രചന : ശങ്കൾ ജി ടി ✍

റ്റാറ്റാ, ബൈ ബൈ എന്ന
നിരപ്പ് വഴികളെല്ലാം
പെട്ടെന്നോടിക്കടന്നു…
നീ പോടാ പുല്ലെ എന്ന കയറ്റത്തിലും
കിതക്കാതെ പിടിച്ചുനിന്നു….
പോണാല്‍പോകിട്ടും പോടാ
എന്ന കുത്തിറക്കവും പിന്നിട്ട്
നീ പോടാ പട്ടി തെണ്ടി ചെറ്റെ
എന്നീ കൊടും വളവുകളോരോന്നും
നിഷ്കളങ്കതയോടെ( ഇന്നസന്റ്)
ശ്രദ്ധിച്ചു കടന്നു…..
പുല്ല്…അല്ലപിന്നെ എന്ന്
ഇടക്കിടെ സകലതിനേയും
ചിന്തേരിട്ടുമിനുക്കിവച്ചു…..
‘ഓരോ അപമാനത്തിനും
കാട് കൃത്യമായ് കണക്ക് വയ്ക്കും
എത്ര അപമാനം കൂടിയാല്‍
ഒരു മാവോയിസ്റ്റുാകും എന്ന്
കാടിന് വ്യക്തമായ കണക്കുകളുണ്ട്’…എന്നൊക്കെ
ഊരുകൂട്ടങ്ങള്‍തോറും പ്രവാചകനായി
എന്നേക്കാള്‍ വലിയവനാരുമില്ല
ചെറിയവനും…എന്ന്
നെറ്റിയില്‍ത്തന്നെ പച്ചകുത്തിവച്ചു…
ഉയരങ്ങളേയും അകലങ്ങളേയും
വെല്ലുവിളിക്കുന്ന സ്പൈഡര്‍മാനായി
പിടികൊടുക്കാതെ ഒഴിഞ്ഞുമാറിനിന്നു…
ഒടുവില്‍
പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍
പ്രതികരിക്കാതെ പോയ
ഓരോ നിമിഷത്തിനുമുണ്ട്
മരണത്തിന്റെ
ഒരു നശിച്ച വളിവാട എന്ന
ഒടുക്കത്തെ തമാശ പൊട്ടിച്ച്
സ്വന്തം ശരീരം
ജീവനോടെ എടുത്തു വാഴ്ത്തി വിഭജിച്ച്
ഫാനിൽ കെട്ടിത്തൂക്കി
അവന്‍ വസാനമായി
ഇപ്രകാരം പ്രാകിനേര്‍ന്നു…
ഇത് തുലയാന്‍വിധിച്ച എന്റെ ജീവിതമാകുന്നു
ഇനി നിങ്ങളെല്ലാംകൂടി
എന്നെയങ്ങ് ഞൊട്ടിക്കൊള്ളുവിന്‍..

By ivayana