർഗ്ഗീസ് പറഞ്ഞത്..
ഇൻക്രിമെന്റ് കിട്ടിയോ? അതോ അരിയേഴ്‌സ് കിട്ടിയിരിക്കുമോ? ഛെ.. ആ വൃദ്ധനു ചെലവായ പൈസ വാങ്ങാതെ വിട്ടതിനു വർഗ്ഗീസിനെ കുറ്റപ്പെടുത്താണ്ടായിരുന്നു.. ജിനി മനസ്സിൽ ഓർത്തു. വൈകീട്ട് വർഗ്ഗീസ് വന്നപ്പോൾ ജിനി മാപ്പു പറഞ്ഞു. വർഗ്ഗഗീസിന് ഒന്നും മനസ്സിലായില്ല. ജിനി ഉണ്ടായ സംഭവം വിവരിച്ചു. ഗ്യാരന്റി കാർഡ് ഇട്ട കവർ ജിനി വർഗീസിന് കൊടുത്തു. അയാൾ അതു തുറന്നു. അതിൽ ഒരു കത്തുകൂടി ഉണ്ടായിരുന്നു. ഹോം നീഡ്‌സ് ലെറ്റർ ഹെഡിൽ ഇങ്ങനെ എഴുതിയിരുന്നു..
“ഇത് ഞങ്ങളുടെ ഒരു ചെറിയ സമ്മാനം. സ്വീകരിക്കുക”
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.. വർഗ്ഗീസ് മനസ്സിൽ പറഞ്ഞു..