രചന : ഷാഫി റാവുത്തർ ✍️

വാക്കുകൾ വാഗ്വാദങ്ങളുയർത്തും
കക്ഷികളക്ഷൗഹിണികളൊരുക്കും
വാഗ്ദാനം മോഹിനിരൂപം പൂണ്ട്
ജനമനമിടറും നാട്യമതാടും
ഉച്ചാഭാഷിണിയൊച്ചയെടുത്തും
കണ്ഠമതിൽ ചെഞ്ചോരപൊടിച്ചും
അലറിവിയർക്കും പ്രാസംഗികരുടെ
വാചാടോപക്കാന്തി പടർത്തും
ഉദ്ധൃതമൈക്കുകൾ നീട്ടിയിറങ്ങും
ചാനൽചർച്ചക്കൃഷിയതു നീളും
നേരുനെരിപ്പോടേറിപ്പുകയും
നന്മനനുത്തൊരു മഞ്ഞായുരുകും
ആകാശങ്ങളിൽ കൗപീനംപോൽ
പലവിധവർണ്ണക്കൊടികൾ നിറയും
ചുണ്ടുകളമ്പേയേറെക്കീറിയ
സ്ഥാനാർഥിച്ചിരി ചുവരിൽ പതിയും
പട്ടിണിയും പരിവേദനമഖിലം
സദ്ഗുണചിത്തച്ചിത്രം വരയും
അഴിമതിപലവിധമാരോപണവും
കാലും തലയും മാറ്റിമറിച്ചും
നോട്ടുകളെണ്ണിക്കീശനിറയ്ക്കും
സമുദായങ്ങൾ വിലപേശീടും
ഭ്രാന്തുപിടിച്ചൊരു കൂട്ടർ നാട്ടിൽ
കുരുതിയൊരുക്കിക്കെണി വെച്ചീടും
ചിന്തകളന്തം വിട്ടു പറക്കും വോട്ടറു
വട്ടായോടി നടക്കും
നല്ലതുചെയ്യും നാടിൻ നായകരെന്നും നമ്മെ നയിച്ചീടേണം
അംഗുലിയഗ്രം മഷിയിൽ വരയും
പൗരന് നോട്ടം നല്ലതു മാത്രം
പ്രത്യാശയ്ക്കും പെരുമയുമുയരും
കേരളനന്മക്കോട്ട പടുക്കാം

ഷാഫി റാവുത്തർ

By ivayana