രചന : മംഗളൻ കുണ്ടറ ✍
പ്രണയ സംഗീതത്തിൻ
സപ്തസ്വരങ്ങളാൽ
പ്രണയ ശ്രുതി ചേർത്തു നീ
ഹൃദയമണി വീണയിൽ
പ്രണയ മഴപ്പെയ്ത്തിൻ
പല്ലവി പാടി നീ
പ്രണയാനുപല്ലവി ഞാൻ
മറന്നൊരുവേള!
കണ്ണുകൾ രണ്ടെനിക്കുണ്ടെ-
ന്നിരിക്കിലും
കണ്ണായ നിന്നുള്ളം കാണാൻ
കഴിഞ്ഞില്ല
കണ്ടു കൊതിപൂണ്ടു ഞാൻ-
നിൻ മേനിയഴകെന്നാൽ
കണ്ടില്ല നിന്നിലെ നിന്നെ
ഞാനൊരു മാത്ര!
അസ്ഥി തുളച്ചെന്റെ
മജ്ജയിലേറിപ്പോയ്
അജ്ഞാതമേതോ
രതിമോഹങ്ങൾ
അസുലഭമൊരു രതി-
യനുഭൂതി രഥമേറി
അരികത്തണഞ്ഞുഞാ-
നാസക്തിയാൽ.
നിൻ മൃദുമേനിയെ പുൽകി
മലർ ശയ്യയിൽ
നിന്നിൽപ്പടർന്നുകേറുന്ന
മലർ വള്ളിയായ്
എൻ വ്യർത്ഥ ചിന്തകൾ
മോഹിച്ചു നിൻമേനി
എന്നിലെ സ്വാർത്ഥമോഹ-
ങ്ങളുന്നർന്നുവോ?
നിന്നെയറിയാനെൻ മനസ്സു
വൈകിപ്പോയി
നിന്നെ സാന്ത്വനിപ്പിക്കാനുള്ളം
മറന്നു പോയ്
നിൻമിഴിക്കോണിലെ നീർ-
മണിത്തുള്ളികൾ
നിലയില്ലാ നീലക്കടലായ-
തറിഞ്ഞു ഞാൻ.
നീയാം സൗരഭം എന്നിൽ-
നിന്നകലവേ
നിൻ നിഴൽ പോലുമാ
പരിമളം പേറവേ
നീയെന്ന സത്യത്തിൻ പൊരു-
ളറിയാത്തിവൻ
നിന്റെ വിശുദ്ധിയറിയുവാൻ
വൈകിയോ?
മൂവന്തിക്കിതുകണ്ട രവിയോ
കനൽ വിതറി
മൂകനായ് കടലിൽ മുങ്ങാ-
നൊരുങ്ങീടവേ
മൂക വിരഹിണീ വിതുമ്പി
നീയകലവേ
മൂകസാക്ഷിയാം നിഴൽ
നിൻ തുണയാകവേ…
ഈ കടലോരത്തെ കല്പ-
വൃക്ഷങ്ങളിൽ
ഈ സന്ധ്യനേരത്ത്
ചേക്കേറും പക്ഷികൾ
ഈർഷ്യയോടെൻ നേർക്ക്
കലമ്പുന്നിതെന്തോ
ഈ കുറ്റവാളിയെ തെറി
പറയും പോലെ!
ഈ കടൽത്തീരത്തിനി-
യുള്ള സന്ധ്യകൾ
ഈറനണിഞ്ഞു കലങ്ങും
മിഴികളാൽ
ഈ മഹാപാപി നിന്നെ
കാത്തിരുന്നിടും
ഈയെൻ്റെ നരജന്മം
മുഴുവനുമോമലേ.
കടലോര മണലിന്മേലെഴുതി
ഞാൻ നിൻ നാമം
കടൽ വെള്ളം വന്നത്
മായ്ക്കുന്നു തൽക്ഷണം
കരയുന്നൊരെന്റെയീ-
കരളിന്റെ നൊമ്പരം
കടലമ്മ പോലുമിത്
കാണുന്നതില്ലയോ?
ഒരു മിന്നാമിനുങ്ങു പോലൊരു
തരി വെട്ടമായ്
ഒരുമാത്രയീ തമസ്സകറ്റുവാ-
നണയുമോ
ഒരു സ്നേഹ ദീപമാ-
യെന്നിൽ തെളിയുമോ
ഒരു യുഗമെന്നിലാ ദീപം
പ്രകാശിക്കാൻ.