രചന : ഹാരിസ് ഖാൻ ✍
സുഹൃത്തുക്കളോടൊത്തുള്ള ഊട്ടി യാത്രക്കിടയിലാണ് സുൽത്താൻ ബത്തേരിവെച്ച് ഈ വഴിവാണിഭക്കാരനെ കണ്ട് മുട്ടുന്നത്.
പക്ഷികളെ പിടിക്കാൻ പണ്ടുപയോഗിച്ചിരുന്ന “കൂട്കെണി” എന്ന വിചിത്രമായ കെണി ഉണ്ടാക്കാനുപയോഗിച്ചിരുന്ന വള്ളിപോലുള്ള ചിലത് മുറിച്ച് വെച്ചിരിക്കുന്നു.കൂടെ രണ്ട് കാട്ട്കിഴങ്ങുകളുമുണ്ട്. ആദിവാസി ഒറ്റമൂലികളാണത്രെ..!
എല്ലാം ഒരു പോലെയുണ്ട്, മുറിച്ച് വെച്ച സൈസിലെ മാറ്റമുള്ളൂ..
പണ്ട് SP പിള്ള വൈദ്യരായി അഭിനയിച്ച പഴയ ഏതോ സിനിമയിൽ പാടിയപ്പോലെ “എല്ലാറ്റിലും മരുന്ന് ഒന്നു തന്നെയാണ്, എല്ലാറ്റിനും ഭരണി വെവ്വേറെയാണ് … “
എന്ന രീതിയാവുമോ..?
എന്നിലെ സന്ദേഹി ഉണർന്നു..
സുഹൃത്ത് അതേക്കുറിച്ച് ആരാഞ്ഞു
“എന്തിനുള്ളതാണിത് ..? “
“മൂലക്കുരുവിനുള്ളത് ശാർ രണ്ട് കഷണം പൊതിഞ്ഞെടുക്കട്ടെ ..? “
“അതിൻെറ അസ്ക്യതയില്ല “
” ശാറിന് പെശറുണ്ടോ..? “
“പ്രഷർ ഇല്ല…, ശ്വാസം മുട്ടലിനുള്ളത്
ഉണ്ടോ.. ? “
തണുപ്പുകാലത്ത് അവന് നേരിയ വലിവുണ്ട്
” ഉണ്ട് ശാർ”
അയാൾ അതേപോലുള്ള വേറൊരു വള്ളി എടുത്തു കാണിച്ചു
“ഇത് അൽപ്പം ചതച്ച് ജീരകമിട്ട വെള്ളത്തിൽ കലക്കി കുടിച്ചാൽ പോതും. ഇത് അധികം കുടിക്കാൻ പറ്റില്ല ഒരു തവണ പോതും.. “
“ഒറ്റ കുടിയിൽ തന്നെ ശ്വാസം നിൽക്കുമായിരിക്കും അല്ലേ…?”
മോഡേൺ മെഡിസിനൊഴികെ എല്ലാറ്റിനേയും പുഛിക്കുന്ന ഞാൻ ഇടക്ക് കയറി ചളിയടിച്ചു…
ഞങ്ങളുടെ കൂടെ പാവവും കാര്യമറിയതെ വെറ്റിക്കറയുള്ള പല്ല് കാണിച്ച് കുഞ്ഞുങ്ങളെ പോലെ ചിരിച്ചു..
“പിന്നെ നോക്കാം ചേട്ട ” എന്ന് പറഞ്ഞ് ഞങ്ങൾ അയാൾക്ക് പിന്നിലെ ഹോട്ടലിലേക്ക് ചായക്കുടിക്കാനായി കയറി.
ഞാൻ തിരിഞ്ഞ് നോക്കി പാവം നിരാശനായി നിൽക്കുന്നുണ്ട്…
ഹോട്ടലിൽ ഞങ്ങൾ വാഷ് ഏരിയയിൽ കൈ കഴുകി നിൽക്കുമ്പോൾ പുറകിൽ നിന്നൊരു തോണ്ടൽ….
“ശാാർ… “
അയാളാണ്
“ശാർ മറ്റേതുണ്ട് എടുക്കട്ടെ..? “
മൂപ്പർക്കൊരു ശൃഗാരഭാവം
“യേത് ..? “
“ടൈമ് കിട്ടാനുള്ളത് ശാർ…? “
” ടൈമോ..? “
” അതെ ശാർ.. “
” ഇപ്പോൾ ഇഷ്ടം പോലെ ടൈമാ ചേട്ടാ..വെക്കേഷനല്ലേ ഒരു പണിയുമില്ല. അതല്ലെ ഊട്ടിക്ക് ഇറങ്ങിയത്.. “
“എന്താ ശാറേയിത്…”
ടൈം മരുന്നിൽ വീഴാത്ത മലയാളിയോ എന്ന് അത്ഭുതം മുഖത്ത് കാണിച്ച് നിരാശനായി വൈദ്യർ പിണങ്ങി പോയി…
എന്നാലും അതിനിടക്ക് അങ്ങിനെയും ഒരു മരുന്നിറങ്ങിയോ.?
ഇയാൾക്കീ ടൈം മെഷീൻ ദിവസം 24 മണിക്കൂർ തികയാത്ത തിരക്കുള്ള പ്രധാനമന്ത്രിക്കോ അംമ്പാനിക്കോ വിറ്റൂടെ എന്നിലെ നിഷ്കളങ്കൻ ചിന്തിച്ചു..
എന്നാലും അതെന്ത് മരുന്നാവും…?