രചന :- സി. ആർ. രവീന്ദ്രനാഥ്‌ ✍

ഹലോ… ഈ കള്ളൻ എന്ന വാക്കിന്റെ ശരിയായ അർത്ഥം എന്താണ്? ഒന്ന് പറഞ്ഞു തരുമോ?..
. അമ്മയാണ് എന്നെ ആദ്യമായ് “കള്ളൻ” എന്നു വിളിച്ചത്.. അന്നു ഞാൻ നാലാം ക്ലാസ്സിൽ ആണു പഠിക്കുന്നത്.. പണ്ടൊക്കെ മരിച്ചു പോയ പിതൃക്കളുടെ ഓർമ്മ ദിവസം അടിയന്തിരം കഴിക്കുക എന്നൊരു പരിപാടി ഉണ്ട്.. അതായത് മരിച്ചു പോയ കാരണവന്മാർക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണം തയ്യാറാക്കി നിവേദിക്കുക.. അതിനു ശേഷം മാത്രമേ വീട്ടിൽ ഉള്ളവർ കഴിക്കൂ.. അതാണ് അടിയന്തിരം.. അന്ന് മുത്തച്ഛന്റെ ഓർമ്മ ദിവസം ആയിരുന്നു.. ഉണ്ണിയപ്പം മുത്തച്ഛന് പ്രിയമായിരുന്നത്രെ.. ഞാൻ സ്കൂൾ വിട്ടു വരുന്ന സമയം.. നെയ്യിൽ മൂക്കുന്ന ഉണ്ണിയപ്പത്തിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി.. വായിൽ വെള്ളം നിറഞ്ഞു.. നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു.. അപ്പം ഒരു കുടുക്ക നിറയെ ഉണ്ടാക്കിയിരിക്കുന്നു.. എന്നെ കണ്ടതും അമ്മക്കു കാര്യം മനസ്സിലായി.. മോൻ വേഗംപോയി മേലുകഴുകു.. അടിയന്തിരം കഴിഞ്ഞേ ഇതൊക്കെ കഴിക്കാൻ പറ്റൂ.. നിരാശനായി മടങ്ങി.. അപ്പം ഉണ്ടാക്കി കഴിഞ്ഞ ശേഷം അമ്മ വാഴയില മുറിക്കാൻ തൊടിയിലേക്കിറങ്ങിയ സമയം.. പതുങ്ങി ഞാൻ അടുക്കളയിൽ കടന്നു.. രണ്ട് അപ്പം പോക്കറ്റിൽ കേറ്റി തിരിഞ്ഞതും തൊടിയിൽ നിന്ന അമ്മ അതു കണ്ടു.. അമ്മ ഉറക്കെ പറഞ്ഞു “കള്ളൻ.. കള്ളൻ” അതു കേട്ട അച്ഛനും, അനുജത്തിയും, ചേച്ചിയും ഓടി അടുക്കളയിൽ എത്തി.. എല്ലാരുടേം മുന്നിൽ അങ്ങനെ ആദ്യമായ് ഞാൻ കള്ളനായി.. പിന്നെ ചേച്ചിയുടെ കളർ പെൻസിൽ ചോദിക്കാതെ എടുത്തതിനു അവളും എന്നെ കള്ളൻ എന്നു തന്നെ വിളിച്ചു.. സത്യത്തിൽ അവൾ പുസ്തകം വായിച്ചിരിപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ കളർ പെൻസിൽ എടുത്തത്.. ചോദിക്കാതെ എടുത്തു എന്നതിന് കള്ളൻ എന്നു വിളിക്കാമോ? പിന്നെ അനുജത്തിയുടെ എന്തെങ്കിലും കാണാതായാൽ അവളും കള്ളൻ എന്ന് വിളിച്ചു.. കാലം കടന്നു പോയിക്കൊണ്ടിരുന്നു..
പിന്നെ എന്നെ കള്ളൻ എന്നു വിളിച്ചത് ഏട്ടത്തി അമ്മ ആണ്. അതിലേക്കു വരാം.. പ്ലസ് ടു പരീക്ഷ ജയിച്ചു കോളേജിൽ അഡ്മിഷൻ കാത്തിരിക്കുന്ന സമയം..


അതിനു ചെറിയ മുഖവുര വേണം.. എന്റെ അച്ഛനും, അച്ഛൻ പെങ്ങളും (അമ്മായി)ഒരേ വളപ്പിൽ അടുത്തടുത്തായി വീടു വച്ചു താമസിക്കുന്നു.. അമ്മായിക്ക് രണ്ടു മക്കൾ മൂത്തയാൾ എന്നേക്കാൾ ഏഴു വയസ്സിന് മൂത്ത ചേട്ടൻ.. ബാങ്ക് ഉദ്യോഗസ്ഥൻ.. രണ്ടാമത് പത്തിൽ പഠിക്കുന്ന എന്റെ മുറപ്പെണ്ണ് നിത്യ.. അഡാർ ലവ് സിനിമ ഞങ്ങൾ ഒന്നിച്ചിരുന്നാണ് കണ്ടത്.. ഒരു വർഷം മുന്നേ.. അന്ന് ഞാൻ അവളെ ചേർത്തു പിടിച്ചു ഉമ്മവച്ചു.. അവൾ എതിർത്തില്ല. പിന്നെ ഞങ്ങൾ തറവാട്ടു കുളപ്പുരയിൽ വച്ചു സ്ഥിരം ഈ കലാപരിപാടി തുടർന്നു.. കുളത്തിലെ കുളപ്പുരയിൽ രണ്ടു കടവുകൾ..

ഒന്ന് ആണുങ്ങളും, മറ്റേത് പെണ്ണുങ്ങളും ഉപയോഗിക്കുന്നു.. ആണുങ്ങളുടെ കടവിൽ നിന്നും ഞെരുങ്ങിയാൽ പെണ്ണുങ്ങളുടെ കടവിൽ കടക്കാം.. വൈകുന്നേരം നിത്യ തുണി അലക്കാൻ എന്ന ഭാവേന കുളിക്കടവിൽ വരും. ആ സമയം ഞാൻ ആ കടവിൽ പതുങ്ങി നിൽക്കും. കുളപ്പുര വാതിൽ തുറന്നു നിത്യ വന്നാൽ തമ്മിൽ പുണരും, ഉമ്മ കൊടുക്കും, വാങ്ങും.. പതിയെ ഞാൻ ആൺ കടവിലേക്കു കടക്കും. വാതിൽ തുറന്ന് പുറത്തു പോകും.. ഈ അടുത്ത ദിവസം ആണ് നിത്യയുടെ ഏട്ടന്റെ വിവാഹം കഴിഞ്ഞത്.. അതിനാൽ ഒരാഴ്ചയായി ഞങ്ങളുടെ കലാപരിപാടി മുടങ്ങി. ഇന്നു കാണും എന്ന പ്രതീക്ഷയിൽ ഞാൻ കുളപ്പുരയിൽ സ്ത്രീ കടവിൽ കാത്തു നിന്നു. പുറത്ത് കാൽ പെരുമാറ്റം കേൾക്കുന്നു. ഹൊ.. നിത്യ വരുന്നു.. വാതിൽ തുറന്നു അകത്തു കയറിയതും ഞാൻ കെട്ടിപ്പിടിച്ചു.. ഒരാഴ്ച മുടങ്ങിയത് മുഴുവൻ ഞാൻ കൊടുത്തു..

പക്ഷേ.. നിത്യ ഒന്നും തിരിച്ചു തരുന്നില്ല.. ഞാൻ ഞെട്ടി.. ഏട്ടത്തിയമ്മ.. എന്റെ ഹൃദയം നിലച്ചു.. കൈ കാൽ തളർന്നു.. കണ്ണിൽ ഇരുട്ട് കയറി.. “ഞാൻ നിത്യ ആണെന്നാണ് കരുതിയത്.” ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു.. അടി പ്രതീക്ഷിച്ച ഞാൻ ഞെട്ടി.. “കൊച്ചു കള്ളൻ” എന്നു പറഞ്ഞ് ഏടത്തിയമ്മ കുളത്തിലേക്ക് ഇറങ്ങി പോയി..
ഞാൻ ഒരുവിധം ആൺ കടവിൽ കടന്നു പുറത്തേക്ക് പൊന്നു. അപ്പോഴും ഞാൻ കള്ളൻ ആയി.. അന്ന് ഒരാഴ്ച ഞാൻ പനിച്ചു കിടന്നു.. പക്ഷെ ആ സംഭവം പൊട്ടാ പടക്കം പോലെ ചീറ്റിപ്പോയി.. ഏട്ടത്തിയമ്മ ആരോടും ഈ സംഭവം പറഞ്ഞതെ ഇല്ല..


ഇന്നും ആ സംഭവം ആലോചിച്ചാൽ എനിക്ക് ഹൃദയമിടിപ്പ് കൂടും.. ഇനി ഏറ്റവും അവസാനം കള്ളനായ സംഭവം കൂടി പറഞ്ഞ് ഈ കള്ളന്റെ പുരാണം അവസാനിപ്പിക്കാം.. എനിക്കു ജോലികിട്ടി.. പിറ്റേ വർഷം കല്ല്യാണം.. കല്യാണവും വിരുന്നും പൊടിപൊടിച്ചു. ഒരു മാസം കഴിഞ്ഞു ഭാര്യ വീട്ടിൽ ചെന്നു.. അന്ന് അവിടെ കൂടി. പിറ്റേന്ന് കാലത്ത് ഭാര്യ ഛർദ്ദിച്ചു.. ഞാൻ ആകെ പരിഭ്രമിച്ചു .. കുറച്ചു കഴിഞ്ഞു ഞാൻ അടുക്കളയിൽ ചെന്നു.. അപ്പോൾ അമ്മായിയമ്മ പറയുകയാ.. കള്ളാ.. പണി പറ്റിച്ചു ല്ലേ.. ന്റെ കുട്ടിക്ക് ഒന്നിരിക്കാൻ പറ്റീല.. ഞാൻ വല്ലാണ്ടായി…
ഇനി നിങ്ങൾ പറ… ശരിക്കും ഞാൻ ജന്മനാ കള്ളനാണോ??
…………സി. ആർ………..

By ivayana