രചന : രമണി ചന്ദ്രശേഖരൻ ✍
പഴമതൻ നിറക്കൂട്ടിൽ ചായം വരയ്ക്കുമ്പോൾ
ഓർമ്മകൾ പൂക്കുന്നൊരെൻ്റെ ഗ്രാമം
പൊട്ടിച്ചിരിച്ചുകൊണ്ടോളം നിറയ്ക്കുന്ന
പുഴയേറെയുള്ളതാണെൻ്റെ ഗ്രാമം
തെയ്യവും പൂരവും പണയണിക്കോലവും
ചുവടുകൾ വെക്കുന്നൊരെൻ്റെ ഗ്രാമം
കേരനിരകൾ കഥകളിയാടുമ്പോൾ
മനസ്സുനിറയുന്നൊരെൻ്റെ ഗ്രാമം
മഴപെയ്യും നേരത്തുറവകൾ തേടി
ഓടി നടന്നൊരിടവഴിയും
അന്തിക നേരത്ത് സൊറ പറയാനായി
കൂട്ടുകാർ കൂടുന്നൊരാൽത്തറയും
മഴവില്ലുപോലെ മനസ്സിൽ തെളിയുന്ന
കതിരിട്ട പുന്നെല്ലിൻ പാടങ്ങളും
പൂക്കൈതയെങ്ങുമതിരു നിരത്തിയ
തെളിനീരൊഴുകുന്ന ചാലുകളും
കുന്നും മലയും നിറഞ്ഞൊരുകാനന-
ച്ചോലകളെങ്ങോട്ടോ പാഞ്ഞിടുമ്പോൾ
പൊന്നൂഞ്ഞാൽ കെട്ടി രസിച്ചു കളിക്കുന്ന
നെയ്യാമ്പൽപ്പൂവിനും ചന്തമേറെ
കാവും തൊടിയും തുളസിത്തറയും
ആരെയോ കാക്കുന്ന കൽപ്പടവും
കാട്ടുകോഴിക്കൂട്ടം ചേക്കേറുവാനെത്തും
വക്കുകൾ പൊട്ടിയ കുളക്കടവും
പുലരിയെ ചുംബിച്ചുണർത്തന്ന പൂക്കളും
പഞ്ചമം പാടുന്ന പൂങ്കുയിലും
ഹരിതാഭ ഭംഗികൾ ഏറെ നിറഞ്ഞൊരെൻ
ഗ്രാമത്തിൻ ചന്തമിന്നേറെയാണ്.