രചന :- സണ്ണി കല്ലൂർ✍

തെങ്ങ് തേങ്ങ, എത്ര വിവരിച്ചാലും പോരാ.. ഒരു കാലത്ത് നാടിൻറ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു.
വീടിൻറ വടക്കേമുറ്റത്ത് തെങ്ങുകയറ്റം കഴിഞ്ഞ് തേങ്ങ കൂട്ടിയിട്ടിരിക്കുന്നത് കാണാൻ ഭംഗിയായിരുന്നു. ഓരോ തെങ്ങിലേയും തേങ്ങ കണ്ടാൽ അറിയാം, വളരെ ഉയരമുള്ള ചില്ലിതെങ്ങ്. ഒന്നോ രണ്ടോ വലുപ്പമുള്ള തേങ്ങ മാത്രമേ ഉണ്ടാവുകയുള്ളു. കയറ്റക്കാർ കയറാൻ മടിക്കും. പച്ച, തവിട്ടുനിറം, നേരിയ ചുവപ്പ് രാശി, കളിമണ്ണ് പുരട്ടിയ പോലെ ഓരോ ഇനവും, വലുപ്പവും ചെറുപ്പവും പല തരത്തിലായിരിക്കും ഇന്ന് ഈ ഇനങ്ങൾ വംശമറ്റു പോയിക്കാണണം. കുളത്തിൻകരയിലെ അമ്മുമ്മയുടെ സ്വന്തം തെങ്ങ്, നല്ല കരുത്തു് കാറ്റു പിടിച്ചാൽ അനങ്ങില്ല. നിറയെ ഓലമടൽ ഒരു കുലയിൽ മുപ്പതെണ്ണം പ്രതീക്ഷിക്കാം വിളവുകൂടിയ മാസം രണ്ടു കുല വെട്ടിയിടാം ഇത് വിറ്റാൽ കിട്ടുന്ന പൈസ അമ്മുമ്മയുടെ പോക്കറ്റ് മണി…


തേങ്ങ കൊണ്ടു പോകാൻ കളത്തിൽ നിന്നും ആള് വരും. കേടായത് മാറ്റിയിടും, ഗൗളിതെങ്ങിൻറ തേങ്ങ രണ്ടെണ്ണം എടുത്ത് ഒരെണ്ണമായെ കൂട്ടുകയുള്ളു. ഉണങ്ങികഴിയുമ്പോൾ കൊപ്രക്ക് കനം കുറവായിരിക്കും. പിന്നെ കുറച്ച് സ്വന്തം ആവശ്യത്തിനും എടുക്കും, ബാക്കി തേങ്ങ തലചുമടായാണ് കൊണ്ടു പോകുന്നത്.
തേങ്ങ പൊതിക്കാൻ മാത്രം പണിക്കാരുണ്ട്.

വെട്ടി ഉണക്കി കയറ്റി കൊപ്രാ വേർതിരിച്ച് വീണ്ടും ഉണക്കി തൂക്കി ചാക്കിലാക്കി വലിയവള്ളങ്ങളിൽ എറണാകുളം ആലപ്പുഴ കൂടാതെ വെളിച്ചെണ്ണ ആട്ടുന്ന മില്ലുകളിലേക്കും കൊണ്ടു പോകുന്നു.ഒരോ പ്രവർത്തിക്കും പ്രത്യേകം ജോലിക്കാരുണ്ട്. പല കളങ്ങളിലായി മുടങ്ങാതെ ജോലി കിട്ടും. ചിരട്ട ബേക്കറി, വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കും, ഉണങ്ങിയ മടലും കത്തിക്കാൻ ആളുകൾ വാങ്ങിച്ചു കൊണ്ടു പോകും. മടല് മൂടുന്ന സമയമായാൽ പുഴകളിലും തോടുകളിലും വലിയ കുഴികളിൽ ഇരുപതിനായിരവും മുപ്പതിനായിരവും മടൽ നിറച്ച് കുഴികൾ മൂടുന്നു.

പാകമാകുമ്പോൾ കുറേശ്ശെ പുറത്തെടുത്ത് തല്ലി ചകിരി വേറെയാക്കി ഉണക്കി കയറ്റി പോകുന്നതു കൂടാതെ വീടുകളിലും കയർ പിരിച്ച് വിൽപന നടത്തും. ചകിരി ഉപയോഗിച്ച് ചവിട്ടി കയറ്റുപായ കരകൗശലവസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറികൾ ഉണ്ട്. അനേകായിരം പേർക്ക് തൊഴിൽ ലഭിക്കുന്ന പരസ്പരം ബന്ധപ്പെട്ട് ചങ്ങലപോലെയാണ് ഈ ബിസ്സിനസ്സ്.


ചെറിയപിള്ളി ഭാഗത്ത് മടല് തല്ലി പാകപെടുത്തുന്ന മെഷീൻ ഉണ്ടായിരുന്നു. പണിക്കാർക്ക് ചകിരി വേർതിരിക്കാൻ എളുപ്പമായിരുന്നു. ചകിരിച്ചോറ് ആർക്കു വേണമെങ്കിലും പണം കൊടുക്കാതെ കയറ്റികൊണ്ടു പോകാം, പയറിന് വളം വയ്ക്കാൻ ചകിരിച്ചോറും ചാണാനും ചാരവും കൂട്ടി കടക്കൽ ഒരു പ്രാവശ്യം ഇട്ടാൽ മതിയായിരുന്നു.


ഇതിനിടെ രാഷ്ട്രീയക്കാരുടെ ഇടപെടലുണ്ടായി.. ഉദാഹരണമായി ഒരു പഞ്ചായത്തിലെ മടല് അവിടെ തന്നെ മൂടി അവിടത്തുകാർക്ക് തൊഴിൽ കൊടുക്കണം. മടൽ മറ്റു സ്ഥലങ്ങളിലേക്ക് കടത്തികൊണ്ട് പോകുവാൻ പാടില്ല. കേൾക്കുമ്പോൾ ന്യായമാണ്.
രാത്രിയും പകലും വെയിലത്തും മഴയത്തും പണിക്കാരെ നിർത്തി മടൽ മൂടിയിരുന്നതും സമയാസമയങ്ങളിൽ പുറത്തെടുത്ത് അത് തല്ലി ചകിരിയാക്കി കച്ചവടം നടത്തിയിരുന്നതും അദ്ധ്വാനശീലരായ കുറച്ച് മനുഷ്യരാണ്. മുതലാളി എന്നു വേണമെങ്കിൽ അവരെ വിളിക്കാം. സൗകര്യം അനുസരിച്ച് പുഴകളിലും തോടുകളിലുമായിരുന്നു കുഴിച്ചിട്ടിരുന്നത്. എല്ലാ പഞ്ചായത്തിലും ഈ സൗകര്യങ്ങൾ ഇല്ല, സ്വാഭാവികമായും മടൽ പലസ്ഥലത്തേക്കും വഞ്ചിക്ക് കൊണ്ടു പോകണം..

അവസാനം തർക്കമായി വഴക്ക്.. മടല് തടയൽ സംഘർഷം.. നാട് മുഴുവൻ പടർന്നു. രാത്രി കാലങ്ങളിൽ മുതലാളിമാർ മടൽ കടത്തി കൊണ്ടു പോകുന്നത് തടയാൻ യുവതീ യുവാക്കൾ പുഴയിലും തോട്ടിലും ഉറക്കമൊഴിച്ചിരുന്നു. കാറ്റും മഴയും വന്നു. വിളക്ക് കെട്ടുപോയി. എന്നൊക്കെ നാട്ടുകാർ പരദൂഷണം പറഞ്ഞു.
ഒരുമിച്ച് സ്നേഹമായിട്ട് കഴിഞ്ഞിരുന്ന തൊഴിലാളിയും മുതലാളിയും കീരിയും പാമ്പുമായി.


മുതലാളിമാരുടെ വീട്ടുപടിക്കൽ തെറിയും ബഹളവും തുടർന്നപ്പോൾ അവർ ഒരുകാര്യം തീരുമാനിച്ചു. ഈ പണി നമുക്ക് പറ്റില്ല.
ഞങ്ങൾക്ക് വേറെ എന്തെങ്കിലും പണി ചെയ്ത് ജീവിക്കാൻ കഴിയും
ബാക്കി വിശേഷം പറയേണ്ടതില്ല. മടൽ ആർക്കും വേണ്ട. നൂറുകണക്കിന് പാവപ്പെട്ടവരുടെ പണിയും പോയി. പിന്നെ പൊതുവേ തേങ്ങകൾ കുറവായി… ശുഭം.. ഒരു കാലഘട്ടം കഴിഞ്ഞു.

ആ കാലത്ത് ഗവർമെൺറ് തെങ്ങ്കൃഷിക്കു വേണ്ടി പല പ്രൊജക്ടുകളും ചെയ്തിരുന്നു. ബാങ്കിലും സൊസൈറ്റികളിലും കെട്ടുതെങ്ങ് എന്നപേരിൽ നമുക്ക് ലോൺ എടുക്കാമായിരുന്നു. കടം തീരുന്നവരെ അവർ അവരുടെ പണിക്കാരുമായി വന്ന് തെങ്ങു കയറി തേങ്ങയുമായി പോകും. ചെറിയ പലിശ കൊടുത്താൽ മതിയായിരുന്നു.
തെങ്ങിന് വളം കൂടാതെ, ബ്ലോക്ക് പഞ്ചായത്തു വഴി മരുന്നടിയും ഉണ്ടായിരുന്നു. ഉടമസ്ഥർക്ക് കാര്യമായ ചിലവ് വരില്ല. ഒരു ഭാഗത്ത് തുടങ്ങിയാൽ പിന്നെ ആ പ്രദേശം മുഴുവൻ മരുന്നടിക്കുമായിരുന്നു..

ഒരാൾ മരുന്ന് വെള്ളത്തിൽ കലക്കി മെഷീൻറ ടാങ്കിൽ നിറച്ച് ഒരു പമ്പ് പ്രവർത്തിപ്പിക്കുന്നു, പമ്പിൽ നിന്നും തെങ്ങിൻറ മുകൾഭാഗം വരെയെത്തുന്ന പ്ലാസ്റ്റിക്ക് കുഴൽ അതിൻറ അറ്റത്താണ് സ്പ്രേ അതുമായി കൂട്ടുകാരൻ തെങ്ങിൻറ മുകളിൽ കയറി ഓലയടക്കം മരുന്ന് സ്പ്രേ ചെയ്യുന്നു. ഒരു നീണ്ട പൈപ്പ് പോലെയുള്ള ലിവർ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചാണ് പമ്പ് പ്രവർത്തിക്കുന്നത്.


മാസങ്ങളോളം നീണ്ടു നിൽക്കുന്ന പരിപാടിയാണ്. ഇതു കാണാൻ പിള്ളേർ കൂടും.. കഞ്ഞിവെള്ളത്തിൻറ നിറവും വല്ലാത്തൊരു മണവുമാണ് മരുന്നിന്.. മരുന്ന് ഞങ്ങളുടെ ദേഹത്തും വീഴും. ആ കാലത്ത് ഇതിൻറ ദൂഷ്യവശങ്ങൾ ആരും കാര്യമാക്കിയില്ല. പിന്നീട് നെല്ലിനും പച്ചക്കറിക്കുമെല്ലാം മരുന്നടി തുടങ്ങി. കൊടിയ വിഷമുള്ള പരാമറും ഫോളിഡോളും. പ്രത്യാഘാതം വലുതായിരുന്നു. മീനും തവളയും അവയെ തിന്ന കൊക്കുകളും, നെല്ലിന് മരുന്നടിച്ചതിനു ശേഷം അവിടെ പുല്ലു തിന്ന പശുക്കളും, സ്ഥിരമായി മരുന്നടി തൊഴിലാക്കിയവരും നേരത്തെ ഈ ലോകം വിട്ടു പോയി.
കേരള ചരിത്രത്തിലെ കഴിഞ്ഞു പോയ ഏടുകൾ…

സണ്ണി കല്ലൂർ

By ivayana