രചന : ആർ.കെ.തഴക്കര ✍
ഇടവമെത്തിപ്പാതി യായില്ലതിൻ മുൻപു
മഴപൂരമാണെന്റെ യിടനാട്ടിലും!
മലനാട്,ഇടനാട്തീ രപ്രദേശത്തി-
ലിനിയുമുണ്ടാകുമോ ദുരിതകാലം?
ഇടവിട്ടുപെയ്യുന്ന മഴയേ!നിൻ ഹൃത്തിലും
അലിവില്ലേ യെന്തിനീക്കലിതുള്ളലും?
ഇടിവെട്ടിപ്പെയ്യവേ പൈക്കളും പേടിച്ചി-
ട്ടകിടു ചുരത്താഞ്ഞീക്കിടാക്കൾ പഷ്ണി!
ഇടവപ്പാതികഴിഞ്ഞീ പ്പാഠശ്ശാലക-
ളിളമുറയ്ക്കായിത്തുറന്നിടേണ്ടേ?
പുതുപുത്തനിട്ടേറെ ച്ചെറുമക്കളെത്തവേ
വഴിമാറിപ്പെയ്യാൻ മറന്നിടല്ലേ.
മഴനൃത്ത മിഷ്ടമാണെങ്കിലും നിന്നുടെ
കലിതുള്ളിയാട്ടവും നിർത്തിടയ്ക്കായ്.
അമിതമായാലു മീമഴയെശ്ശപിക്കുവാൻ
മടിയേതുമില്ലാതെ മുത്തശ്ശിമാർ!
മഴ മഴ! മഴ മഴ! കേൾക്കുവാൻ രസമുണ്ടു-
തകൃതിയിൽ പ്പെയ്താലു മപശ്ശകുനം!
മഴയിങ്ങനെന്നുമേ മുറിയാതെ പെയ്താലോ
മലയിടിഞ്ഞീടുമോ? ഉൾഭയവും !