രചന : പ്രിയ ബിജു ശിവകൃപ ✍
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കൽപ്പികം മാത്രം )
സിറിയയിലെ ഒരു കടൽത്തീരം……
മത്സ്യ ബന്ധനം തൊഴിലായി സ്വീകരിച്ച കുറെ പാവങ്ങൾ അധിവസിക്കുന്ന ഒരു കടലോര ഗ്രാമം അതാണ് ദനോറ……. ഇവിടെയുള്ള യുവാക്കൾ പോലും തൊഴിലായി സ്വീകരിക്കുന്നത് മത്സ്യ ബന്ധനമാണ്….
അല്ലെങ്കിൽ അങ്ങനെ അവരെ മാതാപിതാക്കൾ പരിശീലിപ്പിച്ചെടുക്കുന്നു…
അധ്വാനത്തിന്റെ മഹത്വം തല മുറകളായി അവരുടെ പൂർവികർ അവർക്കു പകർന്നു നൽകുന്നു അവർ അത് പിന്തുടർന്ന് പോരുന്നു…
സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറെ പാവങ്ങൾ
ദനോറയിലെ മൂപ്പൻ ദിക്‌റൂസിന്റെ മകൻ ആണ് ഡാനിസ്…. അയാളുടെ പ്രേത്യേകത.. തിളങ്ങുന്ന നീലക്കണ്ണുകളാണ്.. ഒരു ഗ്രീക്ക് ദേവനെപ്പോലെ സുന്ദരൻ…. അവന് സംഗീതത്തിലും പ്രാവീണ്യം ഉണ്ട്….അവന്റെ കയ്യിൽ എപ്പോഴും ഉണ്ടാവും ഒരു ഗിറ്റാർ….
കടൽത്തീരത്തുള്ള പാറക്കെട്ടിനു മുകളിലിരുന്നു ഡാനിസ് മനോഹരമായി ഗിറ്റാർ വായിക്കുമായിരുന്നു……
ഒരിക്കൽ കടൽ ക്ഷോഭത്തിൽ നഷ്ടപ്പെട്ട തന്റെ പ്രിയപ്പെട്ട കാമുകി മിലിയെ ഓർത്തു അവൻ ചങ്കുപൊട്ടി കരയും …. പിന്നീടുള്ള അവന്റെ വിലാപ ഗീതങ്ങൾ ശിലയെപ്പോലും അലിയിക്കുന്നതായിരുന്നു
ജോലിക്ക് പോകാൻ നിർബന്ധിക്കുന്ന മാതാപിതാക്കളോട് അവന് ദേഷ്യമായിരുന്നു…
അതിനു കാരണം പട്ടണത്തിൽ നിന്നും ഇടയ്ക്ക് എത്തുന്ന ഒരു പരിഷ്കാരി ഉണ്ടായിരുന്നു…സൈറസ്
അയാൾ അവന് അനേകം പുസ്തകങ്ങൾ കൊണ്ടു കൊടുത്തു… അതിലെല്ലാം അതീന്ദ്രിയ കഥകളായിരുന്നു… മാന്ത്രിക കഥകളും മായക്കാഴ്ചകളുമൊക്കെ ആയിരുന്നു…ഇടയ്ക്ക് ലഹരി വസ്തുക്കളും അയാൾ അവന് സമ്മാനിച്ചു
ആ കഥകളൊക്കെ വായിച്ചു അയാൾ ഒരു സ്വപ്നജീവിയായിതീർന്നു
അലഞ്ഞു തിരിഞ്ഞു നടക്കുന്ന മകനെ ഓർത്തു അയാളുടെ മാതാപിതാക്കളായ ദിക്‌റൂസും മരിയയും ഏറെ വേദനിച്ചു…
അവർ അവരുടെ കുല ദേവതയായ ‘അറ്റർഗദ്ദിസ് ‘ നോട് മനമുരുകി പ്രാർത്ഥിച്ചു……വെള്ളത്തിലിറങ്ങിയാൽ ആ ദേവതയുടെ രൂപം മാറുമെന്നായിരുന്നു ഗോത്രക്കാരുടെ വിശ്വാസം.
മാത്രമല്ല അവരുടെ ഗോത്രത്തിന്റെ ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും അടയാളം ആ ദേവതയാണ് എന്നവർ പുരാതന കാലം മുതൽ വിശ്വസിച്ചു പോന്നു………
തന്റെ മകന്റെ മനോവിഷമങ്ങളൊക്കെ മാറ്റി അവനെ മിടുക്കനാക്കണമെന്ന് അവർ ദേവതയോട് പ്രാർത്ഥിച്ചു….
ഒരു രാത്രി
പതിവുപോലെ തന്റെ ഗിറ്റാറുമായി പാറക്കൂട്ടത്തിനരികിൽ നിലയുറപ്പിച്ചിട്ടുണ്ട് ഡാനിസ്….. അടുത്തെങ്ങും ആരുമില്ല… ആ സമയത്ത് അവിടെ ആരുമുണ്ടാവില്ല….
അനന്തമായ നീലക്കടൽ….ആഴമേറിയ രഹസ്യങ്ങളുടെ കലവറ.. നിലാ വെളിച്ചത്തിൽ കടൽജലം തിളങ്ങുന്ന കാഴ്ച നയന മനോഹരമാണ് ..
മുത്തശ്ശിയായ മിയാമി പറഞ്ഞ കുറെ കഥകൾ അയാളുടെ ഉള്ളിൽ പതിഞ്ഞു കിടപ്പുണ്ട്…. അവയിലൊന്നു മത്സ്യ കന്യകകളുടെ കഥകളാണ്…..
ഡാനിസിനു മുത്തശ്ശിയെ ഭയങ്കര ഇഷ്ടമായിരുന്നു… അവർ പറയുന്ന കഥകൾ കേട്ടിരിക്കാനും രസമുണ്ട്….
മത്സ്യകന്യകകൾ വളരെ സുന്ദരികളായിരിക്കുമത്രേ….. ശാപം കിട്ടിയ അവരുടെ ഗോത്രത്തിലെ കന്യക മാരാണത്രേ മത്സ്യ കന്യകമാരായി പുനർജ്ജനിക്കുന്നത്……
പക്ഷെ അവർ ആ ജന്മത്തിൽ കടലിന്നടിയിൽ എത്തുന്നതോടെ ദുഷ്ടരായി മാറുമെന്നാണ് ഗോത്ര വർഗ്ഗ വിശ്വാസം…
പാട്ട് പാടുകയും മനുഷ്യരെ വശീകരിച്ചു കടലിന്നടിയിൽ കൊണ്ടുപോയി കൊല്ലുമെന്നൊക്കെയാണ് അവരുടെ വിശ്വാസം…
എന്നാൽ അവരുടെ കുലദേവതയായ ‘അറ്റർ ഗദ്ദിസ് ‘ഈ ആപത്തുകളിൽ നിന്നൊക്കെ അവരെ രക്ഷിക്കുമെന്ന് അവർ വിശ്വസിച്ചു പോന്നു…..
മിയാമി മുത്തശ്ശി പറഞ്ഞത് പോലെ തന്റെ മിലിയും പുനർജ്ജനിച്ചിട്ടുണ്ടാവുമോ… അങ്ങനെഎങ്കിൽ അവൾ എപ്പോഴേ തന്നെ തേടിവന്നേനെ…
എന്തു സുന്ദരിയായിരുന്നു മിലി…. കടൽ സംഹാരതാണ്ഡവമാടിയപ്പോൾ കടൽ ദേവത അവളെയും കൊണ്ടുപോയി…. അവളുടെ ശരീരം പോലും കിട്ടിയില്ല……
… ചിലപ്പോൾ താൻ ആഗ്രഹിക്കാറുണ്ട്.. തന്റെ മിലി തന്നെ തേടി വന്നെങ്കിലെന്നു…
പെട്ടെന്ന് അവന്റെ കാതുകളിൽ ദൂരെ എവിടെ നിന്നോ ഒരു സംഗീതത്തിന്റെ അലയൊലികൾ മുഴങ്ങി…
അവൻ കാതോർത്തു…
നേർത്ത ശബ്ദത്തിൽ ഒരു പാട്ടു കേൾക്കുന്നുണ്ട്…..
“പ്രിയനേ…. നീ ………..അറിയുന്നീലയോ
നിന്നെ…… തിരഞ്ഞു…….ഞാനലയുന്നത്
നിൻ…..നീലക്കണ്ണിലെ……പ്രണയത്തിൻ മുത്തുകൾ….. കോർത്തെടുത്തിന്നു ഞാൻ മാലയാക്കി…… എന്നു…. വരും… നീയീ… കടലിന്നഗാധതയിൽ മുത്തും പവിഴവും സ്വന്തമാക്കാൻ…. കാത്തിരിപ്പൂ ഞാനീ മാണിക്യശയ്യയിൽ പൊന്നിൻ കിനാക്കളും കണ്ടുകൊണ്ട്……..
എന്താണിത്…. സത്യമാണോ…. അതോ കരയിൽ ആരെങ്കിലും പാടുന്നതാണോ… അല്ല… ഇത് അകലെ കടലിൽ നിന്നുള്ള പ്രതിധ്വനി പോലെ തോന്നുന്നുണ്ട്… ഇനി മുക്കുവന്മാർ പാടുന്നതാണോ…. അല്ല ഒരിക്കലുമല്ല…. ഇതൊരു പെണ്ണിന്റെ ശബ്ദമാണ്…..
അവൻ വീണ്ടും കാതോർത്തു… കടലിന്റെ ഇരമ്പൽ കേൾക്കുന്നുണ്ട്… തിരകൾ പാറക്കൂട്ടത്തിൽ വന്നുതല്ലിമടങ്ങുന്നുണ്ട്…
അതിനിടയിൽ വീണ്ടും ആ നേർത്ത മനോഹരമായ ശബ്ദവീചികൾ…..അവന്റെ കാതിൽ മുഴങ്ങി……..
“ഡാനീ “
പെട്ടെന്ന് ഒരു വിളിയൊച്ച
അവനിരിക്കുന്ന പറക്കൂട്ടത്തിന്റെ മറവിൽ ഇടതു വശത്തുന്നു നിന്നാണ് ആ വിളി കേട്ടത്….
അവൻ മെല്ലെ എഴുനേറ്റു…
അവിടെക്കു നടന്നു….
അവൻ കണ്ടു… കണ്ണ് നിറച്ചു കണ്ടു
അവന്റെ മിലിയെ….
അതിസുന്ദരിയായ മത്സ്യ കന്യക….
കിടന്നു പിടയുന്നു….
എന്നെ വേഗം ജലത്തിലിറക്കു ഡാനിസ്
നിന്റെ എന്നുമുള്ള വിലാപങ്ങളും എന്റെ പാട്ടും കേട്ട് മനമലിഞ്ഞ തിരമാലകളുടെ ദേവനായ മിനോസ് എന്നെ ഇവിടെ എത്തിച്ചതാണ്…
പെട്ടെന്നാകട്ടെ… ഞാനിപ്പോൾ പിടഞ്ഞു മരിക്കും…
എന്നെ ജലത്തിലിറങ്ങാൻ സഹായിക്കു..
ഡാനിസിനു വിശ്വസിക്കാനാവുന്നില്ല
താൻ സ്വപ്നം കാണുന്നതാണോ….
അവൻ അവളുടെ സമീപം ചെന്നു……
അവളെ ജലത്തിലേക്കിറങ്ങാൻ സഹായിച്ചു…..
അവനെയും കൊണ്ട് അവൾ വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു
അത്ഭുതം…!!
അവന് ശ്വാസതടസ്സമൊന്നുമുണ്ടായില്ല..
അവന്റെ മനസ്സറിഞ്ഞത് പോലെ അവൾ പറഞ്ഞു….
കരയിൽ മാത്രമേ ഞങ്ങളുടെ ദിവ്യ ശക്തികൾ ഫലിക്കാതുള്ളു… സമുദ്രത്തിനടിയിൽ ഞങ്ങൾ ശക്തി ശാലികളാണ്… അതുമൂലം നിനക്ക് ഇവിടെ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല….
” നിനക്ക് ഞങ്ങളുടെ കൊട്ടാരം കാണണ്ടേ “
” കാണണം “
” വരൂ “
അവൾ അവനെയും കൊണ്ട് അകലേയ്ക്ക് നീങ്ങി….
കടലിനടിയിലെ കാഴ്ചകൾ ഡാനിസിനെ ഒരു മായാലോകത്തെത്തിച്ചു… എന്താ മനോഹാരിത….
അതിസുന്ദരമായ കടലിന്റെ മടിത്തട്ട്….. കടലിനടിയിൽ വളരുന്ന സസ്യങ്ങളും അതിനിടയിൽ കൂടി യെഥേഷ്ടം വിഹരിക്കുന്ന സ്വർണ വർണങ്ങളും മറ്റ് പല നിറത്തിലുമുള്ള മത്സ്യങ്ങൾ… പവിഴപുറ്റുകളുടെ മനോഹാരിത അവന്റെ നീലക്കണ്ണുകളെ ഒന്നുകൂടി പ്രകാശിപ്പിച്ചു……
മിയാമി മുത്തശ്ശിയുടെ കഥകളിൽ അവൻ കേട്ടറിഞ്ഞ ഒരു വെണ്ണക്കൽ കൊട്ടാരത്തിലേക്കാണ് മിലി അവനെ കൂട്ടിക്കൊണ്ടുപോയത്…..
അനേകം മത്സ്യകന്യകമാരെ അവൻ അവിടെ കണ്ടു……..
അവനെ കണ്ടു അവിടെയുള്ള എല്ലാവരും ആർത്തുല്ലസിച്ചു…. ഭ്രമിപ്പിക്കുന്ന സംഗീതത്തിനൊപ്പം അവർ നീന്തി തുടിക്കുന്നു….
ഒടുവിൽ ആർത്തി പൂണ്ടു അവർ അവന് നേരെ പാഞ്ഞു വന്നു….
വിഭ്രമത്തിനു അടിമപ്പെട്ടുപോയ അവന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല….
അവൻ മിലിയെ നോക്കി… അവളുടെ രൂപം ബീഭത്സമാകുന്നു… ചോരക്കണ്ണുകളും ദംഷ്‌ട്രകളും പ്രത്യക്ഷപ്പെട്ടു.
അതെ… മിയാമി മുത്തശ്ശി പറഞ്ഞതൊക്കെ സത്യമായിരുന്നു…..
ചതിയായിരുന്നു…. എല്ലാം…
തന്റെ ഗോത്രത്തിലെ മിത്തുകളൊക്കെ സത്യമായിരുന്നു…
ഇതാ തന്റെ അവസാനമടുത്തു..
അപ്പനെയും അമ്മയെയും ഇനി കാണാൻ കഴിയില്ല….
തന്റെ ഗ്രാമത്തെയും…. കൂട്ടുകാരെയും… ആരെയും….
അവൻ കണ്ണുകൾ ഇറുക്കിയടച്ചു…..
“ഡാനിസ് “
കാതിൽ സ്നേഹമശ്രിണമായ ഒരു വിളി..
ഡാനിസ് ബദ്ധപ്പെട്ട് കണ്ണുകൾ വലിച്ചുതുറന്നു…
മങ്ങൽ കാരണം മുന്നിലെ കാഴ്ചകൾ വ്യക്തമല്ല….
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ മുന്നിലെ കാഴ്ചകൾ വ്യക്തമായി….. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കടൽ…
തന്റെ തൊട്ടടുത്തുണ്ട് ഒരു സ്ത്രീരൂപം….
“ആരാണത് “
” നീ പേടിക്കേണ്ട…. നിന്നെ രക്ഷിച്ച ഒരാളാണ് എന്നു കരുതിയാൽ മതി….”
” അപ്പോൾ ഞാൻ രക്ഷപെട്ടോ “
” ഉവ്വ്… ഞാനാണ് നിന്നെ രക്ഷപ്പെടുത്തിയത് “
” ആരാണ് നിങ്ങൾ “
” ഞാൻ അറ്റർഗദ്ദിസ്… നിങ്ങളുടെ കുലദേവത.. നിന്റെ മാതാപിതാക്കളുടെ അപേക്ഷപ്രകാരം ഞാനെത്തിയതാണ്.. നിന്റെ ചിന്തകളുടെ ഊരാക്കുടുക്കളുടെ ലോകത്തു നിന്നും നിന്നെ രക്ഷിക്കാൻ “
നീ കണ്ടത് നിന്റെ മനോമുകുരത്തിൽ പതിഞ്ഞു കിടന്ന ചില ചിന്തകൾ മാത്രമാണ്…. അതൊന്നു ബോധ്യപ്പെടുത്താൻ മാത്രമാണ് നിന്നെ ഞാൻ മായാ വലയത്തിലാഴ്ത്തിയത്….
” ഭാവനകൾ നല്ലതാണ് ഡാനിസ്… പക്ഷെ നമ്മുടെ പൂർവികർ നമുക്ക് പകർന്നു നൽകി പോരുന്നത് അവരുടെ കഴിഞ്ഞ തലമുറകൾ അവർക്ക് നൽകിയ മാർഗ്ഗ നിർദേശങ്ങളാണ്…..
ഓരോ തലമുറകളും അതു പിന്തുടർന്ന് പോരുന്നു.. പക്ഷെ ഇപ്പോഴുള്ള തലമുറകൾ മാറി ചിന്തിക്കാൻ തുടങ്ങി..മാറ്റങ്ങൾ നല്ലത് തന്നെ പക്ഷെ നമ്മുടെ പിതൃക്കൾ നമുക്ക് നൽകിയിട്ടുപോയ ദർശനങ്ങൾ കുറെയൊക്കെ ജീവിതത്തിലേക്ക് പകർത്തിയാൽ ജീവിത വിജയം ഉറപ്പാണ്…
കഠിനാധ്വാനo നമ്മുടെ കുടുംബത്തോടും സമൂഹത്തോടും നമുക്കുള്ള കടമ നിർവഹിക്കാനുള്ള നല്ല മാർഗ്ഗമാണ്.. അലസത ഒന്നിനും പരിഹാരം അല്ല… പിന്നെ മരണം എന്നത് ശാശ്വത സത്യമാണ്..
മരിച്ചു പോയവർ ഒരിക്കലും തിരികെ വരില്ല.. അവർ നമ്മുടെ ഓർമ്മകളിൽ മാത്രം ജീവിക്കുന്നവരാണ്.. അവരുടെ ഓർമ്മകളും അവർ പകർന്നു തന്ന സ്നേഹവും നമ്മെ മുന്നോട്ട് നയിക്കാൻ പ്രേരിപ്പിക്കുന്നു………ജീവിച്ചിരിക്കുന്നവർക്ക് നമ്മൾ പ്രയോജനപ്പെടേണ്ടതുണ്ട്.. അതുവഴി ആത്മ സംതൃപ്തിയും ജന്മസാഫല്യവും ലഭിക്കും…
നിന്റെ മാതാപിതാക്കൾ നിന്നെ ഓർത്തു ഒരുപാട് വേദനിക്കുന്നുണ്ട്.. ആദ്യം നീ അവരുടെ കണ്ണുകളിലെ ഈറൻ മാറ്റു…. അവരുടെ മനസ്സിലും ജീവിതത്തിലും സന്തോഷം നിറയ്ക്കു…. അതിനായ് നീ അധ്വാനിക്കുക …. അലസത വെടിയുക..
ഞാൻ പോലും ഒരു പക്ഷെ നിന്റെ ഉപബോധ മനസ്സിന്റെ തോന്നൽ ആകാം…..
അതാണ് മനുഷ്യമനസ്സ്.. ആർക്കും പിടികിട്ടാത്ത അനേകം സമസ്യകളുടെ താഴ്‌വര… ഒരു പക്ഷെ ഈ സമുദ്രത്തിന്റെ അടിത്തട്ടിനേക്കാൾ നിഗൂഢമായത്…..
ഡാനിസ് മെല്ലെ എഴുനേറ്റിരുന്നു….
പുലരി വിരിഞ്ഞിരിക്കുന്നു….
തന്റെ ജീവിതത്തിലെ പുത്തൻ പ്രതീക്ഷകളും….
അവൻ നന്ദിയോടെ അറ്റർഗദ്ദിസിനെ നോക്കി…
പക്ഷെ അവൾ നിന്നയിടം ശൂന്യമായിരുന്നു…..
അവൻ തന്റെ പുരയിലേക്ക് നടന്നു….
പുതിയ ഒരു മനുഷ്യനും പുതിയ ചിന്തകളുമായി….
✍️✍️✍️✍️✍️