രചന : ബിന്ദു വിജയൻ, കടവല്ലൂർ✍
അമ്മിണിയമ്മ മൂക്കുചീറ്റിപ്പിഴിഞ്ഞെറിഞ്ഞു പതംപറഞ്ഞു കരഞ്ഞുകൊണ്ട് ആരോടൊ ക്കെയോ പക തീർക്കുന്നത് പോലെ അലക്കു കല്ലിൽ വസ്ത്രങ്ങൾ ആഞ്ഞലക്കുകയാണ്.
“എന്റെ ഭഗവതീ.. ആകെയുള്ളൊരു മോനാ ന്റെ കുഞ്ഞനന്തൻ. നാട്ടിലൊന്നും പെൺകുട്ടികൾ ഇല്ലാത്തത് പോലെ അല്ലേ അവനൊരു കല്യാണം ശരിയാകാത്തത്. ഈ വയസ്സാം കാലത്തും നടുവൊടിഞ്ഞു പണിയെടുക്കാനാണല്ലോ എന്റെ വിധി. ഓന് സൗന്ദര്യം ഉണ്ട്. എം. എ വരെ പഠിത്തം ഉണ്ട് വേണ്ടാത്ത ശീലങ്ങൾ ഒന്നുമില്ല. കൈ നിറയെ കാശുമുണ്ട്. എന്തിന്റെ കുറവാ ന്റെമോന്.. എന്നിട്ടും “. അവർക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല.
അമ്മിണിയമ്മയ്ക്ക് നാൽപ്പത്തിരണ്ടാം വയസ്സിൽ ഉണ്ടായതാണ് കുഞ്ഞനന്തൻ. ഏറെ പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഒടുവിൽ.അവന് അഞ്ചുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നെ അമ്മയും മകനും മാത്രമായി ആ വീട്ടിൽ. മകനെ കുറിച്ചുള്ള ആധിയാണ് അമ്മയ്ക്കെപ്പോഴും. അവനിപ്പോൾ വയസ്സ് ഇരുപത്തി ഏട്ടായി. മകന്റെ കല്യാണം കാണാനും കുട്ടികളെ താലോലിക്കാനും വിധിയുണ്ടാകില്ലേ എന്നാണ് അവരുടെ ആശങ്ക. പുത്രവധുവിനെക്കുറിച്ച് അവർക്ക് വലിയ സങ്കൽപ്പങ്ങൾ ഒന്നും ഇല്ല. സൗന്ദര്യം വേണമെന്നോ സ്ത്രീധനം വേണമെന്നോ അവർ ആഗ്രഹിക്കുന്നില്ല.
തന്നെയും മകനെയും സ്നേഹിക്കുന്ന സത്സ്വഭാവിയായ ഒരു പെൺകുട്ടി വേണം എന്നേ ഉള്ളൂ. പെണ്ണന്വേഷിച്ചു നടന്നു നടന്നു കുഞ്ഞനന്തന്റെ ചെരുപ്പ് തേഞ്ഞത് മിച്ചം.
അമ്മിണിയമ്മോ…… പടിക്കൽ നിന്നും വിളി കേട്ട് അമ്മിണിയമ്മ നോക്കി. ബ്രോക്കർ സുധാകരനാണ്. “ആ.. സുധാകരാ എന്തായി ന്റെ മോന് പറ്റിയ വല്ല കുട്ടികളും ഉണ്ടോ?”
“ആ അത് പറയാനാണ് ഞാൻ വന്നത്. അമ്മിണിയമ്മയ്ക്ക് പറ്റിയ ഒരു കുട്ടി ഒത്തുവന്നിട്ടുണ്ട്. കുട്ടി പത്താം ക്ലാസ് ജയിച്ചതാ. പിന്നെ പഠിച്ചിട്ടില്ല. ഇപ്പൊ തുന്നല് പഠിക്കുന്നു. വീട്ടിൽ അത്ര കഴിവൊന്നും ഇല്ലാട്ടോ. അമ്മ വീട്ടുപണിയ്ക്ക് പോകുന്നു. അച്ഛൻ ഉള്ളതും ഇല്ലാത്തതും ഒരു പോലെ. കിട്ടിയത് മുഴുവൻ ഷാപ്പിൽ കൊണ്ടു പോയികൊടുക്കും.”
“അതൊന്നും സാരല്ല്യ സുധാകരാ.. നമ്മൾ കുട്ടിയെ ഇങ്ങോട്ടല്ലേ കൊണ്ടു വരുന്നത്. ഞാനവളെ പൊന്നു പോലെ നോക്കും.” അമ്മിണിയമ്മ പ്രതീക്ഷയോടെ പറഞ്ഞു.
“എന്നപിന്നെ നാളെ തന്നെ പോകാം ലേ..കുഞ്ഞനന്തനോട് പറഞ്ഞോളൂ ട്ട “
അമ്മിണിയമ്മ കൊടുത്ത ചൂടുള്ള പാൽചായ കുടിച്ചു സുധാകരൻ ഇറങ്ങി.
പിറ്റേദിവസം കുഞ്ഞനന്തനും കൂട്ടുകാരൻ കൃഷ്ണനും ബ്രോക്കർ സുധാകരനോടൊപ്പം പെണ്ണുകാണാൻ ഇറങ്ങി.
ഓട്ടോ വിളിച്ചാണ് അവർ പോയത്. ഓട്ടോ, ഒരു വയലിനരുകിൽ നിന്നു. “പെണ്ണിന്റെ വീട് എവിടെയാ സുധാകരേട്ടാ”?.. കുഞ്ഞനന്തൻ ആകാംഷയോടെ ചോദിച്ചു. വയലിനക്കരെയുള്ള, ഒരു പൊട്ട് പോലെ കാണുന്ന ഒരു വീട് ചൂണ്ടിക്കാട്ടി സുധാകരൻ പറഞ്ഞു.”ദാ കണ്ടോ അതാണ് വീട്. അങ്ങോട്ട് വഴിയില്ല. പാടവരമ്പിലൂടെ നടന്നുവേണം ചെല്ലാൻ.
മൂന്നുപേരും പൊള്ളുന്ന വെയിലത്ത് വരമ്പിലൂടെ നടന്നു ആ വീട്ടിലെത്തി.
ചാണകം മെഴുകിയ, വൈക്കോൽ മേഞ്ഞ ഒരു കുഞ്ഞുവീട്. ചുമർ ചെങ്കല്ല്കൊണ്ട് ഉയരമെത്തിക്കാൻ പറ്റാത്തതുകൊണ്ടാകാം തേങ്ങോല മെടഞ്ഞു വെച്ച് മറച്ചിരിക്കുന്നു
“ഇവിടെ ആരുമില്ലേ?”സുധാകരൻ വിളിച്ചു ചോദിച്ചു. മുണ്ടും ബ്ലൗസും ധരിച്ച ഒരു സ്ത്രീ ഓലവാതിൽ നീക്കി പുറത്തു വന്നു.” എന്താ?… ആരാ? “
“ഇവിടെ ഒരു പെൺകുട്ടി ഉണ്ടെന്നറിഞ്ഞു പെണ്ണുകാണാൻ വന്നതാ..”
“ആണോ മോൾ തുന്നൽ പഠിക്കാൻ പോയിരിക്കുകയാ.. ഇവിടെ അടുത്താണ്. ഇപ്പൊ വിളിക്കാം നിങ്ങൾ കയറി ഇരിക്കൂ “
അവർ അകത്തു നിന്നും ഒരു മരക്കസേര കൊണ്ടു വന്നു. സുധാകരനും കൃഷ്ണനും തിണ്ണമേൽ ഇരുന്നു. പെണ്ണുകാണാൻ വന്ന ചെറുക്കനല്ലേ.. ആകെയുള്ള ആ ഒരു കസേരയിൽ കുഞ്ഞനന്തനോട് ഇരുന്നോളാൻ സുധാകരൻ ആംഗ്യം കാട്ടി.
അവൻ ആ മരക്കസേരയിൽ ഇരുന്നപ്പോൾ കസേരയുടെ കാലുകളിൽ ഒരു കിരുകിരുപ്പ്. നാലു കാലും നാലുഭാഗത്തേക്കായി അകന്നു പോയി. വീഴുമോ എന്ന ഭയത്താൽ കുഞ്ഞനന്തൻ തിണ്ണയിൽ ഉള്ള തൂണിൽ ബലമായി പിടിച്ചു.
പെൺകുട്ടിയെയുംകൂട്ടി അവളുടെ അമ്മ എത്തി. കുട്ടിയെ കണ്ടപ്പോൾ കുഞ്ഞനന്തന് ഇഷ്ടായി. വല്ല്യ ചന്തവും നിറവും ഒന്നുമില്ലെങ്കിലും.. മുഖത്ത് എന്തോ ഒരു ശാലീനത. അല്ല ഇനീപ്പോ ഇഷ്ട്ടായില്ലാച്ചാലും വേറെ എവിടുന്ന് പെണ്ണ് കിട്ടാൻ. ഇത് തന്റെ അറുപത്തി ഏഴാമത്തെ പെണ്ണുകാണൽ അല്ലേ. മാത്രവുമല്ല ഇത്രേം പാവപ്പെട്ട ഒരു വീട്ടിൽ നിന്നും ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുന്നത് ഒരു പുണ്യവും അല്ലേ.. അവൻ ബ്രോക്കറോട് പറഞ്ഞു. “സുധാകരേട്ടാ എനിക്ക് കുട്ടിയെ ഇഷ്ട്ടായി. എന്റെ ഇഷ്ട്ടങ്ങളേ അമ്മയ്ക്കും ഉള്ളൂ. നമുക്ക് ഈ കാര്യം ഉറപ്പിക്കാം.
അപ്പൊ പെണ്ണിന്റെ അമ്മ ഒരു ചോദ്യം. എന്താ ചെറുക്കന് ജോലീ.. ന്ന്.
“ചെക്കൻ മരപ്പണികൾ ഏറ്റെടുത്തു ചെയ്യുന്നു. അവന്റെ കീഴിൽ ധാരാളം പണിക്കാരും ഉണ്ട്. സുധാകരൻ പറഞ്ഞു.”
ഇത് കേട്ടപ്പോൾ പെണ്ണിന്റമ്മയുടെ മുഖം വാടി. അവർ പറഞ്ഞു “എനിയ്ക്ക് ബ്രോക്കറോട് സംസാരിക്കണം “
കുഞ്ഞനന്തനും കൂട്ടുകാരനും പാടവരമ്പിലേയ്ക്ക് ഇറങ്ങി നിന്നു.
പെണ്ണിന്റമ്മ ബ്രോക്കറോട് ആക്രോശിക്കുന്നത് അവർ കേട്ടു. “എടോ തന്നോടാരാ ഇവരെയും കൊണ്ടു വരാൻ പറഞ്ഞത്. മരപ്പണിയാത്രേ മരപ്പണി. എന്റെ മോളേ പത്താംക്ലാസ് പാസ്സായതാ. അവളെ ഞാൻ സർക്കാർ ജോലിക്കാരെക്കൊണ്ടേ കെട്ടിക്കൂ.. മേലിൽ ഇത്തരം ആളുകളെയും കൂട്ടി ഈ പടി കയറി വരരുത് “.
ഇതൊക്കെ കേട്ട് കുഞ്ഞനന്തൻ തരിച്ചു നിന്നുപോയി. അവൻ സാവകാശം വീടിന്റെ മുറ്റത്തേയ്ക്ക് കയറിച്ചെന്നു.
പോക്കറ്റിൽ കയ്യിട്ടുകൊണ്ട് അവൻ പറഞ്ഞു .”അമ്മേ ക്ഷമിക്കണം. അറിഞ്ഞില്ല. ആരും പറഞ്ഞില്ല. അമ്മയുടെ ആഗ്രഹം ഇതാണെന്ന്.”പിന്നെ പോക്കറ്റിൽനിന്നും രണ്ടായിരം രൂപ അവരുടെ കൈയിൽ ബലമായി വെച്ചു കൊടുത്തു. “നിങ്ങടെ സർക്കാർ ഉദ്യഗസ്ഥനായ മരുമകൻ കസേരയിൽ നിന്നും വീണു നടുവൊടിക്കണ്ട. ഉറപ്പുള്ളൊരു കസേര വാങ്ങിക്കോളൂ…”
ഇതും പറഞ്ഞു മൂവരും തിരിഞ്ഞു നോക്കാതെ പടിയിറങ്ങി.