രചന : ഹാരിസ് എടവന✍

എനിക്ക് നിക്ഷ്പക്ഷരെ
പേടിയാണ്.
അവരാണ്
അമ്മയെ തല്ലിയപ്പോൾ
രണ്ടു പക്ഷമുണ്ടെന്നു
പറഞ്ഞത്.
അവരാണ്
കലാപം നടക്കുന്ന തെരുവിൽ
ശവപ്പെട്ടി
ഡിസ്കൗണ്ട് വിലയ്ക്ക് വിറ്റത്.
വിശന്നു മരിക്കുന്നവർക്കായ്
‘ദാരിദ്ര്യവും ജനസംഖ്യാവർദ്ധനവും’
എന്ന വിഷയത്തിൽ
സിമ്പോസിയം സംഘടിപ്പിച്ചത്.
എനിക്ക് നിക്ഷ്പക്ഷരെ പേടിയാണ്.
അഭയാർത്ഥികളെപ്പറ്റി സംസാരിക്കുമ്പോൾ
പലായനങ്ങൾ നാഗരികത
നിർമ്മിച്ചതിനെപ്പറ്റി പറയും…
അലക്കാത്ത അടിവസ്ത്രമിട്ട്
ജാതിരഹിതരാജ്യത്തെ
സ്വപ്നം കാണും
തുല്ല്യതയെക്കുറിച്ച് വാചാലരാവുമ്പോഴും
അവർ നീതിയെപ്പറ്റി സംസാരിക്കില്ല.
സ്വാതന്ത്ര്യത്തിനായി ദാഹിക്കുമ്പോഴും
കാരാഗൃഹങ്ങളെ കാണില്ല.
എനിക്ക് നിക്ഷ്പക്ഷരെ പേടിയാണ്…
അക്രമികൾക്കു നേരെ
തുറന്നു പിടിച്ച കണ്ണുകൾ
അവരെ കാണില്ല
അടുത്തും അകലത്തും
നാട്ടിലും വീട്ടിലും
അവരുണ്ട് …..
പല പേരിൽ
പലരിലായി
അവർ ചിതറിക്കിടക്കുന്നു.
അവർ വിതക്കുകയും
കൊയ്യുകയുമില്ല.
എങ്കിലും
പത്തായപ്പുരകളിൽ
അവരുണ്ട്.
അവർ മുറിവുകൾ
കാണില്ല.
എങ്കിലും വസന്തത്തെക്കുറിച്ച്
കവിതയെഴുതും.
നിഷ്ക്കളങ്കരേ..
നിക്ഷ്പക്ഷർ
നീതിയുടെ പക്ഷത്തെ
ആയുധമെടുക്കാതെ
കൊന്നുകളഞ്ഞവരാണ്.
നിങ്ങൾക്ക് ശത്രുവിനെ വിശ്വസിക്കാം,
പക്ഷേ ……

(വാക്കനൽ)

By ivayana