സോമരാജൻ പണിക്കർ ✍
പ്രായമായ മാതാപിതാക്കളെ കുറെ വർഷങ്ങളായി കൂടെ താമസിച്ച് അവരുടെ കാര്യങ്ങൾക്ക് വേണ്ടി പല ഓഫീസുകളും കയറിയിറങ്ങുന്നതിനാൽ എനിക്ക് ഒരു കാര്യം വ്യക്തമായി ..
നമ്മുടെ ഭൂരിപക്ഷം ഓഫീസ് കളും നിയമങ്ങളും വയോജന സൗഹൃദമല്ല …
ഒന്നാം നിലയിൽ കോവേണി കയറിപ്പോകേണ്ടുന്ന അക്ഷയ കേന്ദ്രം മുതൽ നേരിട്ടു ഓഫീസിൽ ചെല്ലാതെ ലഭിക്കാതെ പോകുന്ന പല വിധ സൗകര്യങ്ങൾ മുതൽ അവയിൽ പെടുന്നു…
പ്രായമായവർക്ക് മറ്റുള്ളവരെ പ്പോലെ സഞ്ചരിക്കാനോ കോവേണി കയറാനോ കഴിയില്ല എന്ന ലളിതമായ സത്യം മനസ്സിലാക്കാൻ കഴിയാത്തവരാണ് അത്തരം ഓഫീസിൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നതാണ് കൂടുതൽ സങ്കടകരം..
കുറച്ചു ദിവസങ്ങൾക്കു മുൻപ് ബഹു : ഡൽഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജരിവാൾ കൊച്ചിയിൽ എത്തി ഒരു പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ എടുത്തു പറഞ്ഞ ഒരു കാര്യം എനിക്കു വളരെ പ്രധാനമാണ് എന്നു തോന്നി ..
അദ്ദേഹം പറഞ്ഞത് ഡൽഹിയിൽ എതു സർക്കാർ കാര്യം ആണെങ്കിലും ഒരു നാലക്ക നമ്പറിൽ വിളിക്കാം….മറുഭാഗത്ത് ആ കാൾ സ്വീകരിക്കുന്ന ജീവനക്കാരൻ നിങ്ങൾക്ക് എന്തു സഹായം ആണ് വേണ്ടതെന്നു അന്വേഷിക്കുന്നു…അതിനായി എന്തെല്ലാം രേഖകൾ ആവശ്യമാണെന്നു വിശദീകരിക്കുന്നു …ആ രേഖകൾ എവിടെ നിന്നും എങ്ങിനെ കിട്ടുമെന്നു വിശദീകരിക്കുന്നു…
ഒടുവിൽ ആ രേഖകളുമായി ആരെ സമീപിക്കണം എന്നു നിർദ്ദേശിക്കുന്നു…ചുരുക്കത്തിൽ നിങ്ങൾ ഒരു സർക്കാർ ഓഫീസിലും കയറി ഇറങ്ങേണ്ട …നിങ്ങൾ ഇരിക്കുന്ന സ്ഥലത്ത് സർക്കാർ സഹായം എത്തുന്നു…
മിക്ക കാര്യങ്ങളും ഇന്നു ഓൺ ലൈൻ ആയി ചെയ്യാൻ പറ്റുന്ന കാലത്ത് ആളുകളെ പ്രായ പരിഗണന ഇല്ലാതെ സർക്കാർ ഓഫീസുകളിൽ കയറ്റി ഇറക്കുന്ന രീതി പരിപൂർണ്ണമായും അവസാനിപ്പിക്കുക തന്നെ വേണം..
കുറച്ചു നാൾ മുൻപു നടന്ന ഒരു ഉദാഹരണം പറയാം..
അച്ഛന്റെ പേരിൽ ഉള്ള ഒരു ബീ എസ് എൻ ഇൽ സിം കാർഡ് മാറ്റി ഒരു മൈക്രോ സിം ആക്കി എടുക്കാനായി ഒരു ബീ എസ് എൻ എൽ ഓഫീസിനെ സമീപിച്ചു …
അവർ പറയുന്നു , ഉപഭോക്താവ് നേരിട്ടു വരണം..ആധാർ കാർഡും ഒരു ഫോട്ടോയും വേണം…ഉപഭോക്താവിനു 95 വയസ്സുണ്ടെന്നും ഇപ്പോൾ യാത്ര ചെയ്യാൻ പ്രയാസം ആണെന്നും പറഞ്ഞിട്ടും അവർ പറയുന്നു..ഞങ്ങളുടെ നിയമപ്രകാരം നേരിട്ടു ആധാർ കാർഡുമായി ഹാജരായെങ്കിലേ അതു മാറ്റി നൽകൂ എന്നു…
ഇത് ടെക്നോളജി ഉപയോഗിച്ചാൽ എത്ര ലളിതമായും സുഗമമായും വീട്ടിലിരുന്നു സിം കാർഡ് മാറ്റി മറ്റൊന്നു കുറിയർ ആയോ സ്പീഡ് പൊസ്റ്റ് ആയി വീട്ടിലെത്തിച്ചു കൂടെ …? അതെ ആൾ തന്നെ എന്നറിയാൻ ആധാർ രജിസ്റ്റർ ചെയ്ത മൊബൈലിൽ ഓ .ടീ .പീ വന്നാൽ പോരേ ?
തീർച്ചയായും മതി …എന്നാൽ അതിനു നിയമങ്ങൾ പരിഷ്കരിക്കണം..പ്രായമുള്ളവരെ യാത്ര കൂടാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ എങ്ങിനെ സഹായിക്കാം എന്നു ഒരോ ഒഫീസിലും ഒരു ബോർഡ് സ്ഥാപിക്കണം..അതിനു ഒരു ഹെല്പ് ലൈൻ നമ്പർ ഉണ്ടാവണം..അവർക്ക് ആവശ്യമുള്ള സേവനങ്ങൾ അവരുടെ വീട്ടിൽ എത്തിച്ചു കൊടുക്കുന്ന സംവിധാനങ്ങൾ ഒരോ വകുപ്പിലും ഓഫീസിലും ഡിപ്പാർട്ട്മെന്റിലും ഉണ്ടാവണം..
ഒരാൾക്ക് പ്രായം 95 ആയി ..യാത്ര ചെയ്യാൻ പറ്റില്ല …ഒപ്പിടാൻ പറ്റില്ല …വിരൽ അടയാളം എടുക്കാൻ സഹകരിക്കുന്നില്ല …ബയോമെട്രിക് തിരിച്ചറിയുന്നില്ല എന്നൊക്കെ ഉള്ള പ്രായോഗിക പ്രശ്നങ്ങൾ ആണ് നാം നിത്യേന കാണുന്നതും കേൾക്കുന്നതും…അവർക്കു വേണ്ടി പഴയ നിയമങ്ങൾ പരിഷ്കരിച്ചു പുതിയ നിയമങ്ങൾ ഉണ്ടാവണം..കോണ്ടാക്ട് ലെസ് ബയോമെട്രിക് സംവിധാനങ്ങൾ ആയ വെസ്സൽ മാപ്പിംഗ് ഉം ഫേസ് റെക്കൊഗ്നീഷനും ആധാർ കാർഡിൽ പുതിയതായി ഉൾപ്പെടുത്തണം..
വയോജന സൗഹൃദം ഒരു നല്ല പദം ആണ്…എന്നാൽ അതു പ്രാവർത്തികമാക്കാൻ നാം ഒരോ നിയമവും വകുപ്പും ഓഫീസും പരിഷ്കരിച്ചു വയോജനസൗഹൃദമാക്കാൻ പരിശ്രമിക്കണം…
അല്ലെങ്കിൽ ഒരു വൃദ്ധജനമോ അവരുടെ മക്കളോ
” ഞങ്ങൾ എന്തു ചെയ്യാനാണ് സർ …നിയമം ഇങ്ങിനെയാണ്”
എന്നു നിർവികാരനായി കാണാതെ പഠിച്ചു പറയുന്ന ഒരു ജീവനക്കാരനെ കണ്ട് നിരാശയോടെ ആ ഓഫീസ് വിട്ടിറങ്ങേണ്ടി വരും..