രചന : ഉണ്ണി അഷ്ടമിച്ചിറ ✍
"പ്രിയപ്പെട്ട മാഷേ..... മാഷെന്നെ മറന്നിട്ടുണ്ടാവില്ലെന്ന് കരുതട്ടേ..... ". മുഴുവൻ വായിക്കുന്നതിന് മുമ്പേ കണ്ണുകൾ ഏറ്റവും ഒടുവിലത്തെ വരിയിലേക്ക് പോയി.
"..... എന്ന് സസ്നേഹം. സ്വന്തം പൂങ്കുഴലി". ഫ്രം അഡ്രസ് ഇല്ല. എൻ്റെ വിലാസം ഇവൾക്ക് എവിടുന്ന് കിട്ടി.
പൂങ്കുഴലി......
പതിനേഴുവർഷങ്ങൾക്കപ്പുറത്തു നിന്നും പൂങ്കുഴലി ക്ഷണനേരം കൊണ്ട് മുന്നിലേക്കെത്തി.അവൾ നാണിച്ചു നിന്നു. നീലയിൽ വലിയ വെള്ളപ്പൂക്കളുള്ള ഫുൾ പാവാടയും ചെമന്ന ജാക്കറ്റുമാണ് വേഷം. മിക്കവാറും ഇതുതന്നെയായിരുന്നല്ലോ നിൻ്റെ വേഷം. മഞ്ഞ ജാക്കറ്റും മഞ്ഞ പാവാടയും ധരിച്ചെത്തിയിരുന്നപ്പോഴൊക്കെ ഞാൻ”ചുന്ദരീ” ന്ന് വിളിച്ചിരുന്നു. നിൻ്റെ എണ്ണക്കറുപ്പുള്ള ശരീരമാണ് മഞ്ഞ വസ്ത്രങ്ങൾക്ക് ഭംഗി കൂട്ടുന്നതെന്നതായിരുന്നു എൻ്റെ കണ്ടെത്തൽ. എപ്പോഴും നിൻ്റെ തലമുടിയിൽ പിച്ചിയും കനകാംബരവും പൂത്തുനിന്നിരുന്നു. അതു കൊണ്ടാകാം നിനക്ക് പിച്ചിപ്പൂവിൻ്റെ മണമായിരുന്നത്. നെറ്റിയിൽ കുങ്കുമവും മഞ്ഞൾപ്രസാദവുമുണ്ടാകും. വീരഭദ്രനും ചാമുണ്ഡിയുമാണ് രക്ഷകരെന്ന് നീ ഇടക്കിടക്ക് പറയാറുണ്ട്.
കരുണൻമാമൻ്റെ കാൽതൊട്ടു വണങ്ങി വെളുപ്പിനെ ഫസ്റ്റ് ബസ് പിടിച്ചതാണ്. വളവും തിരിവും താണ്ടി മലമുകളിലെത്തുമ്പോൾ ഏതാണ്ട് ഉച്ചയോടടുത്തിരുന്നു. അപ്പോഴും മഞ്ഞ് പുകപോലെ ഇളംകാറ്റിനൊപ്പം ഓടികളിക്കുന്നതു കാണാമായിരുന്നു. തണുപ്പകറ്റാൻ കണ്ണുപൂട്ടിനിന്ന് വെയിലുകായുന്ന കഴുതകൾക്കും തെരുവുമാടുകൾക്കുമിടയിലൂടെ അധികം നടക്കുന്നതിനു മുമ്പ് കമ്പിളി പുതച്ചൊരു രൂപം എതിരേ വന്നു. മുന്നിൽ വന്ന് നിന്ന അയാൾ കറ പിടിച്ച പല്ലുകൾ കാട്ടി.
” ആമാ… സാർ. നീങ്കെ പുതിശ്ശാ വന്ന വാദ്ധ്യാര് താനാ”.
” ഉങ്കളെ കൂട്ടിട്ട് വരേ HM ശൊന്നാങ്കേ…….നാൻ താൻ വേലാണ്ടി” അയാൾ മഞ്ഞപ്പല്ല് വീണ്ടും കാട്ടി. കമ്പിളി പുതപ്പ് അയച്ച് ഒന്നുകൂടി വീശിച്ചുറ്റി. അതുണ്ടാക്കിയ കാറ്റ് ഒരു ദുഷിച്ച മണം പരത്തി കടന്നു പോയി. രാജാവിനെ വരവേറ്റുകൊണ്ടു പോകുന്ന പരിചാരകനെ പോലെ അയാൾ മുന്നിൽ നടന്നു.
” ഇത് താൻ നമ്മ പള്ളിക്കൂടത്തില് പുതിശ്ശാ വന്ത വാദ്ധ്യാര്….. പാര്”. മുന്നിൽ കണ്ട എല്ലാവരോടും അയാളിത് വിളിച്ചു പറഞ്ഞു കൊണ്ട് നടന്നു. എൻ്റെ പെട്ടി അയാൾ തലച്ചുമടായി ഏറ്റിയിരുന്നു. ജൈവവേലികൾ അതിരു തിരിച്ച ചെറിയ വീടുകൾക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ വേലി പടർപ്പുകളിൽ നിന്നും പച്ചവിട്ടിലുകളും ചെറുകിളികളും വഴിമുറിച്ച് പറന്നു പോയി. വേലാണ്ടിയുടെ അറിയിപ്പ് കേട്ടിട്ടാകണം ഏതോ വേലിക്കൽ നിന്നും ഒരു പച്ചവിട്ടിൽ എൻ്റെ മുന്നിലേക്ക് ചാടി.
“സാമീ….. നീങ്കെ പുതിശാ വന്ത വാത്തിയാരാ “. അവളുടെ കണ്ണുകൾ അത്ഭുതം കൂറിയത് എന്തിനായിരുന്നാവോ ?.
” ഇത് നാൻ എടുത്ത്ക്കിറേ”എൻ്റെ ഷോൾഡർ ബാഗിൻ്റെ വള്ളിയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. നടക്കുമ്പോൾ വെള്ളിക്കൊലുസ് ചിണുങ്ങിക്കൊണ്ടിരുന്നു. അത് കേട്ടിട്ടാകാം കുപ്പിവളകളും ഇടയ്ക്കൊക്കെ കലപിലകൂട്ടി. ബാഗും തൂക്കി മുന്നിൽ നടക്കുന്ന പച്ചവിട്ടിലിനോട് വെറുതേയൊന്ന് കുശലം ചോദിച്ചു.
“എന്താ കുട്ടീടെ പേര് “. അവൾ തിരിഞ്ഞു നോക്കി. അപ്പോഴും ആ കണ്ണുകളിലെ കുസൃതി മാഞ്ഞിരുന്നില്ല.
“ഞാനോ….. ഞാൻ…… പൂങ്കുഴലി”. തണുത്ത വടക്കൻ കാറ്റിലൂടെ ഒരു സംഗീതം പോലെ അത് ഒഴുകി വരുന്നതറിഞ്ഞു. എൻ്റെ ഇടം നെഞ്ചിലെ ചൂടിലത് അലിഞ്ഞു ചേർന്നു. “പൂങ്കുഴലി..” ചുണ്ടുകളേറ്റു പറഞ്ഞത് ഞാനറിഞ്ഞില്ല. “ഗേൾ വിത്ത് ബ്യൂട്ടിഫുൾ ഹെയർ” ഉള്ളിലെ നിഘണ്ടുവിൽ തെളിഞ്ഞ അർത്ഥം ഒത്തു നോക്കി. രണ്ടായി വകഞ്ഞിട്ട കാർകൂന്തലഴകിൽ പിച്ചിയും കനകാംബരവും സൗഹൃദം പങ്കുവയ്ക്കുന്ന കാഴ്ചയും കണ്ട് അവളുടെ പുറകേ നടന്നു. യാത്രയാക്കിയപ്പോൾ കരുണൻമാമ തന്ന നൂറിൻ്റെ നോട്ട് ചുരുട്ടിയ നിലയിൽ കൈവെള്ളയിലുള്ളത് അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ചുളിവ് നിവർത്തി നോട്ട് പേഴ്സിൽ തിരുകി. പാവം മാമ, അദ്ദേഹത്തിൻ്റെ ദാനമാണീ ജീവിതം. സാഹചര്യങ്ങൾ മോശമായിരുന്നപ്പോഴും അദ്ദേഹമെന്നെ പഠിപ്പിച്ചു. ആ ഏക ബന്ധുവിൻ്റെ നിർബന്ധബുദ്ധി കാരണമാണ് തനിക്കീ ജോലി നേടാനായത്. ശമ്പളം കിട്ടി തുടങ്ങിയാൽ എല്ലാമാസവും ഒരു വിഹിതം അയച്ചുകൊടുക്കണം. അത് കടമയാണ്.
പ്രധാന അദ്ധ്യാപകൻ ഏർപ്പാടാക്കിയ വീടിൻ്റെ വരാന്തയിൽ പെട്ടി ഇറക്കി വച്ച് വേലാണ്ടി നിലത്തിരുന്നു.
” വേലാണ്ടീ…… ഇവിടെ തമിഴർ മാത്രമേ ഉള്ളോ?”.
വേലാണ്ടി ചിരിച്ചു. എന്തോ ബോധ്യപ്പെടുത്താൻ അയാൾ തയ്യാറെടുക്കുകയാണ്.
” ഇല്ല സാർ ഇത് കേരള താനേ. ഇങ്കേ എല്ലാരും മലയാളിതാൻ “. പെട്ടെന്നയാൾ നിർത്തി. മലയാളിയാണെന്ന് തെളിയിക്കാൻ വായ്മൊഴി മലയാളത്തിലേക്ക് മാറ്റി.
“മാഷേ…… ഇവിടെ എല്ലാവർക്കും മലയാളം വായിക്കാനും എഴുതാനും അറിയും. ഞങ്ങളൊക്കെ മാഷിൻ്റെ സ്കൂളിൽ പഠിച്ചിരുന്നവരാ….. “.താൻ പറയുന്നത് വിശ്വസിക്കുന്നുണ്ടോ എന്നറിയാനാകാം അയാൾ എൻ്റെ മുഖത്തേക്ക് നോക്കി.
” രണ്ടോ മൂന്നോ തലമുറ മുമ്പ് തമിഴ്നാട്ടിൽ നിന്നും എത്തിയ തോട്ടം തൊഴിലാളികളുടെ പിൻതലമുറക്കാരാണ് ഞങ്ങൾ. പരസ്പരം കാണുമ്പോഴുള്ള തമിഴ് പേച്ചൊഴിച്ച് തമിഴ്നാടുമായി മറ്റ് ബന്ധങ്ങളൊന്നുമില്ല”. ഈ പറഞ്ഞതെല്ലാം ശരിയാണെന്ന് വരുത്തി തീർക്കാൻ ഉദാഹരണവും അയാൾ നിരത്തി.
“സാറ്…. അഗ്രഹാരങ്ങളിൽ പോയിട്ടുണ്ടോ അവിടെ അവർ തുളുവോ കൊങ്ങിണിയോ മറ്റോ ആണ് സംസാരിക്കുന്നത്. പക്ഷേ പുറത്ത് മലയാളമാകും…”. അയാൾ പറഞ്ഞത് മലയാളമാണേലും ഒരു തമിഴ്ചുവ തോന്നിയിരുന്നു. ഞാൻ കൊടുത്ത കൂലി സ്നേഹപൂർവ്വം നിരസിച്ച്, നന്ദി പറഞ്ഞ് വേലാണ്ടി പോയി. പൂങ്കുഴലിയാണ് അയാളെ കുറിച്ച് ബാക്കി കാര്യങ്ങൾ പറഞ്ഞത്. സെക്രട്ടറിയേറ്റിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരുന്നു വേലായുധനെന്ന വേലാണ്ടി. കഷ്ടി രണ്ടു വർഷത്തെ അനന്തപുരി വാസത്തിനൊടുവിൽ ഇനിയീ ശ്വാസം മുട്ടലിൽ ജീവിക്കാനാവില്ലെന്ന് സ്വയം പ്രഖ്യാപിച്ച് ജോലി ഉപേക്ഷിച്ച അയാൾ തോട്ടം തൊഴിലാളിയിലേക്ക് മടങ്ങി.
“മാഷേ….. തേയിലച്ചെടിക്ക് വളരാൻ ഈ അന്തരിക്ഷം തന്നെ വേണം”. വേലാണ്ടിയെ ന്യായീകരിച്ചതാകാം അവൾ.
” പക്ഷേ… കമ്മ്യൂണിസ്റ്റ്പച്ചകൾ എവിടെ വേണേലും വളരും കുട്ടീ….. അത് അവരുടെ നിയോഗമാണ് “. ഒരു കമ്മ്യൂണിസ്റ്റ്പച്ചയെയെന്ന പോലെ അവളെന്നെ നോക്കി. എൻ്റെ മുന്നിലൊരു തേയിലച്ചെടിയായി അവളും നിന്നു.
ഒറ്റപ്പെട്ട നിലയിലായിരുന്നു എൻ്റെ വാസസ്ഥലം . കൂട്ടുകൂടാൻ അടുത്താരുമില്ലാതെ ഒരു കൂറ്റൻ ഞാവൽമരം ഏകാന്തവാസം നയിച്ചിരുന്ന ഭൂമിയിലായിരുന്നു ആ വീട്, ഏറേ പഴക്കമുള്ള ചെറിയ വീട്. കിഴക്കേ ചരിവിൽ പല തട്ടുകളിലായി കുറച്ച് വീടുകൾ കാണാം. അതിലേതോ ആണ് പൂങ്കുഴലീടേത്. മിക്കവാറും ദിവസങ്ങളിൽ അവളാകും കണിക്കാഴ്ചയാകുക. ചായയും മനോരമ പത്രവുമായിട്ടാകും ആദ്യവരവ്. പിന്നീട് പ്രഭാത ഭക്ഷണവുമായി വീണ്ടും വരും, ഉച്ചയൂണ് സ്കൂളിലെത്തിക്കും, ഇടക്കെപ്പഴോ വന്ന് വീടും വൃത്തിയാക്കിയിടും. എല്ലാം ഞാൻ പറഞ്ഞേൽപ്പിച്ചതാണെന്ന് തോന്നും. പക്ഷേ പ്രധാന അദ്ധ്യാപകൻ ദേവരാജൻ മാഷിൻ്റെ ഏർപ്പാടായിരുന്നെന്ന് പിന്നീടറിഞ്ഞു.
ഒഴിവാക്കാതിരിക്കാൻ മാഷ് അവളുടെ കഥയും പറഞ്ഞു. സ്വന്തമായി ഒരു പാട്ടി മാത്രമുള്ള പൂങ്കുഴലി എൻ്റെ പ്രതിഫലനമാണെന്നറിഞ്ഞു. ആദ്യ ശമ്പളം കിട്ടിയപ്പോൾ തന്നെ കരുണൻ മാമയ്ക്ക് മരുന്നിനും ബീഡിക്കും നിത്യ ചിലവിനുമുള്ള കാശ് മണിയോർഡറാക്കി. ദേവരാജൻ മാഷ് കണക്കുകൂട്ടി പറഞ്ഞതിലും കൂടുതൽ തുക പൂങ്കുഴലിക്ക് കൊടുത്തു. അതും വാങ്ങി ഉമ്മറപ്പടി കടന്നപ്പോൾ പുറകിൽ നിന്നും വിളിച്ചു.
” പൂങ്കുഴലീ….. ഒരു നിമിഷം”. അവൾ തിരിച്ചു വന്നു. ലേശം പരിഭ്രമത്തോടെയാണേലും പോക്കറ്റിൽ നിന്നെടുത്ത നൂറിൻ്റെ അഞ്ചു നോട്ടുകൾ ചേർത്തുവച്ച് അവളുടെ നേർക്ക് നീട്ടി.
“ഇത് എത്ക്ക് മാഷേ… “. പൂങ്കുഴലി രണ്ടടി പുറകോട്ട് മാറി.
” ഇത് വച്ചോളൂ… നാളെ ടൗണിൽ പോയി ഇഷ്ടമുള്ള ഡ്രസ്സ് വാങ്ങിച്ചോളൂ”.
“അയ്യയ്യോ….. അതു തപ്പ്. അപ്പടി വാങ്കക്കൂടാത്”. അവൾ കൂപ്പുകൈയ്യോടെ എന്നെ നിരസ്സിച്ചു.
” പൂങ്കുഴലീ….. “. എൻ്റെ വിളിയിലെ ആർദ്രത അറിഞ്ഞിട്ടാണോ ആവോ അവൾ തിരിഞ്ഞു നിന്നു.
” ഇത് എൻ്റെ ആദ്യത്തെ ശമ്പളമാണ്. എന്തെങ്കിലും വാങ്ങിക്കൊടുത്ത് ആഘോഷിക്കാൻ എനിക്ക് ആരുമില്ല. നീ നിരസിക്കില്ലെന്ന് വെറുതേ പ്രതീക്ഷിച്ചു പോയി “.
“മാഷേ…. “. ആ കൈകൾ എൻ്റെ നേരേ നീണ്ടു. ആ കണ്ണുകൾ എൻ്റെ മുഖം പകർത്തി നിന്നു. കൈയ്യിലെ കാശ് ഇരു കണ്ണുകളിലും മുട്ടിച്ച ശേഷം കൈകൾ കൂപ്പി നിന്നു.
“നന്ദ്രി മാസ്റ്റർ….. ഇതു പോലെ എൻ വാഴ്തയില് സന്തോഷം തന്നതുക്ക് …. രൊമ്പ നന്ദ്രി….”. ആ കണ്ണുകൾ നിറയുന്നതു കണ്ടു. കൂട്ടത്തിൽ നിന്നൊരു നോട്ടെടുത്ത് എൻ്റെ തലയ്ക്കുഴിഞ്ഞ് മാറ്റിപ്പിടിച്ചു.
” ഇത് വീരഭദ്രസാമിയ്ക്കു അർച്ചന പണ്ണവേണ്ടിയ പൊരുൾ “. ഞാൻ അതിനു് വേറെ കാശ് നീട്ടി.
“വേണ്ട മാഷേ…… ഇത് പോതും “. അവൾ ചിരിച്ചു. കറുത്തതായിട്ടും ആ കവിളത്ത് കനകാമ്പരപ്പൂവിൻ്റെ നിറം കണ്ടു, ആ ചുണ്ടുകൾക്കിടയിൽ പിച്ചകമൊട്ടുകൾ തെളിഞ്ഞു. പിന്നീടുള്ള ദിനങ്ങളിൽ പൂങ്കുലി എൻ്റെ ഭാഗമായി മാറുകയായിരുന്നു. ഞങ്ങളുടെ സൗഹൃദം ആ കാർകൂന്തലിലെ പിച്ചിയും കനകാമ്പരവും പോലെ പരസ്പരം നോക്കിച്ചിരിച്ചും, മുട്ടിയുരുമിയും, ഒരേ വള്ളിയിൽ കെട്ടുപിണഞ്ഞു കിടന്നും ആഘോഷമാക്കി.
ഒരു പകലിലെ ആടി തിമർപ്പിനൊടുവിൽ രക്തം കണ്ടിട്ടും മതിയാകാതെ പടിഞ്ഞാറേ ചക്രവാളത്തിൽ രുധിര സ്നാനത്തിനിറങ്ങിയ കതിരോനെ സാക്ഷിയാക്കി പൂങ്കുഴലിയെ നെഞ്ചോട് ചേർത്തു നിർത്തി. ആ ചെവിയിൽ ഒരു മന്ത്രം പോലെ ചൊല്ലി. “ഞാൻ ഉന്ന കല്യാണം പണ്ണട്ടുമാ….”. ഒരു തമിഴനാകാനുള്ള മൂഡിലായിരുന്നു ഞാൻ.
“കല്യാണമാ….. ഇന്നേക്കും നാളേക്കും മറ്റന്നാളുക്കും അപ്പടി കല്യാണം പണ്ണിനേ ഇരുക്കലാം “. അവൾ സർവ്വശക്തിയുമെടുത്ത് എന്നോട് ഒട്ടിചേർന്നു.
ഒരു ദിവസം രാത്രി എട്ടുമണി കഴിഞ്ഞനേരത്ത് വാതിലിൽ ആരോ മുട്ടിയെന്ന് തോന്നി, ഏതോ വാഹനത്തിൻ്റെ ശബ്ദവും കേട്ടിരുന്നു. സത്യമൂർത്തിയായിരുന്നത്. അയാളുടെ പഴയ ലാംബ്രട്ടസ്കൂട്ടർ മുറ്റത്തുണ്ടായിരുന്നു. കവലയിൽ കട നടത്തുന്ന ആളാണ്. ദിവസവും കാണാറുണ്ട്, ചിരിക്കാറുമുണ്ട്.
” ഞാൻ സത്യമൂർത്തി…. മാഷ്ക്ക് എന്നെ മനസ്സിലായിട്ടുണ്ടാവുമല്ലേ?”.
” അറിയും…. എന്താ വിശേഷിച്ച്….. അതും ഈ രാത്രിയില് “.ചിരിച്ചു കൊണ്ടു തന്നെ എല്ലാം കേൾക്കാൻ തയ്യാറായി ഞാൻ നിന്നു.
” മാഷ്….. എന്നെയൊന്ന് സഹായിക്കണം”. അയാൾ മുന്നോട്ട് വച്ച അഭ്യർത്ഥന എൻ്റെ നെഞ്ച് പൊളളിച്ചു. അയാൾക്ക് പൂങ്കഴലിയെ ഇഷ്ടമാണ്, കല്യാണം കഴിക്കണം. നേരിട്ട് പറഞ്ഞു, വീട്ടുകാരോട് ആലോചിച്ചു, ദേവരാജൻ മാഷ് മുഖാന്തിരവും ശ്രമിച്ചു. അവസാന അത്താണിയെന്ന നിലക്കാണ് എൻ്റടുത്ത് വന്നിട്ടുള്ളത്. വല്ലാത്ത അവസ്ഥയിലാണ് എന്നാലും എല്ലാം മറച്ചു വച്ച് ഗൗരവം കാട്ടി.
“ഇതിപ്പോ…. ഞാനെന്തു ചെയ്യാനാണ് . എന്നെ ഒഴിവാക്കണം”. ഞാൻ കൈ കൂപ്പി . ശിവമൂർത്തിക്ക് വിടാനുദേശമില്ല. മരിച്ചു പോയ അനുജത്തീടെ രൂപവും ഭാവവുമൊക്കെ അയാൾ പൂങ്കുഴലിയിൽ ദർശിച്ചതാണ് പ്രശ്നമായിരിക്കുന്നത്.
അയാളുടെ ലോജിക് എനിക്ക് ദഹിക്കുന്നതായിരുന്നില്ല. സത്യമൂർത്തി അയാളുടെ സ്വത്തുവിവരങ്ങൾ നിരത്തി. എല്ലാം പൂങ്കുഴലീടെ പേർക്ക് എഴുതിവയ്ക്കാമെന്നും ഉറപ്പ് നൽകി. നിഷ്ക്രീയനായി നിൽക്കുന്ന എൻ്റെ മറുപടിക്കു നിൽക്കാതെ സത്യമൂർത്തി ഇറങ്ങിപ്പോയി. എന്തോ ഓർത്തിട്ടെന്ന പോലെ തിരിച്ചു വന്നു.
“അവളില്ലാമേ നാൻ വാഴ്‌വേ മാട്ടേ” അപ്പോഴയാൾ പറഞ്ഞത് തമിഴായിരുന്നു. ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. സത്യമൂർത്തിയെ കുറിച്ച് ഞാനും പൂങ്കുഴലിയും ചർച്ച ചെയ്തതേയില്ല. അതിനുള്ള ധൈര്യം ഞങ്ങൾക്കില്ലായിരുന്നു എന്നതാണ് സത്യം .
ഒരിക്കൽ, സന്ധ്യ വന്നു മടങ്ങിയതിനു ശേഷമാണ് അത് സംഭവിച്ചത്. കിഴക്കേ ചരിവിൽ നിന്നും മനുഷ്യരുടെ നിലവിളി കേട്ടിട്ടാണ് ഞാൻ വീട്ടിന് പുറത്തു വന്ന് നോക്കിയത്. ടോർച്ചും പിടിച്ച് ചരിവിറങ്ങി വീടുകളുള്ള ഭാഗത്തേക്ക് ഞാനോടി. പൂങ്കുഴലിയുടെ വീടിനു മുന്നിലായിരുന്നു ഈ ബഹളമെല്ലാം. ഏതാനും പേർ ചേർന്ന് പിടിച്ചു വച്ചിരിക്കുന്ന വ്യക്തി സത്യമൂർത്തിയാണെന്ന് മനസ്സിലായി.
അയാളാകെ നനഞ്ഞിരിക്കുന്നു. അവിടമാകെ മണ്ണെണ്ണയുടെ ഗന്ധം പരന്നിരുന്നു. അവിടെയൊരു ആത്മഹത്യ ശ്രമമാണ് അരങ്ങേറിയതെന്ന് മനസ്സിലായി. പക്വതയില്ലാത്ത ആ മനുഷ്യൻ്റെ ചാപല്യങ്ങൾ കണ്ട പലരുടേയും കണ്ണ് നിറഞ്ഞിരിന്നു , ഒരു വിങ്ങൽ ഉളളിലൊതുക്കുന്നവരായി അവർ നിന്നു . നിഷ്കളങ്കരായ ഒരു ജനതയിൽ നിന്നും ഇതേ പ്രതീക്ഷിക്കാനാകൂ. ഇരുട്ടിന് കനം വച്ചു തുടങ്ങിയിരുന്നു. ആരും ഇതുവരെ എന്നെ തിരിച്ചറിഞ്ഞിട്ടില്ല എന്നത് ഒരു ഭാഗ്യമായി തോന്നി. ആൾ കൂട്ടത്തിൻ്റെ പിന്നിലായി കട്ടിയുള്ള ഇരുട്ടിലേക്ക് വലിഞ്ഞു നിൽക്കാൻ ആ അറിവെന്നെ പ്രേരിപ്പിച്ചു. കമ്പിളിപ്പുതപ്പ് തലവഴി മൂടുകയും മുഖം ഭാഗികമായി മറയ്ക്കപ്പെടുകയും ചെയ്തപ്പോൾ കുറച്ചു നേരം കൂടി അവിടെ തുടരാനുള്ള മനോധൈര്യം കിട്ടി. സമാനമനസ്സുകൾ ഒന്നിച്ചു കൂടിയപ്പോൾ സത്യമൂർത്തിയ്ക്ക് പിന്തുണയേറി. അപ്പോൾ കാലം എന്നോ കടപുഴക്കി എറിഞ്ഞ “നാട്ടുകൂട്ടം”പുനർജനിക്കുകയായിരുന്നു.
അവിടെ നടന്ന ചർച്ചകൾ ഇരുട്ടിൻ്റെ ആത്മാവായി ഞാൻ കേട്ടു നിന്നു. സത്യമൂർത്തിയുടെ ആസ്തിയെ കുറിച്ചും അയാളുടെ നന്മകളെ കുറിച്ചും അവർ ചർച്ച ചെയ്തു. പൂങ്കുഴലിയുടെ പ്രവർത്തിയെ അഹങ്കാരമായി അവർ വിലയിരുത്തി. കൂടുതൽ കേട്ടു നിൽക്കാനായില്ല. തിരിഞ്ഞു നടന്നു, ഇരുട്ടിൽ നിന്നും കൂരിരുട്ടിലേക്ക്. പിന്നീടുള്ള ദിവസങ്ങളിലൊന്നും എനിക്ക് കണിക്കാഴ്ച്ചയാകാൻ പൂങ്കുഴലി വന്നില്ല. പകരം വന്നയാളെ ഞാനായിട്ട് ഒഴിവാക്കി. സത്യമൂർത്തിയുടേതായതിനു ശേഷം പൂങ്കുഴലിയെ കാണാൻ ഞാൻ ശ്രമിച്ചതേയില്ല.
ഒരു പുലർകാലത്ത് മഞ്ഞിൻ മറനീക്കി സൂര്യരശ്മികൾ കടന്നു വരുന്നത് വെറുതേ നോക്കിയിരിക്കുകയായിരുന്നു ഞാൻ. ആ രശ്മികളെ തോൽപ്പിച്ച് മുന്നിലെത്തിയ നിഴലിനെ ഞാൻ തിരിച്ചറിഞ്ഞു. പിച്ചിപ്പൂ മണമുള്ള ആ നിഴൽ വീണ്ടുമെൻ്റെ ജീവിതത്തിന്മേൽ പതിച്ചു. എനിക്കു ചുറ്റും ഓടിക്കളിക്കുകയായിരുന്ന ‘പുകമഞ്ഞിനെ വാരിയെടുത്ത് ശീതക്കാറ്റ് അകലത്തേക്കു പോയി.
” സത്യമൂർത്തിക്ക് രൊമ്പ പാശമിറുക്ക്… എന്നാ തങ്കച്ചിക്കിട്ട് ഇറുക്കറമാതിരി. ചിന്ന വയസ്സിലേ തങ്കച്ചി ഇരന്ത് പോച്ച് … അതിനാലെ അപ്പടിതാൻ പാപ്പാര്.”. പൂങ്കുഴലിയുടെ മുഖത്ത് നിരാശയില്ല. എല്ലാം ചിരിച്ച മുഖത്തോടെയാണവൾ പറഞ്ഞത്. അതിനുള്ളിൽ സമർത്ഥമായി വേദന ഒളിപ്പിച്ചിരുന്നോ എന്നറിയില്ല. തമിഴ് ഗ്രഹിക്കാൻ എൻ്റെ മുഖം ബുദ്ധിമുട്ട് കാട്ടിയത് മനസ്സിലാക്കിയിട്ടാവണം അവൾ മലയാളത്തിൽ തുടർന്നു.
” മാഷേ….. എന്നോട് ഒത്തിരി സ്നേഹം കാട്ടും. എനിക്ക് എന്തിനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. പക്ഷേ രാത്രി ഏഴു മണി കഴിഞ്ഞാൽ കുളിച്ച് ശുദ്ധിയായി മുല്ലപ്പൂചൂടി, കഴുത്തിൽ പൂമാല അണിഞ്ഞ് നിൽക്കണം.
അനുജത്തി ധരിച്ചിരുന്നതു പോലുള്ള വസ്തങ്ങൾ മാത്രമേ ധരിക്കാവൂ. പൂജാമുറിയിലെ പീഠത്തിലിരുത്തി ആരതി ഉഴിയും. പിന്നെ പഴങ്ങളും മധുര പലഹാരങ്ങളും നിവേദ്യമായി നിരത്തും. അതിൽ ചിലതെങ്കിലും ഞാൻ കടിച്ചിട്ട് കൊടുക്കണം. അത് പ്രസാദമെന്ന പോൽ ഇരുകൈകൾ നീട്ടി സ്വീകരിച്ച് ശാപ്പിടും. എന്നെ പട്ടുമെത്തയിൽ കിടത്തി കമ്പിളി കൊണ്ട് മൂടും. വേഗം കണ്ണടച്ച് തൂക്കം നടിക്കും, അപ്പടി അല്ലേന്നാ മൂർത്തി താരാട്ട് നിറുത്തമാട്ടേ”. ഒരു തണുത്ത കാറ്റ് തഴുകിപ്പോയതിൻ്റെ പിന്നാലെ അവളുടെ ചുടുനിശ്വാസവും ഞാനറിഞ്ഞു.
” വീണ്ടും പുലരിയിൽ ഞാൻ പൂങ്കുഴലിയാകും…… സത്യമൂർത്തിയുടെ ഭാര്യ”. മുഖത്തെ പരിഹാസച്ചിരിയിൽ ഒളിപ്പിക്കാനാകാതെ ഒരു ദുഖം തെളിഞ്ഞു നിന്നു.
“ഇപ്പോൾ വീരഭദ്രനും ചാമുണ്ഡിക്കുമെല്ലാം നേർച്ചകളും വഴിപാടുകളും നടത്തുന്നുണ്ട്”. അവളുടെ കണ്ണുകൾ ആകാശത്തിലെവിടെയോ മറഞ്ഞിരിക്കുന്ന ദൈവങ്ങളെ അന്വേഷിച്ചു. പൂങ്കുഴലിക്ക് വീണ്ടും ഇവിടെ എത്താൻ കഴിഞ്ഞതെങ്ങിനെ എന്നതായിരുന്നു എനിക്കറിയേണ്ടിയിരുന്നത് .
” കഴിഞ്ഞ ദിവസം മൂർത്തി നാട്ടുകാരുടെ നന്മയെ വാഴ്ത്തി പറഞ്ഞു. അവർ കാരണമാണത്രേ എന്നെ കെട്ടാനായതെന്നയാൾ പറഞ്ഞു. ഞാനെതിർത്തു. ഞാൻ പറഞ്ഞു മാഷ് നിർബന്ധിച്ചതു കാരണമാണ് അങ്ങിനെ സംഭവിച്ചതെന്ന്. ആരാണ് എന്നെക്കൊണ്ട് അങ്ങിനെ പറയിച്ചതെന്നറിയില്ല. മൂർത്തി എന്നിലൂടെ മാഷിനെ അറിഞ്ഞു. അങ്ങിനെ എനിക്കു വീണ്ടും ഇവിടെ എത്താനായി”.
” സത്യമൂർത്തി ഒരു മനോരോഗിയാണെന്ന് പൂങ്കുഴലിക്കു മനസ്സിലായില്ലേ?”. അതേന്ന് അവൾ തലയാട്ടി.
“വീരഭദ്രനും ചാമുണ്ഡിയും എല്ലാം ശരിയാക്കും മാഷേ”. പിന്നീടുള്ള ദിവസങ്ങളിൽ അകലം കുറഞ്ഞു കുറഞ്ഞ് ഞങ്ങൾ പഴയ ഞങ്ങളായി. പക്ഷേ ഉള്ളിൻ്റെയുള്ളിൽ പേടിപ്പെടുത്തുന്ന എന്തോ ഒന്ന് എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. ഒരിക്കൽ പൂങ്കുഴലിയോട് ഞാനത് പങ്കുവച്ചു.
“നമ്മൾ ചെയ്യുന്നത് വലിയ പാപമാണ്. ഇതെല്ലാം ഏത് ഗംഗയിൽ കഴുകി കളയും”.
” എനിക്കറിയാം മാഷേ…. പക്ഷേ എനിക്ക് മാഷിനെ ഉപേക്ഷിക്കാനാവില്ല. അപരാധ ചിന്തകൾ മനസ്സിൻ്റെ നിലതെറ്റിക്കുമെന്ന് തോന്നിയ ഒരു ദിവസം ഒരു മരണം പ്രതീക്ഷിച്ചു കൊണ്ടുതന്നെ ഞാനെല്ലാം മൂർത്തിയോട് തുറന്നു പറഞ്ഞു. മൂർത്തി ചിരിച്ചു. “നീ എനിക്ക് തങ്കച്ചി താനേ…… നീ എന്നാ തപ്പ് പണ്ണിയാലും ഈ അണ്ണാവുക്ക് അത് തപ്പ് അല്ലൈ”. “.
സത്യമൂർത്തി എല്ലാം അറിഞ്ഞു എന്നത് ഒരു വെള്ളിടി പോലെ നെഞ്ചിൽ പതിച്ചു. ദേവരാജൻ മാഷിനോട് എല്ലാം ഏറ്റുപറഞ്ഞ്, ഒരു ദീർഘ അവധിക്കുള്ള അപേക്ഷ വച്ച് അന്ന് ആ നാട് വിട്ടതാണ്. പിന്നെയൊരു തീർത്ഥയാത്രയായിരുന്നു. ചിദംബരനാഥനെ വണങ്ങി, പാപനാശിനികളിൽ മുങ്ങി, ഒടുവിൽ കൈലാസനാഥൻ്റെ മുന്നിലെത്തി എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞ് മടങ്ങിയെത്തി. കേരളത്തിൻ്റെ വടക്കേ അറ്റത്തൊരു സ്കൂളിൽ വീണ്ടും അദ്ധ്യാപകവേഷത്തിൽ.
ജനാലയിലൂടെ കടന്നു വന്ന വരണ്ടകാറ്റ് കയ്യിലെ ലെറ്ററിനെ പിടിച്ചു വലിച്ചു. എനിക്ക് തമിഴ് വായിക്കാൻ അറിയാത്തതിനാലാവും അവൾ മലയാളത്തിൽ എഴുതിയിരിക്കുന്നത്.
“മാഷേ…. മാഷ് പറയാതെ പോയതിൽ തീരെ പരിഭവമില്ല. അതൊക്കെ അങ്ങിനെ സംഭവിക്കേണ്ടതായിരിക്കാം. പക്ഷേ അത് എനിക്കേൽപ്പിച്ച പരുക്ക് വലുതായിരുന്നു. അതിൽ നിന്നൊക്കെ കരകേറ്റിയത് മൂർത്തിയുടെ സ്നേഹമായിരുന്നു. വീരഭദ്രനും ചാമുണ്ഡിയും അനുഗ്രഹിച്ചതുകൊണ്ടാകാം ക്രമേണ അയാളെന്നിലെ പൂങ്കുഴലിയെ തിരിച്ചറിഞ്ഞു. തങ്കച്ചി സങ്കൽപ്പം എങ്ങോ മറയുകയും ചെയ്തു. സ്നേഹസമ്പനനായ ആ ഭർത്താവ് ഒരിക്കലും ഭാര്യയുടെ ഭൂതകാലത്തെ ചികഞ്ഞ് പുറത്തിട്ടില്ല. പക്ഷേ ആ സ്നേഹവും അധികാലം നീണ്ടില്ല. പതുങ്ങിയെത്തിയ മരണം മൂർത്തിയെ കൊണ്ടുപോയി. അർബുദമായിരുന്നു മാഷേ. വീണ്ടുമൊരു അനാഥ ജന്മമായി ഞാൻ. ഇപ്പോൾ എൻ്റെ അവസ്ഥയും അതുതന്നെയാണ്. വേദന തിന്നു മതിയായി. മരണത്തെ വരിക്കാൻ തിരുമാനിച്ചു കഴിഞ്ഞു. മാഷേ…. മാഷൊന്നു കൂടി ഈ നാട്ടിലേക്ക് വരണം. ഭാര്യയേയും കുട്ടികളേയും കൂട്ടി വന്ന് വീരഭദ്രനേയും ചാമുണ്ഡി യേയും തൊഴണം.
അതെൻ്റെയൊരു നേർച്ചയാണ്. മാഷ് എന്നെ അന്വേഷിക്കരുത്. ഈ ലറ്റർ പോസ്റ്റു ചെയ്തു കഴിഞ്ഞാൽ പിന്നെ ഞാനും ഉണ്ടാവില്ല…….”. വീണ്ടും ലെറ്റർ വായിക്കാൻ ചോദിച്ച കാറ്റിന് അതു വിട്ടുകൊടുത്തു. നിർവികാരത എന്നെ തളർത്തിയിരിക്കുകയാണ്. നാളെ പുലർച്ചെ പുറപ്പെടണം. വീരഭദ്രനും ചാമുണ്ഡിയും കാത്തിരിക്കുന്നുണ്ടാവും. അവരെ കാണണം താൻ ഒറ്റത്തടിയാണെന്ന് ബോധ്യപ്പെടുത്തണം. എൻ്റെ ദൈവങ്ങളേ…. എൻ്റെ പൂങ്കുഴലിയെ കാത്തുകൊളളണേ. ബസ്സിറങ്ങി നടക്കുമ്പോൾ ഏതെങ്കിലും ജൈവവേലിയിൽ നിന്നും ഒരു പച്ചവിട്ടിലുപോലെ അവളെൻ്റെ മുന്നിലെത്തണേ…
🔴