രചന : ഷാജു വി വി ✍
ഇതു വായിക്കാതിരിക്കല്ലേ. പുലർച്ചെ രണ്ടു മണിയായിക്കാണണം. പെരുമഴയും ഭയങ്കര കാറ്റും ഇടിമിന്നലും ഒക്കെ ഉണ്ട്.
ഞാൻ ഒരു വിചിത്രസ്വപ്നത്തിലായിരുന്നു.
ഇസ്രായേൽ, ഫലസ്തീൻ വിഷയത്തിൽ അനുരഞ്ജനച്ചർച്ചകൾക്കായി ഇരുകൂട്ടർക്കും സ്വീകാര്യനായ ഏക ക്ഷണിതാവ് എന്ന നിലയിൽ ഞാൻ വത്തിക്കാനിലേക്കുള്ള (എന്തു കൊണ്ട് വത്തിക്കാൻ? രാഷ്ട്രീയകാരണം എന്നതിലുപരി എനിക്കാ നാട് കാണണം എന്ന അഭിലാഷമുണ്ടായിരുന്നു, അതായിരിക്കണം വത്തിക്കാൻ മധ്യസ്ഥച്ചർച്ച ! മനുഷ്യർ അടിസ്ഥാനപരമായി സ്വാർത്ഥരാണ്) വിമാനത്തിൽ യാത്ര ചെയ്യുകയാണ്.
ഫ്ലൈറ്റിൽ തൊട്ടടുത്തിരിക്കുന്ന സായിപ്പിന് എൻ്റെ അടുത്തിരിക്കുന്നതിൽ എന്തോ വൈക്ലബ്യമുണ്ട്. എനിക്കത് പിടിച്ചില്ല.’ ന്തേ’ എന്ന് ഞാനൊരു ആംഗ്യം കാണിച്ചു.മൂപ്പര് തപ്പി വിക്കി ചോയിച്ച്:
വൈറസിനെ തുരത്താൻ നിങ്ങ ഇന്ത്യക്കാർ ചാണോം വാരി മേലെപ്പൊത്തുമെന്നു പറയാറുള്ളത് നേരാണോ?
”എന്തേ?”
ഞാൻ ചോദിച്ചു .
മൂപ്പര് ക്ഷമാപണത്തോടെ പറഞ്ഞു.
” അല്ല, ഈടെയാകെ ചാണകത്തിൻ്റെ ഒരു ചൂര്ണ്ടേ, അതാ …”
ഞനന്തം വിട്ടു പോയി. അപ്പോൾ ഫ്ലൈറ്റിലെ മുഴുവൻ യാത്രക്കാരും അമേച്ച്വർ നാടകത്തിലെ അതിനാടകീയ, കൃത്രിമ കോറസ് മന്ത്രണം പോലെ “ചാണകത്തിൻ്റെ ചൂരുണ്ടേ, അതാ… ” എന്ന് കൂട്ടായി ആത്മഗതം ചെയ്തു. തദനന്തരം മറ്റൊരു സീറ്റിലിരിക്കുന്ന മാമുക്കോയയുടെ മുഖച്ഛായയുള്ള ഒരു മനുഷ്യൻ ചിരിയോ ചിരി .ഞങ്ങ രണ്ടാളും ഓറെ ആകാംക്ഷയോടെ നോക്കിയപ്പോ ഓറ് ചിരിയടക്കാനാവാതെ വായ പൊത്തി കയ്യ് മറ്റൊരു ഭാഗത്തേക്ക് ചൂണ്ടി.
അവിടെയതാ സാക്ഷാൽ സുരേന്ദ്രകുമാർ ഇരിക്കുന്നു !അപ്പം മണത്തിൻ്റെ ഉറവിടമതാണ്. ഇയാളിത് വത്തിക്കാൻ്റെ ഗവർണ്ണരാകാൻ പോവുകയാണോ!
അങ്ങനെ വത്തിക്കാനിലെത്തി ചർച്ച തുടങ്ങി. ഇസ്രായേൽ പ്രധാനമന്ത്രി ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവുന്നില്ല. ധാർഷ്ട്യം തന്നെ ധാർഷ്ട്യം. ഞാൻ പരമാവധി ശാന്തനായി സംസാരിച്ചു നോക്കി .നയതന്ത്ര കലയിലെ സർവ്വ അടവുകളും പയറ്റി.പുള്ളി ഒരു തരത്തിലും വഴങ്ങുന്നില്ല. ഒന്നുകിൽ അങ്ങേയറ്റം
ഡെമോക്രസി, കെട്ടു വിട്ടാ കൂതറ എന്നതാണ് എൻ്റെ ബൈപോളാർ രീതി.
ഞാൻ എണീറ്റ് മുണ്ടു മടക്കിക്കുത്തി ( എൻ്റെ കയ്യിൽ ഒറ്റ മുണ്ടുമില്ല! ഹീ ഹീ ) നല്ല ഡോസ് തെറിയങ്ങ് വെച്ചു കൊടുത്തു.എന്നിട്ടും വഴങ്ങാതായപ്പോ രണ്ടെണ്ണം പൊട്ടിക്കാൻ ആഞ്ഞതും വശങ്ങളിൽ നിൽപ്പുണ്ടായിരുന്ന രണ്ട് മല്ലൻമാരിൽ ഒരാൾ (നമ്മുടെ ജോസൂട്ടിയുടെ Jose Varghese ഇരട്ടി വരും) എന്നെ കഴുത്തിൽത്തൂക്കി പൊക്കി ഉയർത്തി. വശങ്ങളിലെ വല്യ ചില്ലുജാലകങ്ങളിലൂടെ ഒരു കൂറ്റൻ പള്ളിയുടെ കുരിശു ഞാനാ അന്തരീക്ഷ തൂങ്ങിയാടലിൽക്കണ്ടു.
” എറിയെടാ ഈ പന്നീനെ തീട്ടത്തിലേക്ക് “
പ്രധാനമന്ത്രി മല്ലനോടു പറഞ്ഞു. ഞാനപ്പോ മല്ലനെ നോക്കി കൈകൂപ്പി. അപ്പഴാ മനസ്സിലായത് മല്ലന് നമ്മുടെ നടൻ ജനാർദ്ദനൻ്റെ ഛായ. അതേ ശബ്ദത്തിൽ അങ്ങേരെന്തോ മുരണ്ടു.
എന്തോ നിരങ്ങുന്ന ഒച്ച കേട്ട് ഞാൻ ഭാഗ്യവശാൽ സ്വപ്നത്തിൽ നിന്നു തെറിച്ചു വീണു.നോക്കുമ്പം ജനാലക്കപ്പുറത്ത് വരാന്തയിലെ കസേരയിൽ നിന്ന് ഒവി വിജയൻ എഴുന്നേറ്റ് ഒരു ബീഡിയും പുകച്ച് പുറത്തേക്കുള്ള വാതിൽക്കലേക്ക് നടക്കുന്നു. ജുബ്ബയും മുണ്ടുമെല്ലാം കാറ്റത്ത് ഇളകുന്നത് ആത്മാവിൻ്റെ നടത്തത്തിൻ്റെ കൃത്യം ഫീൽ ഉണ്ടാക്കുന്നുണ്ട്. ഗ്രില്ല് ഞാൻ പൂട്ടിയതാണ്.ഒരു തിരശ്ശീല വകഞ്ഞു പോകുന്നതു പോലെ പുള്ളി വാതിലിൽ നിന്ന് ഒച്ച കേൾപ്പിക്കാതെ അനായാസം മുറ്റത്തേക്കിറങ്ങി. ( കസേരയിൽ നിന്ന് എഴുന്നേറ്റ പ്പം ഒച്ച ഉണ്ടായി. വാതിൽ കടന്നു പോയപ്പം ഉണ്ടായില്ല. വിജയൻ ആത്മാവിൻ്റെ ദ്രവ്യ സ്ഥിതിയിൽ കൺസിസ്റ്റൻസി പുലർത്തിയില്ലാ)
എനിക്ക് ഭയമൊന്നും തോന്നിയില്ല.
പൊതുവേ പേടിക്കൊടലനാണെങ്കിലും എനിക്ക് കുട്ടിക്കാലം തൊട്ടേ പ്രേതഭയം ഇല്ല.’ അവിടെ നിൽക്ക് മൻഷ്യാ’ എന്ന് ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞെങ്കിലും പുള്ളി ഗൗനിക്കാതെ നടന്നു പോയി (സൈബർ കവികളോട് വിജയനും പുച്ഛമാണോ?)
അന്നേരം ഞാൻ കുറച്ചു നേരത്തേ സംഭവിച്ച രവിചന്ദ്രൻ മാഷ്ക്ക് നിരക്കാത്ത (യുക്തി) രണ്ട് സംഭവങ്ങൾ ഓർത്തു.
ഞാൻ രാത്രി ഉമ്മറത്തെ കസേരയിലിരുന്ന് എഫ് ബി യിലെ ലൈക്കുകൾ പേപ്പറിൽ എഴുതിക്കൂട്ടി രസിക്കവേ ഗ്രില്ലിനു തൊട്ടു പുറത്തുള്ള മോട്ടോറിൻ്റെ സ്വിച്ച് ഓണായി കിടക്കുന്നത് കണ്ടു. ചെവിയോർത്തപ്പോ ടാങ്കിൽ നിന്ന് വെള്ളം മറിയുന്നു. കുളിമുറിയിലെ പൈപ്പ് ഓണാക്കിയ നിലയിലുമാണ് .ഞാനതു തൊട്ടിട്ടില്ല. പിന്നെങ്ങനെ? തല പുണ്ണാക്കാതെ സിച്ച് ഓഫ് ചെയ്ത് ഞാനെൻ്റെ പണിയിലേക്കു മടങ്ങി .വിജയൻ്റെ തലയിൽ നിന്ന് അപ്പക്കുളിച്ച പോലെ വെള്ളം ഇറ്റി വീഴുന്നുണ്ടായിരുന്നു.
രണ്ടാമത്തെ കാര്യം ഒരു കോളുമായി ബന്ധപ്പെട്ടതാണ്.ഒരു കൂട്ടുകാരി എന്നെ വൈകീട്ട് വിളിച്ചിരുന്നു. വീടു പൂട്ടി പോയാൽ ലൈറ്റ് ഓഫാക്കിയില്ലേ, പൈപ്പ് അടച്ചിട്ടില്ലേ, എന്നല്ലാം ആധിവ്യാധിയുള്ള ആ കൊച്ച് ഒരു കഥ പറഞ്ഞു .ഫ്ലൈറ്റിൽ ബാംഗ്ലൂരിലെത്തിയപ്പോൾ ഓൾക്ക് സംശയം .ഗ്യാസ് അടുപ്പ് ഓഫാക്കിയിട്ടില്ലേ എന്ന് .പിരാന്തായി രാത്രിക്കു രാത്രി ബസ്സ് കേറി നാട്ടിലെത്തി വീടു തുറന്നപ്പോ ഗ്യാസ് അടുപ്പ് ഓഫാക്കിയിട്ടുണ്ട്!
ഓള് ഫോൺ വെച്ച് പോയപ്പം ഞാൻ അടുക്കളയിലക്ക് പോയി.ഗ്യാസതാ വെറുതെ നിന്നു കത്തുന്നു! ആ കൊച്ച് ഓഫാക്കിയിട്ടില്ലെന്ന് ആശങ്കിച്ച ഗ്യാസടുപ്പ് എൻ്റെ വീട്ടിലെ ആയിരുന്നോ? അവളുടേത് മാനസിക രോഗമാണോ അതോ പ്രവചന ശേഷിയോ? ഒരു കെട്ടുകഥയിലെ കടുവയെ കഥ വായിച്ചു കഴിഞ്ഞ ശേഷം നിങ്ങളുടെ കട്ടിലിനടിയിൽ തിളങ്ങുന്ന കണ്ണുകളോടെ കണ്ടാൽ നിങ്ങൾ അന്തം വിടില്ലേ?
വിജയൻ പോയ ശേഷം ഞാനടുക്കളയിൽ ചെന്നു നോക്കി .ആള് കട്ടനുണ്ടാക്കി കുടിച്ചിട്ടുണ്ട്! ഒരു പാക്കറ്റ് ടൈഗർ ബിസ്കറ്റ് കാലി. ഇക്കഥ രാവിലെ Seena Panoli യോട് പറഞ്ഞപ്പം ഓള് പറഞ്ഞു:” ഇനി ഞാനാ വീട്ടിലേക്കില്ല, അല്ലെങ്കിൽ നിന്നെ പേടിച്ചാ മതിയാർന്ന്!വിജയനെ സഹിക്കാ. നിൻ്റെ അനന്തരവൻ മുസോളിനിയുടെ പ്രേതമോ മറ്റോ വന്നാ എന്തു ചെയ്യും?”
പറയാൻ ഉദ്ദേശിച്ചത് ഇതൊന്നുമല്ല. യഥാർത്ഥ ജീവിതത്തിൽ പ്രേത ഭയമില്ലെങ്കിലും എനിക്ക് പ്രേതസിനിമ കണ്ടാൽ മൂത്രം മുട്ടും.
ഗുണപാഠം: യഥാർത്ഥ ജീവിതത്തെക്കാൾ യഥാർത്ഥവും പവർഫുള്ളുമാണ് കല.
ഒറ്റ വാചകത്തിൽ പറയാവുന്ന ക്ലീഷേ നിരീക്ഷണം പറയാനായിരുന്നു ഈ സ്ഥൂല പ്രബന്ധം!
ഞാൻ അപഹർത്താവാണ് .
നിങ്ങളുടെ സമയത്തിൻ്റെ കൊള്ളക്കാരൻ!
ഷമിക്കണം.
( വര: നോവലിസ്റ്റും കവയിത്രിയും ചിത്രകാരിയുമായ B Bindu )