രചന :- ഠ ഹരിശങ്കരനശോകൻ✍

ബോറടിച്ച നേരത്തൊരോ ബിയറടിച്ചു, നമ്മളാ-
റ്റൊഴുക്കിൻ തീരത്തെത്തി പുളുവടിച്ചു
പാട്ടുമ്പാടി നീന്തിടുന്ന പെണ്ണുങ്ങളില്ല, കുളിര-
രമ്പിളിയുമുദിക്കാതെ മടിച്ചു നിന്നു
പച്ചപ്പാവം ജീവിതത്തെ തെറി പറഞ്ഞു, നമ്മളൊ-
റ്റക്കാലെ ഞൊണ്ടിപ്പായും കിതപ്പറിഞ്ഞു
പൊട്ടിപ്പൊട്ടിക്കിടപ്പതാമിരുട്ടിലൂടീ ചലം
തട്ടിമുട്ടിയൊഴുകുന്ന ചൊറിയൊലികൾ…
“നിന്നേക്കാളുമാളിപ്പോയ മനുഷരുണ്ടേ, യവ-
രൊറ്റക്കമ്പിവീണാനാദം പൊഴിക്കുന്നുണ്ടേ“
“എന്നെക്കാളുമുയുരത്തിൽ പറന്നോരുണ്ടേ, യവ-
യൊരറ്റനിമിയൊറ്റലാലെയൊടുങ്ങിയന്നേ“
“നമ്മളേക്കാൾ പഠിപ്പുള്ളോരുറങ്ങിടുമ്പോ, ളുള്ളി-
ലുള്ളിത്തൊലിയുരിഞ്ഞിട്ട് കരഞ്ഞോരുണ്ടേ“
“എന്തിനിത്ര പറയുന്നു സിഗരറ്റുണ്ടോ, ഇല്ലേല-
പ്പറത്തെ കടേപ്പോയി വാങ്ങിക്കൊണ്ട് വാ“
“കത്തിക്കത്തിതീർന്നുപോകാനെളുപ്പമാണോ, അല്ലേ-
ലുച്ചകൊടുവെയിലിനെ കുടിച്ചിടണോ?“
“കത്തിയടിച്ചിരിക്കലിലുത്തരമുണ്ടോ? വെറും
നട്ടപ്രാന്തിൻ തുള്ളികളിൽ കവിതയുണ്ടോ?“
“കണ്ട പടം കണ്ട് കണ്ട് കണ്ണിൽ കുരുവോ, കുര
വന്നിടാതെ തളരുന്ന പട്ടികളുണ്ടോ?“
“എന്തുവാടേ നിർത്തിപ്പോടെ കൂതറയാടേ, ചുമ്മാ
തള്ളലല്ലേ തള്ളയാണേ തല്ല് കിട്ടുവേ“
“തല്ലുന്നെങ്കിത്തല്ലിക്കോടാ പന്നത്തായോളീ, നിന്റെ
മറ്റേടത്തെ കൊണവാടാ തൊലഞ്ഞ് പോടാ“
“ചുമ്മാതിരി ബിയറാടേ ഓവറക്കണ്ട, നല്ല
തല്ല് വാങ്ങിക്കൂട്ടണ്ടായേ മേപ്പോട്ടും നോക്ക്
നക്ഷത്രങ്ങൾക്കിടയിലെ അമ്പിളി കണ്ടോ, പണ്ട്
തന്തമാരും കണ്ടിരുന്ന കാഴ്ച തന്നടേ“
…ഏത് നേരത്തുദിച്ചതീ മാരകചന്ദ്രൻ, കൊള്ളാ
മീ വഴിക്ക് വന്ന കൊണ്ട് കാണാനൊത്തല്ലോ.

By ivayana