രചന :- സുബി വാസു ✍

മഞ്ഞു പെയ്തുതുടങ്ങിയ സായാഹ്നത്തിന്റെ കുളിരിൽ വെറുതെ പാർക്കിലെ ബെഞ്ചിൽ ഇരുന്നു .ചിന്തകളിൽ മുഴുവൻ മനുഷ്യരില്ലാത്ത ഭൂമിയെ കുറിച്ചായിരുന്നു.
മനുഷ്യരില്ലാത്ത ഭൂമിയോ?
അതെ ഭൂമിയിലെ ഏതോ ഒരു കോണിന്റെ മൂലക്കിലിരുന്ന് ഒരു മനുഷ്യനായി പിറന്നവന്റെ ഭ്രാന്ത്.
അതല്ലേ അതു?
ആയിരിക്കും,
വെയിൽ ചായാൻ തുടങ്ങിയ ആകാശത്തിന്റെ അറ്റത്തു വർണ്ണങ്ങൾ നിറഞ്ഞു നിൽക്കുന്നു. എന്റെ കണ്മുന്നിലൂടെ പറന്നു പോകുന്ന ദേശാടന കിളികൾ. അതിരില്ലാത്ത ആകാശത്തു അവരങ്ങനെ ഒഴുകി പോകുന്നു. ഭൂമിയിൽ മാത്രമേ വേലിക്കെട്ടുകൾ ഒള്ളൂ, മനുഷ്യന്, മനസ്സിൽ, ഭൂമിയിൽ എവിടെക്കൊയോ അതിരുകൾ നിറഞ്ഞിരിക്കുന്നു. പരസ്പരം അടുക്കാത്ത വിധം, കാണാത്ത വിധം മതിലുകൾ ഉയർന്നു പൊങ്ങുന്നു.
സായാഹ്നത്തിന്റെ തിരക്കിൽ നഗരം ഓടുന്നു. പുഴപോലെ നിറഞ്ഞൊഴുകുന്ന റോഡുകൾ ഗതാഗത കുരുക്കഴിക്കാൻ പാടുപെടുന്ന പോലീസുകാരൻ.
ഇടയിൽ യാചകർ, കുട്ടികൾ, സ്ത്രീകൾ, കച്ചവടക്കാർ.
ഇന്ന് ആ ഭ്രാന്തി സ്ത്രീ എവിടെ?
അവളുടെ ചെറിയ നായ്ക്കുട്ടി അവിടെ ഓടികളിക്കുന്നുണ്ട്.
അവളും ഈ ചുറ്റുവട്ടത്തുണ്ടാവണം.
എന്റെ ചിന്തകൾ മുഴുവൻ അവരെ കുറിച്ചായിരുന്നു.അവൾ ക്കു ഈ ലോകത്തു ഒന്നും അറിയേണ്ട. ഒരുതരത്തിൽ അതായിരുന്നു നല്ലതു. ഭ്രാന്തിന്റെ ചുഴിയിൽ മനസിനെ തളച്ചിട്ട്, പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനും കഴിയുന്നുണ്ടല്ലോ.
സായന്തനത്തിന്റെ തിരക്കുകൾ കൂടിയിരിക്കുന്നു. അന്നം തേടിയിറങ്ങിയവർ അന്നത്തെ അന്നമുണ്ണാൻ പകലിന്റെ ആധിവ്യാധികൾ തീർക്കാൻ ന
ഒരു വിശ്രമത്തിനായി ഓടുകയാണ്.
ഇടയിൽ തട്ടി മറിഞ്ഞു ഉരുണ്ടു വീഴുന്ന ചിലർ, ഗതാഗതകുരുക്കുകളിൽ വല്ലാത്ത ബഹളമാണ് നിർത്താതെ അടിക്കുന്ന ഹോണുകൾ അന്തരീക്ഷത്തിൽ മറ്റൊലികൊണ്ടു ചെവി പൊത്തിയിട്ടും അസഹ്യമായ ശബ്ദവീജികൾ ചെവിതുളച്ചു. ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരൻ കൈകൊണ്ടു ആംഗ്യങ്ങൾ കാണിച്ചും വിസിലടിച്ചും നിയന്ത്രിക്കാൻ പാടുപെടുന്നു. ചരട്ടില്ലാതെ തുള്ളുന്ന കുട്ടികുരങ്ങനെ ഓർമ്മ വന്നു.
പെട്ടെന്നാണ് കുറച്ചാളുകൾ ഓടികൂടിയത്.ഒരാൾ പ്രാണനും കൈയിൽ പിടിച്ചു ഓടുന്നു.എല്ലാവരും നോക്കിനിൽക്കെ അയാളെ വെട്ടിയും കുത്തിയും കൊലപെടുത്തി ആരവങ്ങൾ ഉയർത്തി അവർ പോയി.
ചോരയോലിച്ചു അനാഥമായ ശരീരം ആമ്പുലൻസും കാത്തു നടുറോഡിൽ കിടന്നു.
പാർട്ടിക്ക് ഒരു രക്തസാക്ഷിയെ കിട്ടി…
വെട്ടും,കൊലയും സാധാരണ കാഴ്ച്ചകളയാതു കൊണ്ടു അതിനൊരു പരിവേഷം ഇല്ല. സോഷ്യൽ മീഡിയയിൽ പാർട്ടിയുടെ രോക്ഷം, ആദരാഞ്ജലികൾ, നേതാക്കലുടെ മുതലകണ്ണീർ കഴിഞ്ഞു..
രാഷ്ട്രീയം, മതം, ജാതി, പ്രണയം,അതിരുകൾ, യുദ്ധം കൊല്ലപ്പെടാൻ ഓരോരോ കാരണങ്ങൾ..
നഷ്ടങ്ങളുടെ വേദന മറ്റുള്ളവരെ അറിയിക്കുന്നവർ, അവരത് അനുഭവിക്കണമെന്ന് ചിന്തിക്കുന്ന ആളുകൾ, ഒരിക്കൽ അവർ തിരിച്ചറിയും ആ വേദന
തങ്ങളുടെതു കൂടെയാണെന്നു.ഒന്നില്ലാതെ മറ്റൊന്നിനു നിലനിൽപ്പില്ല ആ പ്രകൃതി സത്യം ഇനിയും മനുഷ്യൻ അംഗീകരിച്ചിട്ടില്ല….
അംഗീകരിക്കും അന്നൊരുപക്ഷെ ഈ ഭൂമിയിൽ മനുഷ്യനുണ്ടാവില്ല.
എല്ലാവരും പരസ്പരം വെട്ടിയും കുത്തിയും മരിച്ചിരിക്കും.. മനസുകൊണ്ട്, മനുഷ്യത്വം
മരിച്ചിരിക്കുന്നു…

സുബി വാസു

By ivayana