അരവിന്ദൻ പണിക്കാശ്ശേരി ✍

ചങ്ങരംകുമരത്തച്ഛന്റെ തോറ്റം തുടങ്ങുന്നത് ഇങ്ങനെയാണ് :
“നാട്ടിൽ തെളിഞ്ഞ് നാട് വാഴ്ക
വീട്ടിൽ തെളിഞ്ഞ് വീടും വാഴ്ക
അയിര് നാട് അഞ്ച് കടപ്പുറം വാഴ്ക
അയിര് നാട് അഞ്ച് കടപ്പുറത്ത്
അഴകിൽത്തെളിഞ്ഞ വീട്
ചങ്ങരംകുമരത്തും വാഴ്ക
മിറ്റത്തൊരു പറ്റടികാണ്മാൻ
ആടിയോടി മെയ് വളർന്ന് കാണ്മാൻ
പാരം ആഗ്രഹത്തോടെ പിറന്ന
മാക്കോത എന്ന നല്ലച്ഛനും വാഴ്ക..


ആടിയാടി മെയ് വളർന്ന് നടക്കും കാലം
അന്തിത്തീപ്പൂജ വെപ്പാനും മറ്റും
മറുസ്ഥലത്ത്ന്ന് മാല വെച്ച് കൊണ്ട് വന്ന
ഇണ്ണൂലി എന്ന നല്ലമ്മയും വാഴ്ക
അവർതമ്മിൽ കൈയോട് മെയ്യിളകി നടക്കും കാലം
ഒന്നാം മാസത്തിൽ ഉണ്ടോ ഇല്ലയോ എന്ന് സംശയം തുടങ്ങി
പത്ത്ചെന്ന് പാടിളകി നേന്ത്രവാഴക്കുരുന്നിലയിൽ
ആയസ്സുള്ള പൊൻമകൻ പിറന്നു
പതിനഞ്ചാംനാൾ ഇല പുല പുണ്യാഹങ്ങളും കഴിഞ്ഞു
ഇരുപത്തെട്ടാം നാൾ തന്റെ നല്ലച്ഛനും കുളിച്ച് വന്ന്
തന്റെ നല്ലമ്മയും കുളിച്ചു വന്ന്
ഗണപതിപൂജയ്ക്കുള്ള ഒരുക്കളും പൂർത്തിയാക്കി
കിഴക്ക് തിരിഞ്ഞിരുന്ന്
പൊന്മകനെ എടുത്ത് മടിയിൽക്കിടത്തി
കുഞ്ഞിപ്പാറൻ , പാറൻ എന്നിങ്ങനെ
മൂന്നുരു പേരും വിളിച്ചു.


ഏഴ് വയസ്സിൽ ഏഴ് ശാസ്ത്രങ്ങളും
നാളോല, മടക്കോല, ചാത്തം,
മാസം ഗണിക്കുവാനും പഠിച്ചു.
ഒമ്പതാം വയസ്സിൽ വെങ്കിടങ്ങ് കളരിക്കൽ
കേളുണ്ണി ഗുരുനാഥന്റെ നാൽപ്പത്തീരടി കളരിയിൽ
ആയുധവിദ്യകളും മന്ത്രവാദം, സേവാർത്ഥങ്ങളും കഴിച്ച്
ഗുരുവിന് ദക്ഷിണയും കൊടുത്ത്
ചങ്ങരംകുമരത്ത് വീട്ടിൽ വന്ന്
കച്ച കഴിച്ച് കുളികഴിഞ്ഞ് അന്നഭോജനം കഴിച്ചു
തമൊട് തമ്പുരാനെക്കണ്ട് ആചാരോപചാരങ്ങളും കഴിച്ചു
പാലൊ സ്വാമികൾ, പറപ്പൂസ്വാമികൾ,
പത്തായക്കോട് സ്വാമികൾ
കുംഭഭരണം സ്വാമികൾ..
ഇങ്ങനെ നാല് സ്വാരികളെ കണ്ട്
കലശമാടി കൂടിയിരുന്നൂ…”


പാട്ടിൽ പറയുന്ന അയിര് നാട് – അയിരൂർ സ്വരൂപം –
ശാർക്കര കോവിലകം വകയായിരുന്നു. ചങ്ങരം കുമരത്ത് അഴകിൽത്തെളിഞ്ഞ തറവാട് അവിടെയാണ് ( മുല്ലശ്ശേരി ) . ചങ്ങരം കുമരത്ത് മാക്കോതയുടെയും ഉണ്ണൂലിയുടെയും മൂത്തമകനായിപ്പിറന്ന പാറൻ ഒമ്പതാം വയസ്സിൽ വെങ്കിടങ്ങ് കളരിക്കൽ കേളുണ്ണിപ്പണിക്കരുടെ കളരിയിൽ കച്ചകെട്ടി അഭ്യാസം തുടങ്ങി. ആയുധ വിദ്യകളും മന്ത്രവാദവും പഠിച്ച യുവാവ് പ്രസിദ്ധനായ പോരാളിയായിത്തീർന്നു. മൈലാപുരം എന്ന സ്ഥലത്തുവച്ചുണ്ടായ അങ്കത്തിൽ പങ്കെടുത്ത് പെങ്ങളുടെ നാടായ കുണ്ടലിയൂരിൽക്കൂടി മടങ്ങി വരുമ്പോൾ പുളിയ്ക്കക്കടവിൽ വച്ച് ശത്രുക്കളിൽ ആരോ പാറന്റെ നേർക്ക് നിറയൊഴിച്ചു. പുഴക്കടവിൽ വസ്ത്രം അലക്കുകയായിരുന്ന മണ്ണാത്തിയാണ് പാറന് അന്ത്യവേളയിൽ വെള്ളം കൊടുത്തത്. അച്ഛന്കളത്തിന് മണ്ണാത്തിയും മാറ്റും നിർബ്ബന്ധം. ചങ്ങരംകുമരത്ത് തറവാടുമായി ശാർക്കര പണിക്കശ്ശേരിക്കാർക്കുള്ള ബന്ധുത്വത്തിന് ഇന്നും ഇളക്കമില്ല.


പാറ മുത്തപ്പന്റെ ഉപാസനാ മൂർത്തിയായ ഭഗവതിയുടെ ക്ഷേത്രത്തിൽ നട തുറക്കലായിരുന്നു. അതിന്റെ ഭാഗമായി സർവ്വൈശ്വര്യപൂജ നടന്നു. പെങ്ങൾ വിളിച്ചറിയിച്ച പ്രകാരം സാന്നിദ്ധ്യമറിയിച്ചു .ചരിത്രമുറങ്ങുന്ന ചങ്ങരം കുമരത്ത് തറവാട്ട് വളപ്പിൽ പ്രവേശിക്കുമ്പോൾ മനസ്സ് ഉദിഗ്നമാവും. കേരളീയ നവോഥാനത്തിന് ധൈഷണിക നേതൃത്വം വഹിച്ച മിതവാദി കൃഷ്ണന്റെ വീട്ടുമുറ്റത്താണ് നിൽക്കുന്നത് !
ബുദ്ധമതം സ്വീകരിച്ച ശേഷം കൃഷ്ണൻ വക്കീൽ മഹാകവി കുമാരനാശാനോട് ബുദ്ധമതത്തിലേക്ക് പോരുന്ന കാര്യം ചർച്ച ചെയ്തു. ‘മത പരിവർത്തനമല്ല തന്റെ ലക്ഷ്യം, മത പരിഷ്ക്കരണ’ മാണെന്നായിരുന്നു ആശാന്റെ സുചിന്തിതമായ മറുപടി.

By ivayana