രചന : രാജു കാഞ്ഞിരങ്ങാട്✍
ഓർമയുടെ മഷിക്കുപ്പി നിറച്ച്
പ്രണയത്തെ ചുവപ്പിച്ചു കൊണ്ടേയിരിക്കണം
പുഴയോളം തണുപ്പടരുമ്പോൾ
പൊള്ളുന്ന ചുംബനത്തിൻ്റെ ചൂടേറ്റുണരണം
പുഴപോലെയൊഴുകുന്ന നിൻ്റെ മുടിയിഴകളെ
കടും നീലയാക്കി കാർമേഘമാക്കണം
തണുവാർന്ന നിൻച്ചിരിക്കാറ്റേറ്റാ മേഘമൊരു
മഴയായ് ഞാൻ നിന്നിലെനിന്നിലേക്കു പെയ്യണം
ഇലകളായ് മാറണം, മത്സ്യമായ് നീന്തണം
നിലാനിഴൽ പടരുന്ന സന്ധ്യയായ് മാറണം
പഴയൊരാ പുഴയുടെ തീരത്തിരിക്കണം
ഉടലോടുടൽ ചേരും പ്രണയത്തിൻ പ്രാണന്
മഷിക്കുപ്പിനിറച്ചു കടും നീല ചാർത്തണം
ഒരു തുള്ളി ജലത്തിനാൽ പിറവി ,പിന്നെയത്
ചാലിട്ട് ചോലയായ് ചേലൊത്ത ചിരിമണിയായ്
കൈത്തോടിൻ കളമൊഴിയായ് കുഞ്ഞിളം കാറ്റായ്
മഴ പെയ്തു നിറയുന്ന പുഴയാണു പ്രണയം