രചന : മാധവിടീച്ചർ, ചാത്തനാത്ത് ✍
പുള്ളോർക്കുടത്തിന്റെ ഒച്ചയും വീണതൻ
നാദവും കേൾക്കെ ഞാനോടിയെത്തും …
വേഗത്തിൽ കൈകാൽ മുഖവും കഴുകിയെ_
ന്നമ്മക്കരികിലണഞ്ഞിരിക്കും.
അമ്മയോ നാഴിയരിയുമായ് കുഞ്ഞിന്റെ
നാവേറുചൊല്ലുവാൻ ചൊല്ലിടുന്നു …!
ഞാനതു കേട്ടെന്റെ കുഞ്ഞുവിരലിനാൽ
താളം പിടിച്ചമ്മ തൻ മടിയിൽ ..!
അച്ഛൻ തിരക്കിട്ടു കേറി വന്നിട്ടൊരു
ചാരുകസേരയിൽ ചാഞ്ഞിരുന്നു…
ഞാനോടിച്ചെന്നൊരു പാള വിശറിയാൽ
വീശിതെല്ലാശ്വാസക്കാറ്റു നൽകി –
താതന്നു സന്തോഷമായെന്റെ നെറ്റിയിൽ
ചുംബനപ്പൊട്ടൊന്നു തൊട്ടു തന്നു…
ഓടി ഞാനെൻ കൺമണിയായപാവയ്ക്കും
നാവേറുചൊല്ലിടാൻ മോഹമോടെ
തേടുമ്പോഴെന്നമ്മ ചൊല്ലുന്നു നിന്നുണ്ണി
ചായുറങ്ങിപ്പോയതിപ്പൊഴല്ലൊ….!
നാളെ വരുമിവർ നാവേറുചൊല്ലിടും
എന്ന വാക്കോർത്തു ഞാൻ മോഹമോടെ
എത്ര നാൾ കാത്തു ഞാൻ ഇന്നുവരെയവ –
രെത്തിയില്ലെൻ മോഹം ബാക്കി നിൽപ്പൂ …!
ഇന്നുമെൻ സ്വപ്നത്തിലെത്തുന്നുവന്നത്തെ
വീണതന്നീണം നിറഞ്ഞനാദം.
പുള്ളോർക്കുടത്തിന്റെ സുന്ദരരൂപവും,
പുള്ളോത്തി തൻമുഖഭാവങ്ങളും
ഓർക്കവേ ഇന്നുമാ മാധുര്യശബ്ദമെൻ
ഓർമ്മയിൽ നാവേറു ചൊല്ലിടുന്നു … !
അന്നത്തെയാ കളിപ്പാവയെക്കൊഞ്ചുന്ന
ബാല്യത്തിലെത്താൻ കൊതിച്ചിടുന്നു ..!
എത്തുകയില്ലിനിയന്നത്തെ സന്തോഷ –
ശൈശവമെന്നു ഞാനോർത്തു നിൽക്കേ ..
ഇന്നുമെൻ സ്വപ്നത്തിൽ നിറദീപപ്രഭയോടെ
നാഴിയിലരി നിറച്ചമ്മനിൽപ്പൂ.
നാവേറുചൊല്ലുവാനെത്തണം നാളെയും
എന്നമ്മ വീണ്ടും മൊഴിഞ്ഞിടുന്നു – !
ഇന്നുമാ പുള്ളോർക്കുടത്തിന്റെ നാദമെൻ
ഉള്ളത്തിൽ നാവേറുചൊല്ലിടുന്നു….!
ഇന്നുമാ നാവേറുശീലുകൾ കേൾക്കുവാൻ
കാത്തുകാത്തുളളം തുടിച്ചിടുന്നു.!’