രചന : ബാബുഡാനിയൽ ✍
സത്യധര്‍മ്മങ്ങളും നീതിബോധങ്ങളും
കത്തിയമര്‍ന്നൊരുകാലം
വിത്തമോഹത്തിന്‍റെ വീതം പകുത്തവര്‍
സത്യത്തെക്രൂശില്‍ തറച്ചൂ
‘സത്വം’ കണക്കേ മനുഷ്യജന്‍മങ്ങളി-
ന്നസ്തിത്വം ചോര്‍ന്നവരായീ
സത്യത്തിന്‍ പൊരുള്‍ തേടി
മണ്ണിലലഞ്ഞോരേ
ക്രുദ്ധജന്‍മങ്ങള്‍ തകര്‍ത്തൂ
റാന്തലുംപേറിയിന്നും ഡയോജനിസ്
ഏതോ തെരുവിലായുണ്ട്
ക്രിസ്തുവും ഗാന്ധിയും പിന്നെ സോക്രട്ടീസും
ചിത്തം മുറിവേറ്റു നില്‍പ്പൂ.
നിഷ്ക്രിയരാകുന്നു നിഷ്കാമകര്‍മ്മികള്‍
നിഷ്ഠൂര വാക്കിന്‍ ശരത്താല്‍
ഇഷ്ടങ്ങളോരോന്നും ചുട്ടെരിച്ചീടുന്നു
നഷ്ടബോധത്തിന്‍ കയത്തില്‍
കഷ്ടങ്ങളേറെ സഹിച്ചോരുമാനസം
നിഷ്പ്രഭനായി വിതുമ്പി..
ദുഷ്ടജന്‍മങ്ങളിന്നാര്‍ത്തുപാടീടുന്നു
സത്യം മരിച്ചൊരീ മണ്ണില്‍.