രചന :- ബിനു. ആർ.✍
ഓർക്കുന്നൂ ഞാനിപ്പോൾ
ചിതലരിച്ച ചിന്തകൾക്കിടയിൽ
നൂണ്ടുവരുമൊരാ നല്ലകാലം
ഈ ജീവിതത്തിൻ സായംകാലത്തിൽ,
എത്ര സുന്ദരമായ ആ ബാല്യകാലം!
എന്റെയും നിന്റെയും സ്വപ്‌നങ്ങൾ
പൂത്തിരുന്ന ബാല്യകാലം!
ആശ്രമമലകളിൽ കാട്ടുചെത്തിയും
കദളിപ്പൂവും വേലിപ്പരുത്തിപ്പൂവും പറിക്കാൻ
ഓടിനടന്നൊരു ബാല്യകാലം!
കണ്ണിമാങ്ങാച്ചുനകൾകവിളത്തു
പൊട്ടിയടർന്നിരുന്ന ബാല്യകാലം!
മഞ്ഞയും ചുവപ്പും കശുമാങ്ങകൾ
ഈമ്പിക്കുടിച്ചിരുന്ന ബാല്യകാലം!
തോട്ടിലെ വെള്ളം തെറ്റിച്ചോടിനടന്നൊരു
വെള്ളിത്തെളിച്ചത്തിൻ ബാല്യകാലം!
പ്ലാവിഞ്ചുവട്ടിലെ ചക്കക്കുരുക്കൾ
പെറുക്കിയെടുത്ത് കരിയിലകൾകൂട്ടി
ചുട്ടുതിന്നുമോട്ടോർവണ്ടിപോൽ
ഓടിനടന്നൊരു സുവർണ്ണബാല്യകാലം!
ആഞ്ഞിലിമരത്തിഞ്ചോടുകൾതോറും
മണ്ടിനടന്ന് ആഞ്ഞിലിച്ചക്കപ്പഴംകുരുകുരുന്നനെ
അടർത്തിത്തൊണ്ടുകളഞ്ഞു
മുന്തിരിക്കുലപോൽ നിറുത്തി നുണഞ്ഞു,
നുണഞ്ഞു തിന്നിരുന്നൊരു ബാല്യകാലം!
കുളത്തിൻകല്പടവുകളിൽ ചൂണ്ടയുമായി
മീനിന്റെ ഇരയോടുള്ള സാമീപ്യം കണ്ട്
ആണ്ടോടാണ്ടുകാലം തപസ്സിരിക്കുന്നപ്പോൽ
ഏകാഗ്രമായിരുന്നോരുമുഴുപ്പകലിൽ
വെയിലെല്ലാം വെൺകൊറ്റപ്പൂങ്കുടപോൽ
ചൂടി വിടർന്ന ബാല്യകാലം!
എത്രപറഞ്ഞാലും തീരാത്തൊരു
ബാല്യകാലം!ഇന്നത്തെ ബാല്യത്തിന്
സ്വപ്നംകാണാൻപോലുമാവാത്തൊരു
സ്വപ്നകാലം!അമ്പതറുപതെഴുപതുകളുടെ
സുവർണ്ണകാലം
ഒരുകുഞ്ഞുബല്ല്യ ബാല്യകാലം!