രചന : റെജികുമാർ ചോറ്റാനിക്കര ✍

നിറങ്ങളൊന്നുചേർന്നുപാടുമീ,
പ്രപഞ്ചമാകെയും
നിറഞ്ഞുനിൽപ്പുനിൻ പ്രസന്നഭാവമെന്നുമംബികേ..
മറക്കുവാൻകഴിയുമോപകർന്നു-
തന്ന തേൻകണം
നിറച്ചൊരീപ്പകലിനെന്നുമീണമായി
നിൽപ്പതും..
കരൾത്തുടിപ്പിലെന്നുമേ,നനുത്ത
മഞ്ഞുതുള്ളികൾ
വ,ന്നിറ്റുവീണരാവുകൾ മറന്നുപോകുമോ മനം..
സദാവിടർന്നുനിന്നുപുഞ്ചിരിച്ചപുഷ്പജാലവും
പടർന്നിറങ്ങുമീഹൃദയതന്ത്രിയിൽ നിരന്തരം..
തരാതരംമെനഞ്ഞുമണ്ണിലെന്നുമിത്ര കൗതുകം
വിളഞ്ഞിടുന്നുനൂറുമേനിയിൽക്കതിർക്കുലകളായ്..
പുലർക്കിനാക്കളുമ്മവച്ചുണർന്നൊ-
രർക്കബിംബവും
സുഷുപ്തകാന്തിയിൽപ്പിറന്നുവീണ താരകങ്ങളും..
തഴച്ചുപൊന്തുമേതൊരുഷ്ണതീവ്രതയ്ക്കുമുള്ളിലും..
നിരന്നുനിൽക്കുമീയരിയപുൽക്കൊടിക്കുരുന്നിലും
തുളുമ്പിവീഴുവാൻമടിച്ചിടുന്ന നീർക്കണങ്ങളും..
സമസ്തസുന്ദരങ്ങളാമിതെന്നുമൂഴിയിൽവിളങ്ങി-
നിൽക്കണേമനങ്ങളിൽക്കുളിർചൊരിഞ്ഞിടുന്ന പോൽ..

റെജികുമാർ

By ivayana