രചന : ശ്രീകുമാർ എം പി✍

“മൂവ്വരയനാമണ്ണാനെ
മരംചാടിയാമണ്ണാനെ
മുതുകത്തിത്ര പകിട്ടിൽ
വരകളെങ്ങനെ വന്നു?”
“അറിയാത്തവരില്ലതു
പണ്ടെന്നുടെ മുത്തശ്ശൻ
പാവംസീതയെ രക്ഷിയ്ക്കാൻ
പാലം പണിയ്ക്കായി കൂടി
ഒത്തിരിയൊത്തിരി കല്ല്
വാരിവാരി വാനരൻമാർ
വേഗംവേഗം പണിയവെ
പാവമെന്നുടെ മുത്തശ്ശൻ
കുഞ്ഞായിരുന്നന്നെന്നാലും
നേരമൊട്ടും കളയാതെ
മുങ്ങിക്കയറി വന്നിട്ടു
മണ്ണിൽക്കിടന്നങ്ങുരുണ്ടു
മണ്ണുപൊതിഞ്ഞാ ദേഹത്തെ
മണ്ണു ചൊരിയേണ്ടിടത്തു
ചെന്നു കുടഞ്ഞു ചൊരിഞ്ഞു
അങ്ങനെയന്നു, ദൈവമെ !
രാമസേതുവുയരവെ
രാമദേവൻ മുത്തശ്ശനെ
യരികിലണച്ചു പിടിച്ചു
സ്നേഹം പകർന്നുതൃക്കൈയ്യാൽ
മുതുകിൽ തഴുകി മെല്ലെ
കോൾമയിർക്കൊണ്ടു മുത്തശ്ശൻ
പുണ്യം നുകർന്നു നില്ക്കവെ
ഭഗവാന്റെ തിരുവിരൽ
പാടുകളവിടെ കണ്ടു
പതിഞ്ഞു പുണ്യപൈതൃകം
പകിട്ടോടെന്റെ മുതുകിലും
ലങ്ക വരേയ്ക്കു നീളുന്നാ
രാമസേതുവുമുണ്ടിന്നും !”

ശ്രീകുമാർ എം പി

By ivayana