രചന : ജോളി ഷാജി..✍️

വേദ പുസ്തകത്തിലും കഥകളിലും വായിച്ചിട്ടുള്ള മാലാഖമാരുണ്ട്… അമ്മ ചെറുപ്പത്തിൽ പറഞ്ഞിട്ടും ഉണ്ട് മാലാഖയുടെ കഥ …. അപ്പോളൊക്കെ ആകാംഷയോടെ കേട്ടിരിക്കുന്ന കഥയിലെ മാലാഖയുടെ രൂപം പലപ്പോളും മനസ്സിലേക്ക് ഓടിയെത്തുന്നത് വെളുത്ത ഉടുപ്പിട്ട വെളുത്ത ചിറകുകൾ ഉള്ളതലയിൽ വെളുത്ത കിരീടവും നെറ്റും അണിഞ്ഞ് കൈകളിലും കാലിലും വെളുത്ത സോക്സ് ഇട്ട ആകാശത്തിലൂടെ ഒഴുകി നടക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടിയുടെ രൂപമാണ്…


കൊച്ചു കുട്ടികൾ ഉറക്കത്തിൽ ചിരിക്കുമ്പോൾ അമ്മ പറഞ്ഞു കേട്ടേക്കുന്നത് മാലാഖ വന്നിട്ടാണ് കുഞ്ഞ് ചിരിക്കുന്നത് എന്നാണ്… പലപ്പോഴും ഞാനും ആഗ്രഹിച്ചിട്ടുണ്ട് ആ കുഞ്ഞ് മാലാഖയെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിലെന്ന്.. പള്ളിയിൽ ചെന്നാൽ അൾത്താരയിലെ മാലാഖയുടെ രൂപത്തിലേക്കു നോക്കി നിൽക്കുമായിരുന്നു… എനിക്കും ഒരു മാലാഖ ആകാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടും ഉണ്ട്…
വളർച്ചയുടെ ഒപ്പം ചിന്തകൾ മാറിതുടങ്ങിയപ്പോൾ മുതലാണ് ജീവിക്കുന്ന മാലാഖമാരെക്കുറിച്ച് അറിഞ്ഞു തുടങ്ങിയത്… അന്നൊക്കെ എന്തെങ്കിലും അസുഖം വന്ന് ആശുപത്രിയിൽ ചെന്നാൽ നോക്കി നിൽക്കും ആശുപത്രിയിലൂടെ ഒഴുകിനടക്കുന്ന മാലാഖമാരെ…


അവരുടെ മുഖത്ത് സദാ പുഞ്ചിരി ആയിരിക്കും.. ഒരാൾ ആശുപത്രിയിൽ എത്തുമ്പോൾ മുതൽ അവർക്കൊപ്പം എല്ലാത്തിനും നേഴ്‌സ് ഉണ്ടാവും കൂടെ… എന്തോ ചെറുപ്പം മുതൽ ആരാധനയോടെ മാത്രമേ ഇവരെ നോക്കിയിട്ടുള്ളു…
2005 ൽ ഒരു ആക്‌സിഡന്റ് പറ്റി കിടന്നപ്പോൾ ആണ് നേഴ്‌സ് എന്തെന്ന് ഞാൻ കൂടുതലായി അറിഞ്ഞത്… കാലിനു ഒടിവ് പറ്റി ഓപ്പറേഷൻ ഒക്കെ കഴിഞ്ഞ് ഐ സി യു വിൽ കിടക്കുന്ന എനിക്ക് ബോധം വരുന്നത് വെളുപ്പിനെ രണ്ടരമണിക്ക്… കണ്ണുതുറന്നു നോക്കുമ്പോൾ നേർത്ത വെട്ടം മാത്രമുള്ള ഒരിടത്താണ് കിടക്കുന്നതു… കയ്യും കാലും ഒന്നും അനക്കാൻ പറ്റുന്നില്ല… ഞാൻ മെല്ലെ തല അല്പം ഉയർത്തി നോക്കി… ഒരു സിസ്റ്റർ എന്റെ ബെഡിന് അടുത്ത് ഇരിപ്പുണ്ട് അതിന്റെ കണ്ണ് മെല്ലെ അടയുമ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്… ഞാൻ തല താഴ്ത്തി വെച്ചപ്പോൾ പെട്ടന്ന് ആ സിസ്റ്റർ ചാടി എണീറ്റു… “ആ ചേച്ചി എണീറ്റോ…” ആ കുട്ടി ആകാംഷയോടെ ചോദിച്ചു… ” ഞാൻ എവിടെയാ സിസ്റ്ററെ… എന്റെ കൂടെ ആരുമില്ലേ… ” ഞാൻ മെല്ലെ ചോദിച്ചു..
“ചേച്ചി ഐ സി യു വിൽ ആണ്… എല്ലാരും പുറത്തുണ്ട്…”
“ഇപ്പോ സമയം എത്ര ആയി എന്നെ എപ്പോ ഇറക്കും..”


“ഇപ്പോൾ രണ്ടര ആയി.. ഡോക്ടർ വരുമ്പോളെ അറിയൂ കാര്യങ്ങൾ.. ചേച്ചി ഉറങ്ങിക്കോ..”
ഞാൻ വീണ്ടും കണ്ണടച്ച് കിടന്നു…കാലിനു നല്ല വേദന…ഉറക്കം വരുന്നില്ല…. ആക്‌സിഡന്റ് ഉണ്ടായതൊക്ക വേഗം എന്റെ ചിന്തകളിലേക്ക് കടന്നു വന്നു… എന്നെ വിയർക്കും പോലെ തോന്നി… പെട്ടന്ന് ആണ് രണ്ട് കരങ്ങൾ എന്നെ തല മുതൽ കാല്പാദം വരെ മെല്ലെ തഴുകി പോയത് … ഞാൻ കണ്ണ് തുറന്നു… ആരുമില്ല… സിസ്റ്റർ അവിടെ ടേബിളിൽ ഇരിക്കുന്ന ചാർട്ടിൽ എന്തോ എഴുതുന്നു… എന്റെ വേദന ശമിച്ചത് പോലെ.. വേഗം ഉറക്കം എന്റെ കണ്ണുകളിൽ വന്നു… കഥകളിലെ മാലാഖയോ അതോ ആതുര രംഗത്തെ മാലാഖയോ എന്നെ തഴുകി ഇറക്കിയത്… ഇന്നും വ്യക്തമാക്കാത്ത കാര്യം…


എന്തായാലും ഒരു സത്യം ഉണ്ട്… എനിക്ക് ഇത്രയും വലിയൊരു സർജ്ജറി ചെയ്തതായിട്ടും എന്നെ അതൊന്നും പിന്നീട് ബാധിച്ചില്ല… മൂന്നാം ദിവസം വാർഡിൽ എത്തിയ ഞാൻ രണ്ട് കാലുകളും ഒടിഞ്ഞു മുറിഞ്ഞ അവസ്ഥയിൽ ബെഡിൽ തന്നേ കിടന്ന കിടപ്പിൽ ആയിരുന്നു ഒന്നും രണ്ടുമൊക്കെ… അമ്മ ബെഡ് പാൻ വെച്ചു തരും പക്ഷേ ഒന്നും പോകില്ല… ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ… എന്റെ വിഷമം കണ്ട ജിഷ എന്ന സിസ്റ്റർ ഡോക്ടറുടെ അനുവാദം പോലും ചോദിക്കാതെ സപ്പോസിറ്റർ വെച്ചു… അമ്മക്കൊപ്പം കൂടെ നിന്നു എന്നെ കഴുകിച്ചു…


സാധാരണ അവിടെ നേഴ്സിംഗ് പഠിക്കാൻ വരുന്ന കുട്ടികൾ ആണ് രോഗികളെ തുടക്കുന്നതും തല കഴുകി കൊടുക്കുന്നതുമൊക്കെ… പക്ഷേ ജിഷ സിസ്റ്റർ വേഗം എന്റെ തല നന്നായി കഴുകി എന്റെ മേലൊക്കെ ഒന്ന് തുടച്ചു തന്നു… സത്യത്തിൽ ഒരു മാലാഖ ആയിരുന്നു ആ കുട്ടി… അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാ നേഴ്‌സുമാരും ഒരുപാട് സ്നേഹത്തോടെ ആയിരുന്നു പെരുമാറിയിരുന്നത്… ഇന്നും ആ ഹോസ്പിറ്റലിൽ പോയാൽ ഓർത്തോ വാർഡിൽ ഒന്ന് പോയിട്ടേ ഞാൻ തിരിച്ചു വരു…
ഈ നേഴ്സസ് ദിനത്തിൽ എടുത്തു പറയാനുള്ളവരാണ് ജിഷ സിസ്റ്റർ, ഷീന സിസ്റ്റർ, തുടങ്ങിയവരൊക്കെ…


നേഴ്‌സ്… അവരും പച്ചയായ മനുഷ്യർ അണ്.. അവർക്കും ഉണ്ടാവും ഒരുപാട് പ്രശ്നങ്ങൾ.. പക്ഷേ അവർ ഒരിക്കലും രോഗിയുടെ മുന്നിൽ അവരുടെ സങ്കടം കാണിക്കില്ല… അവർക്ക് ജാതിയോ മതമോ നോട്ടമില്ല… ആണെന്നോ പെണ്ണെന്നോ വേർതിരിവില്ല… പ്രായമാവരെന്നോ ചെറുപ്പക്കാർ എന്നോ മാറ്റിനിർത്തൽ ഇല്ല..
മലവും മൂത്രവും കഫവുമൊക്കെ അറപ്പില്ലാതെ വാരുന്ന ഇവർ ആ കൈകൾ കൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്‌…


കോവിഡ് എന്ന മഹാമാരിയിൽ സ്വന്തം ജീവൻ പോലും നോക്കാതെ നമ്മെ ശുശ്രൂഷിച്ച അവർക്ക് പരിഗണന കൊടുക്കേണ്ടവർ തന്നെയാണ്… പി പി ഇ കിറ്റിൽ ചുട്ടുപൊള്ളിയ ഇവർ സ്വന്തം മക്കളെ പോലും മറന്നാണ് നമ്മെ രക്ഷിച്ചത്…അവഗണന കൊണ്ട് അവരുടെ മനസ്സ് തളർത്താതിരിക്കുക…


കേടു വന്ന വൃക്ഷത്തിന് മരുന്ന് നിർദ്ദേശിക്കുന്നത് ഡോക്ടർ ആണെങ്കിൽ ആ വൃക്ഷത്തിന്റെ ഒരോ ചലനങ്ങളും നിരീക്ഷിച് അതിന് മരുന്നും വെള്ളവും കൊടുത്ത് അതിൽ ജീവന്റെ പുതുനാമ്പ് വരുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്നത് നേഴ്‌സ് ആണ്…
ഓർക്കാം ഈ ദിനത്തിൽ ഭൂമിയിൽ ഓടി നടന്നു സേവനം ചെയ്യുന്ന ഒരോ മാലാഖമാരെയും…
എല്ലാ മാലാഖമാർക്കും ആശംസകൾ നേരുന്നു…

ജോളി ഷാജി..

By ivayana