തൊഴിൽ, സാമ്പത്തികം, രാഷ്ട്രീയം, തുടങ്ങി സർവ്വമേഖലയിലും അരക്ഷിതാവസ്ഥയിലാണ് മലയാളി യുവത്വം. മുൻപ് മലയാളികൾ, തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുകയായിരുന്നുവെങ്കിൽ, ഇപ്പോൾ സമൃദ്ധമായ ജീവിത പശ്ചാത്തലം ലക്ഷ്യമിട്ടാണ് യുവാക്കൾ അന്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ജോലി തേടി അന്യ രാജ്യങ്ങളിലേക്കു പോകുന്ന പലരും പിന്നീട്, കുടുംബസമേതം അവിടെത്തന്നെ തുടരുകയാണ് ചെയ്യുന്നത്. സ്വദേശിവത്‌ക്കരണവും കോവിഡും മൂലം ഗൾഫ് പ്രവാസം കുറഞ്ഞെങ്കിലും, മലയാളികൾ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് യാത്ര തുടരുകയാണ്.

യൂറോപ്പ്, കാനഡ, ന്യുസിലാൻഡ് തുടങ്ങി സമൃദ്ധമായ ജീവിത പശ്ചാത്തലമുള്ള നാടുകളിലേക്ക് മലയാളി യുവത്വം ജീവിതം പറിച്ചു നടുകയാണ്. ഇതോടെ, നാട്ടിലെ മാളികകൾ മാതാപിതാക്കളുടെ കാലശേഷം ആൾപ്പാർപ്പില്ലാതെ അടച്ചിടേണ്ടിവരുന്നു. ഇത്തരത്തിൽ അടച്ചിട്ടിരിക്കുന്ന ലക്ഷക്കണക്കിന് വീടുകൾ കേരളത്തിലുണ്ടെന്നാണ് കണക്ക്. ചെറുപ്പക്കാർ കുടുംബത്തോടെ വിദേശത്ത് ചേക്കേറുമ്പോൾ നാട്ടിൽ ഭൂമിക്ക് പഴയപോലെ ഡിമാൻഡ് ഇല്ലാതാവുകയാണ്. വിദേശത്തേക്ക് കുടിയേറിയശേഷം നാട്ടിലെ ബാധ്യതകൾ വിറ്റൊഴിക്കാൻ ശ്രമിക്കുന്നവരുമുണ്ട്.

നിലവിൽ, കേരളത്തിലെ പതിനായിരക്കണക്കിന് വീടുകളിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണ് താമസിക്കുന്നത്. ഇത്തരം വീടുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ നാട്ടിലെ വ്യവസ്ഥിതിയിൽ പ്രതീക്ഷ നശിച്ചതുകൊണ്ടാണ് മലയാളി യുവത്വം നാടുവിടുന്നതെന്നാണ് വാസ്തവം. രാഷ്ട്രീയക്കാർ, സർക്കാർ ജീവനക്കാർ, പെൻഷൻകാർ, വൻകിട ബിസിനസ്- ഉദ്യോഗസ്ഥ വൃന്ദങ്ങൾ തുടങ്ങിയവർക്ക് മാത്രം ജീവിക്കാൻ പറ്റുന്ന നാടായി കേരളം മാറിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ യുവാക്കളുടെ വൻ കൊഴിഞ്ഞുപോക്കിനെ കുറിച്ച് ചിന്തിക്കാനോ, അതുമൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‍നങ്ങളെക്കുറിച്ച് ചിന്തിക്കാനോ, ഭരണകർത്താക്കളും, അധികാര വർഗ്ഗവും തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.യുവാക്കൾക്ക് നാട്ടിൽ തന്നെ മാന്യമായി ജീവിക്കാനുള്ള അവസരം ഒരുക്കാത്തിടത്തോളം, മലയാളി യുവത്വം നാടും വീടുമുപേക്ഷിച്ച് അന്യ നാട്ടിൽ ചേക്കേറുന്നത് ഇനിയും വർദ്ധിക്കും. കേരളത്തിലെ യുവത്വത്തിന്റെ ക്ഷേമം ഉറപ്പാക്കാൻ നിലവിലുള്ള യുവജന കമ്മീഷനും, യുവജന ക്ഷേമ വകുപ്പ് മന്ത്രിയും ഒക്കെ ഇതിന് എന്ത് പ്രതിവിധിയാണ് കണ്ടെത്താൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം. മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇതേ രീതിയിൽ തുടരുകയും, കുടിയേറിയവരുടെ മക്കൾ നാട്ടിലേക്ക് തിരികെത്തതാകുയും ചെയ്യുന്ന സ്ഥിതി തുടർന്നാൽ, കേരളം ഉടൻ തന്നെ വർദ്ധക്യത്തിലെത്തിയ ഒരുകൂട്ടം ആളുകളുടെ മാത്രം വാസസ്ഥലമായ മാറും.

By ivayana