രചന : ജയേഷ് പണിക്കർ✍

കാതിലേക്കൊഴുകിയങ്ങെത്തുന്നിതാ
കാറ്റേ നിൻ നിശബ്ദമൊഴികളും
കാത്തിരുന്നെന്നോടു ചൊല്ലുന്നു കാടതും
കേട്ടു മടുക്കാത്ത കഥകളെന്നും
നാട്ടുമാവിന്നിലകളങ്ങെന്നോടു
കൂട്ടുകൂടി പലതും പറയുവാൻ
നീട്ടിയങ്ങു ചിലയ്ക്കുന്നൊരാ കുയിൽ
വീട്ടിലുള്ള വിശേഷങ്ങളോതവേ
കൊഞ്ചിയങ്ങു പറഞ്ഞു പലതുമേ
പിഞ്ചു പൈതലും തന്നുടെ ഭാഷയിൽ
മിണ്ടിയെന്നോടു കൂട്ടുകൂടാനെത്തി
മഞ്ഞമന്ദാരപ്പൂക്കളതിന്നലെ
ആകെയങ്ങലറിയടുത്തൊരാ
ആഴിയങ്ങുരയ്ക്കുന്നു നൊമ്പരം
നീളെയങ്ങു നിരന്നു കിടക്കുമാ
പാടമെന്നെയോ കാണാൻ കൊതിക്കുന്നു
ഓതുവാനുണ്ടതേറെ സഹനത്തിൻ
ഓർമ്മയെന്നോടു പങ്കുവച്ചീടുവാൻ.

ജയേഷ് പണിക്കർ

By ivayana