രചന : ഒ.കെ.ശൈലജ ടീച്ചർ ✍️

സുകന്യയും ശൈല ജയും കൂട്ടുകാരാണ്. ഒരേ ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുന്നു. ഒന്നിച്ചാണ് എന്നും സ്ക്കൂളിൽ പോയിക്കൊണ്ടിരുന്നത്.
ഒരു ദിവസം സ്കൂളിലേക്ക് പോകുമ്പോൾ സുകന്യ അന്വേഷിച്ചു.
“എന്തൊക്കെയാ കുട്ട്യേ വിശേഷങ്ങൾ ?”
“നീയെന്തിനാ എന്നെ എപ്പോഴും കുട്ടീന്ന് വിളിക്കണേ .. ഞാനെന്താ നിന്റെ കൂട്ടാ ? “
ശൈല ജ തിരിച്ചു ചോദിച്ചപ്പോൾ സുകന്യ പറഞ്ഞു
” കുട്ടീനെ പിന്നെ കുട്ടീന്നല്ലാതെ പിന്നെ എന്തൂട്ടാ വിളിക്യാ ?
കുന്താന്നോ?


ന്നാ പിന്നെ ആറ്റം ബോംബെന്ന് വിളിച്ചാലോ?
ഇതു കേട്ടപ്പോൾ ശൈലജയ്ക്കു ദേഷ്യം വന്നു. അവൾ മുഖം തിരിച്ചു നടന്നു.
പിറ്റേന്നു മുതൽ അവർ തമ്മിൽ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു നടക്കാൻ തുടങ്ങി.
അങ്ങനെയൊരു ദിവസം അവർ രണ്ടു പേരും പരസ്പരം മിണ്ടാതെ സ്ക്കൂളിലേക്കു പോകുകയായിരുന്നു. പോകുന്ന വഴിയിൽ ഒരു തോട് ഉണ്ട്. അതിന് മീതെ ചെറിയൊരു മെതിപ്പാലവും. സുകന്യ വേഗം നടക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ശൈല ജ അടുത്തെത്തി യോ യെന്ന്.
പെട്ടെന്ന് കാൽ തെറ്റി സുകന്യ തോട്ടിലേക്കു വീണു.
….. പോത്തോം …..
ശബ്ദം കേട്ട ഉടനെ ശൈലജ ഓടി വന്നു തോട്ടിലിറങ്ങി.
“സാരമില്ല സുകന്യേ നീ പേടിച്ചു പോയോ ?”
“നിന്റെ ബാഗ് നനഞ്ഞു പോയല്ലോ ….”
വാ… ശൈലജ സുകന്യയെ പിടിച്ചെഴുന്നേൽപ്പിച്ചു.
സുകന്യയുടെ കൈയ്യിലും, മുഖത്തും . ഉടുപ്പിലുമൊക്കെ ചെളിയും വെള്ളവുമായിരുന്നു. ചെളിയെല്ലാം കഴുകി. വെള്ളം തുടച്ചു കൊടുത്തു. ബാഗ് എടുത്തു കൊണ്ട് സുകന്യയുടെ കൈ പിടിച്ചു കൊണ്ട് തോട്ടിൽ നിന്നും കയറി. സുകന്യ കരയുന്നുണ്ടായിരുന്നു.


“സാരമില്ല നീ കരയാതെ നമുക്ക് വീട്ടിലേക്കു തന്നെ പോകാം”
അവർ സുകന്യയുടെ വീട്ടിലെത്തി. അവിടെ അമ്മ തൊഴിലുറപ്പ് ജോലിക്കു പോയതിനാൽ ആരുമില്ലായിരുന്നു.
സുകന്യയുടെ നനഞ്ഞ വസ്ത്രങ്ങളെല്ലാം മാറ്റി അവർ സ്ക്കൂളിലേക്കു നടന്നു
” ശൈലജേ നിനക്കെന്നോടുള്ള പിണക്കം മാറിയോ?”
സുകന്യ ശൈലജയുടെ കൈ പിടിച്ചു കൊണ്ടു ചോദിച്ചു
“പിന്നെ …..എനിക്കൊരു പിണക്കവുമില്ല നിന്നോട് .നീയെന്റെ പ്രിയപ്പെട്ട കൂട്ടുകാരിയല്ലേ …..


അങ്ങനെ സുകന്യയും ശൈല ജയും വളർന്നു വലുതായി. അവർ പ്ലസ്ടു ക്ലാസ്സിലെത്തി. ഒരു ദിവസം വീട്ടിലേക്കു മടങ്ങുമ്പോൾ സുകന്യ ശൈലജയോടു പറഞ്ഞു.
” ഞാൻ നാളെ സ്കൂളില് വരണില്ലാട്ടോ …..”
“അതെന്താ …” ശൈലജ തിരക്കി.
സുകന്യ മടിച്ചു മടിച്ചു കൊണ്ടു പറഞ്ഞു.
” അത് …..അത് ….”
” പറഞ്ഞോളൂ” ശൈല ജയ്ക്ക് തിടുക്കമായി.
“നാളെ എന്നെ കാണാൻ ഒരു കൂട്ടർ വരണുണ്ട്.”
” ഓ അതാണോ ശരി”
പിറ്റേന്ന് ശൈലജ തിരക്കി.” എടീ ഇന്നലെ അവർ വന്നുവോ?”
സുകന്യ നാണിച്ചു കൊണ്ട് തല താഴത്തി. അവളുടെ മുഖം പനിനീർപ്പൂവ് പോലെ ചുവന്നുതുടുത്തിരുന്നു.


ശൈലജക്ക് കാര്യം മനസ്സിലായി. അവൾ സുകന്യയെ കെട്ടിപ്പിടിച്ചു കൊണ്ട് മുത്തം കൊടുത്തു.
“എനിക്ക് സന്തോഷം ഉണ്ട് കുട്ടീ …. എന്നാലും നീ പോയാൽ ഞാൻ ഒറ്റയ്ക്കാവൂ ലോ ….”
“നിനക്കും വരുമല്ലോ ഒരു മൊഞ്ചുള്ള ചെറുക്കൻ” സുകന്യ അവളുടെ കവിളിൽ നുള്ളിക്കൊണ്ടു പറഞ്ഞു.
“ഇല്ല : എനിക്കിപ്പോഴൊന്നും കല്യാണം വേണ്ട. എനിക്ക് പഠിക്കണം. ജോലി നേടണം. അത് കഴിഞ്ഞേ കല്യാണത്തെപ്പറ്റി ചിന്തിക്കുന്നുള്ളൂ.”
“ശരിയാണ്. എന്റെയും ആഗഹം അതാണ്. പക്ഷേ അഛനില്ലാതെ വളരെ പ്രയാസപ്പെട്ടാണ് അമ്മ എന്നെ വളർത്തുന്നതും, പഠിപ്പിക്കുന്നതും. താഴെയുള്ള രണ്ട് അനിയത്തിമാരും വലുതായി ക്കൊണ്ടിരിക്കുന്നു. പോരാഞ്ഞിട്ട് ഈ യ്യിടെയായി അമ്മക്ക് തീരെ വയ്യ. എന്നെ ഒരാളുടെ കൈയ്യിൽ ഏല്പിച്ചാൽ അനിയത്തിമാരുടെ കാര്യമല്ലേ നോക്കേണ്ടു. അത് കൊണ്ടാണ് അമ്മ എന്റെ കല്യാണം നടന്നു കാണാൻ ആഗ്രഹിക്കുന്നത്.”


“സാരമില്ല സുകന്യേ … നീ ഇപ്പോൾ നിന്റെ അമ്മയുടെ അവസ്ഥ മനസ്സിലാക്കി കല്യാണത്തിന് തയ്യാറാവുക. അതിനു ശേഷം തുടർന്നു പഠിക്കാൻ ശ്രമിക്കാം. നിന്നെ കല്യാണം കഴിക്കുന്ന ആൾ അതിനുള്ള അനുവാദം തന്നാൽ നീ രക്ഷപ്പെട്ടല്ലോ”
“എനിക്ക് തുടർന്നു പഠിക്കാനാഗ്രഹമുണ്ടെ അം, അതിനു സമ്മതിക്കണമെന്നും അമ്മ ചെറുക്കനോടും, ബന്ധുക്കളോടും പറഞ്ഞിട്ടുണ്ട്. അവർ സമ്മതം തന്നിട്ടുണ്ട്.
“എങ്കിൽ സാരമില്ല, സന്തോഷവതിയായി കല്യാണത്തിനൊരുങ്ങിക്കോളൂ നിന്റെ ആഗ്രഹങ്ങൾ നടക്കട്ടെ. ഞാനും നിന്നോടൊപ്പം മുണ്ട്.


സുകന്യ ശൈലജയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു” നീയെന്നും എന്റെ നല്ല കൂട്ടുകാരിയാണ്. ഒരിക്കലും ഞാൻ നിന്നോട് പിണങ്ങില്ലാട്ടോ ….”
തൊഴിലുറപ്പ് വരുമാനത്തിലെ നീക്കിയിരിപ്പും . സൊസൈറ്റിയിൽ നിന്നെടുത്ത ലോണുമായി അമ്മ അവളുടെ വിവാഹം ഭംഗിയായി നടത്തി. സുരേഷും വീട്ടുകാരും സാമ്പത്തിക ശേഷിയുള്ളവരായിരുന്നു. സ്വഭാവം കൊണ്ടും നല്ലവരായിരുന്നതിനാൽ സുകന്യയെ തുടർന്നു പഠിക്കാൻ അവർ സമ്മതിച്ചു. അവൾ ബ്യൂട്ടീഷൻ കോഴ്സ് ചെയ്തു. വീടിനടുത്തുള്ള സിറ്റിയിൽ” സുകന്യ ബ്യൂടെക്” എന്ന സ്ഥാപനം തുടങ്ങി. അതോടൊപ്പം അവൾ ഒരു ആൺകുഞ്ഞിന്റെ അമ്മയുമായി.
ഋതുക്കൾ മാറി മാറി വന്നു.


ഒരു ദിവസം ശൈല ജ കോളേജിലേക്ക് പോകാനിറങ്ങുകയായിരുന്നു. അപ്പോഴാണ് ആ ഫോൺകാൾ വന്നത്. അവൾക്ക് ആ വാർത്ത മുഴുവനും കേൾക്കാനായില്ല. തളർന്നിരുന്നു പോയി. സുകന്യയുടെ അമ്മ അവരെ വിട്ടു പോയ വിവരം അറിയിച്ചതായിരുന്നു സുരേഷ് .
കുറച്ചുനേരം അവളങ്ങനെയിരുന്നു പോയി. പെട്ടെന്ന് സമനില വീണ്ടെടുത്തു സുകന്യയുടെ വീട്ടിലേക്ക് നടന്നു. സ്നേഹമയിയും, ത്യാഗിയുമായ ആ അമ്മയുടെ മുഖം ആയിരുന്നു മനസ്സ് നിറയെ. അവളുടെ മനസ്സിൽ കൂടി ഒരു പാട് ചോദ്യങ്ങൾ കടന്നുപോയി.


പ്രായപൂർത്തിയായ രണ്ടു അനിയത്തിമാരുടെ ഭാവി ഇനി എന്താകും? അവർക്ക് തുണയായി സുരേഷ് ഉണ്ടാകുമോ?
ആ കുഞ്ഞനുജത്തിമാരെ ആശ്വസിപ്പിക്കണം. സുകന്യയെ സമാധാനിപ്പിച്ച് ധൈര്യം നല്കണം. അവർക്കൊരു തുണയായി ഒപ്പം നിൽക്കണം.
.”വരൂ ശൈലജേ അവർ അകത്തുണ്ട്” സുരേഷ് ശൈലജ യോടൊപ്പം അകത്തേക്കു വന്നു. ശൈല ജയെ കണ്ടതും അവർ മൂന്ന് പേരും അവളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നറിയാതെ ശൈലജയും കരഞ്ഞു. ആ കാഴ്ച കാണാനാകാതെ സുരേഷ് പുറത്തേക്ക് നടന്നു.

ഒ.കെ.ശൈലജ ടീച്ചർ

By ivayana