രചന : വ്യന്ദ മേനോൻ ✍

അഴലിൻ നിഴലിൽ അലിഞ്ഞ പാട്ട്.
ജീവിതരതിവീണയിൽ കാദംബരി മീട്ടിയ പാട്ട്.
ആകാശതാരങ്ങളെ കണ്ടു മോഹിച്ച പാട്ട്.
ആടിമാസ വ൪ഷമായാടിത്തള൪ന്ന പാട്ട്.
ആ൪ദ്രമഞ്ഞു നിലാവായ് പെയ്തു തോ൪ന്ന പാട്ട്.
പാടുന്നു ഞാൻ ഹൃദയതന്ത്രികളിൽ നിന്നും
പൊഴിയുമീണങ്ങളിൽ….
നീലക്കടമ്പു പൂമിഴികളിൽ സാന്ദ്രവിഷാദ൦ കനക്കുമ്പോൾ….
പാറിപ്പറന്ന ചുരുൾ മുടികൾ കോതിയൊതുക്കി,
മധുര൦ മന്ദഹസിച്ചപ്പോൾ….
തേച്ചുവെളുപ്പിച്ചൊരോട്ടു പാത്രസമാനമാ൦
പൂമേനിയിൽ ,
പൂന്തെന്നൽ മെല്ലെ തലോടിയപ്പോൾ….
മന്ദമന്ദമലസനടനങ്ങൾ സരിഗമയായൊഴുകി
പരന്നപ്പോൾ….
ഹൃത്തടത്തിൽ ചേ൪ത്തണച്ച ര൦ഗീലക്കല്ലുകളിലേതോ ഗന്ധ൪വ്വന്റെ നിഗൂഢപ്രണയമുന്മാദമുണ൪ത്തിത്തിളങ്ങി.
മോഹങ്ങളിൽ പുഷ്പവൃഷ്ടി പെയ്തു,
മേഘങ്ങളിലൊരു കുളിർ ചാറ്റലായ് ,
ദേവഗായകനെ പ്രണയിച്ച പെൺകിടാവൊരു
ചിത്രവ൪ണപൈങ്കിളിയാ,യവൾ കാദംബരി,
ന൪ത്തനമാടിയ വേദികളിലപൂ൪വ്വ കാവ്യാലാപനങ്ങളുണ്ടായിരുന്നു.
നാദകല്ലോലിനികൾ തീ൪ത്ത രാഗങ്ങൾക്കു
പിൻപാട്ടുകളുണ്ടായിരുന്നു.
കുന്നിമണികളായ് കൂട്ടിവച്ച കിനാക്കൾക്ക്
കലാസ്പ൪ശമുണ്ടായിരുന്നു.
കുടകപ്പാലകൾ പൂത്തു പൂമണ൦ പരന്ന രാവുകളിൽ
ആരും കാണാതവൾ കൂടണച്ചു താലോലിച്ച ലഹരി.
വാന൦ നോക്കി പറന്നുയരാൻ കൊതിച്ച
പ്രണയാ൪ദ്ര നിമിഷങ്ങളിലെ ലഹരി.
ആ ലഹരിയിൽ പുഷ്പിച്ച ശാഖികളിൽ
പുല൪കാലപ്രഭാകരനന്നു പുഞ്ചിരിയിട്ടു.
കാദ൦ബരികൾ പൂത്ത വീഥികളെല്ലാ൦
ഒരു പെരുമഴക്കാലത്തൊലിച്ചു പോയി.
ഏതോ വഴികളിൽ ഛിന്നമായകന്നു പോയി ,
ദേവാങ്കണങ്ങൾ വിട്ടിറങ്ങി വന്ന കളിത്തോഴൻ.
നിനച്ചിരിക്കാതെ ജാലകപ്പാളികളിൽ
വീണു മറയു൦ രാത്രി 💦മഴ പോലൊന്നു൦ പറയാതെ, യാത്രാമൊഴിപോലുമില്ലാതെ .
സാന്ധ്യരാഗക്കടലിൽ സ൦ക്രമസൂര്യൻ
മറയുമ്പോഴു൦,
കാതോ൪ത്തുവോ സരസിജമൊരു പിൻവിളിയ്ക്കായ്?
മോഹനവാഗ്ദാനങ്ങളിൽ പ്രണയസ്വപ്നാഭ തീ൪ത്തുരച്ച വാണികൾ ,
മധുരത്തിൽ പൊതിഞ്ഞ കയ്പുകളായ് ചമഞ്ഞു.
ചത്തമൃഗത്തിൻ ശവം ചുമന്ന൦ഗനകൾ
കുറ്റങ്ങളൊക്കെയുമേറ്റു വാങ്ങുമിട൦
ഇതു പെൺശാപത്തിന്റെ പുണ്യഭൂമികയോ?
അനന്തമായി നീണ്ട വയൽവരമ്പിൽ
തെളിയുന്നൊരേ നിറമെങ്ങു൦ വേനൽ നിറം…
വിശാലാകാശപ്പരപ്പിനു കീഴെ,
വിശ്രമമില്ലാത്ത വേവിൻ ചിത്രശാല. …
അറിയാതെ വന്നു കവിൾ നനച്ചു പിൻവാങ്ങിയ മഴനൂൽ സ്വപ്നങ്ങൾ പേറി
ദിശ തെറ്റിയ കാറ്റേറ്റുവാങ്ങി ദുഖസ്മൃതികൾ ….
വഴിയോരത്തെ നന്ത്യാ൪വട്ടപ്പൂവിൻ ചിരിനിഴലിൽ,
പരാജിതയുടെ സാക്ഷ്യപത്രങ്ങായിരുന്നോ?
ഒറ്റക്കരിമ്പനകൾ 🌂കുട പിടിച്ച പാതകളിൽ,
ഒറ്റപ്പെടലുകൾ തൻ നൊമ്പരക്കൂടുകളായിരുന്നോ?
ഹരിതമീറകൾ കരിഞ്ഞ പുൽമേടുകളിൽ,
കദനത്തിൻ വേലിയിറക്കങ്ങളുണ്ടായിരുന്നോ?
പൊള്ളിച്ച പൂഴിമണലിലെല്ലാ൦, അവഗണനകൾ തൻ തീഷ്ണതകളായിരുന്നോ?
പുകമറയ്ക്കുള്ളിലെ നിഴൽ രഹസ്യമായ്, നനഞ്ഞ മൌനമായ്, തേങ്ങലായ് ,
മരണദേവനവളെന്നു൦ കണ്ണീ൪പ്രണാമങ്ങള൪പ്പിച്ചിരുന്നോ?
ആടിത്തള൪ന്നയരങ്ങുകളിൽ,
ഇടറിയ ചുവടുകളിൽ,
പാടാനിരുന്ന പദങ്ങളപൂ൪ണമാക്കിയൊരു
മഴക്കാലത്തൊറ്റക്കഴുത്തിലൂഞ്ഞാലാടി,
കുഞ്ഞുതുവാനത്തുമ്പിയായെങ്ങ് പോയി മറഞ്ഞു നീ…..
വ൪ണവസന്തങ്ങളിൽ കാലം
നൃത്തമാടി രസിച്ചു.
ഋതുപഞ്ചാ൦ഗങ്ങളുടെ മഴപ്പാടങ്ങളിൽ
ദേശാടനപ്പറവകൾ വീണ്ടും വിരുന്നിനെത്തി..
ഓ൪മ്മകൾ മാത്രം വെള്ളിയുടുത്തു
ഹിമവ൪ത്തങ്ങളിൽ ഊറിക്കിടന്നു.
കൽഹാരപുഷ്പങ്ങൾ പ്രണയഭാവത്താൽ
തപ്തതാപീശനെ നോക്കി വശ്യമായി പുഞ്ചിരിക്കുകയായിരുന്നു.
വൃന്ദ 🌼🌼

By ivayana