രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️

ചിതൽമുറ്റിത്തഴച്ചൊരാ,മനസ്സുമായ് ചിലരിന്നും,
ചതിയുടെ വിഷപ്പുക തുപ്പിക്കൊണ്ടെങ്ങും
മതിവിഭ്രമങ്ങൾകാട്ടി,മദിച്ചുതുള്ളിയാടുമ്പോ-
ളതുകണ്ടുനിൽക്കാ,നെനിക്കെങ്ങനെയാവും!

ഇവിടെയീമണ്ണിൻ മാതൃഭാവത്തെ വ്യഭിചരിച്ചു,
കവിതകൾ ചമയ്ക്കുന്നോരറിയുന്നുണ്ടോ,
പരിതപ്തരായി മർത്യ മനസ്സുകളൊന്നായേവം,
ഇരുളലമൂടിക്കണ്ണീർ പൊഴിപ്പതാവോ!

പരമസത്യത്തെപ്പാടേ മറന്നുകൊണ്ടിവറ്റകൾ,
പരിഹാസങ്ങളെയല്ലോ,നടത്തിടുന്നു!
കരുണതന്നൊരുചെറു കണികപോലുംകാട്ടാതെ;
മരണത്തിൻ കെണിയല്ലോവൊരുക്കിടുന്നു!

ധർമപരിപാലനത്തിനായൊരു ബുദ്ധനിന്നെങ്ങാൻ;
ജൻമമെടുക്കിലുമിനി സാധ്യമാകുമോ,
സ്നിഗ്ധഭാവനകളെഴും പുലരിയൊന്നവനിയിൽ,
മുഗ്ധശോഭയാർന്നെങ്ങെങ്ങും കണികണ്ടീടാൻ?

ആഴിയു,മൂഴിയു,മാകാശവും കൈക്കുമ്പിളിലാക്കാ-
നൂഴംവച്ചു നടക്കുവോരോർത്തീടുകെന്നും
കാലത്തെയതിജീവിക്കാൻ കായബലംകൊണ്ടാവുമോ,
കാലം,കാലേനമ്മെത്തകർത്തെറിയുകില്ലേ!

മന്നിൻ ഗുരുത്വാകർഷണ ശക്തിയിലഭിരമിക്കാൻ,
ഒന്നിൻ വെളിച്ചത്തെയുള്ളിലുജ്ജ്വലിപ്പിക്കാൻ,
ഇന്നിൻ നേർവഴികൾ വെട്ടിത്തെളിച്ചുമുന്നേറുകനാം
ഉന്നതശീർഷരാ,യത്യുദാരശീലരായ്.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana