രചന : സുദേവ്.ബി ✍

സംഹരിയ്ക്കുന്നു സർവ്വതും കേവലം
നിഷ്കളാനന്ദബോധമായ്ത്തീരുവാൻ
സൃഷ്ടിതൻ കാരണാബ്‌ധിയിലിച്ഛതൻ
ഓളമില്ലാത്തൊരേകാന്തസ്വച്ഛത!
സർഗ്ഗതാരള്യമുഗ്ദ്ധലാവണ്യത
മെല്ലെയൂറുന്നു ശ്രദ്ധാങ്കുരങ്ങളായ്
ലോലലോലമാസ്പന്ദനമൊക്കയും
രൂപമാവുന്നിതാ ശബ്ദ,സ്പർശത!
എന്തുമാധുര്യ സൗഗന്ധപൂർണ്ണത
നിത്യനൂതന സൗന്ദര്യ ധീരത
വിശ്വദർശനം സാധ്യമാകുന്നു ഹാ
അക്ഷരപുഷ്പകർണ്ണികാഗ്രത്തിലും
വീണ്ടുമീ തളിർദർഭക്കിളുന്തിനാൽ
തൊട്ടിടട്ടേ സുദർശന രശ്മികൾ.
സംഹരിക്കുന്നിടക്കിടെ കാവ്യമേ
നിൻ്റെ ഭംഗി നവീകരിച്ചീടുവാൻ !
ആരുടയ്ക്കാനഖണ്ഡ ഗഭീരത
ആരുകൊത്താനതിൽ രൂപഭദ്രത
ചേതനാസ്പന്ദനങ്ങളെ കൊണ്ടു ഞാൻ
വീണ്ടെടുക്കുന്നനുഗ്രഹ ദർശനം
കാലമേ നിന്നനുജ്ഞയേ പ്രാർത്ഥിച്ചു
സൃഷ്ടിസംഹാരമേകുന്നതീതൃണം !
ഊർജ്ജരശ്മിയേ ചിദ് പ്രഭാതത്തിനേ
ജീവരേണുവേ ! നീയരിച്ചീടുക


. ! .

സുദേവ്.ബി

By ivayana