രചന : അനിൽകുമാർ സി പി ✍

ക്രിമിനൽവാർത്തകൾക്കു പഞ്ഞമില്ല ഓരോ ദിവസത്തിലും. കൊലപാതകങ്ങൾ, അതും വെട്ടി നുറുക്കി കഷണങ്ങളാക്കൽ, ആസിഡ് ഒഴിക്കൽ, കത്തിക്കൽ എന്തെല്ലാം എന്തെല്ലാം! എല്ലാം ഈ കൊച്ചു കേരളത്തിലാണ്. നമ്മൾ ഒരുഭാഗത്തു സാംസ്ക്കാരികമായി “ഫീകര” മുന്നേറ്റം നടത്തുന്നു എന്നുപറയുമ്പോഴാണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നത് എന്നുമോർക്കണം. മാത്രമോ സോഷ്യൽ മീഡിയയിൽ എന്തിനും ഏതിനും പ്രതികരിക്കുന്ന ചോരതിളയ്ക്കുന്ന യുവത്വങ്ങളുണ്ട്. പ്രതികരണവീരന്മാർ ഉണ്ട്. പക്ഷേ, ഇതു നിരന്തരമായ ലൈംഗികപീഢനത്തിന് ഒരുകൂട്ടം വിദ്യാർത്ഥിനികൾ ഇരയായ സംഭവമാണ്. അതും ചെറിയ മക്കൾ. പക്ഷേ, ലൈംഗികതയെക്കുറിച്ചു അങ്ങനെ പച്ചക്കു പറയാൻ പാടില്ലല്ലോ, അല്ലേ? സംസ്ക്കാരം തകരുമല്ലോ!


കൊച്ചു കുട്ടികൾ ഇന്നു കുറേക്കൂടി ബോധമുള്ളവരാണ്. എന്താണു ‘മോശം തൊടൽ’ എന്നതിനെക്കുറിച്ചു ധാരണയുണ്ടവർക്ക്. എന്നാൽ വർഷങ്ങൾക്കുമുമ്പ് അതല്ല സ്ഥിതി. അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക എന്തുചെയ്താലും കുട്ടികൾ അതു സഹിക്കും, വീട്ടിൽ പറഞ്ഞാലോ അതാരും ചെവിക്കൊള്ളണമെന്നില്ല. കാരണം തെറ്റ് എപ്പോഴും കുട്ടികളുടെ ഭാഗത്താണ് എന്നൊരു നിലപാടാണല്ലോ നമുക്കുള്ളത്. പിന്നെ ഏതെങ്കിലും ഒരമ്മ അവരുടെ മകൾ പറയുന്നതു സത്യമാണെന്നു തിരിച്ചറിഞ്ഞു പരാതിപ്പെട്ടാലോ? വാദി പ്രതിയാകും. അത്ര തന്നെ. ശക്തമായ ഭരണസ്വാധീനം ഉണ്ടെങ്കിൽ ആരാണ് ആ പരാതി മുന്നോട്ടു കൊണ്ടുപോവുക? അതു ചവറ്റുകൊട്ടയിൽ തള്ളപ്പെടും.

ഒപ്പം പരാതിക്കാരെ ഭീഷണിപ്പെടുത്തും. അടുത്തതാണ് ഗംഭീര പ്രയോഗം, പെൺകുട്ടിയല്ലേ? ഭാവി നോക്കണ്ടേ? പെണ്ണ് അനാഘ്രാതകുസുമമായിരിക്കണമെന്നു കവികൾ വർണ്ണിച്ചു വച്ചിട്ടുണ്ടല്ലോ? എന്നിട്ടും വഴങ്ങിയില്ലെങ്കിലോ? ആ പെൺകുട്ടി തന്റെ ശരീരം കാട്ടി പാവം അധ്യാപകനെ പ്രലോഭിപ്പിച്ചു എന്നുപോലും പറഞ്ഞു വയ്ക്കും. ഇനി പോലീസിൽ നിന്നും നീതി കിട്ടുമെന്നാണോ? സൂര്യനെല്ലി, വിതുര, കവിയൂർ…. ഇരകൾ ദുഃഖിക്കുകയും കൂടുതൽ അപമാനിക്കപ്പെടുകയും ചെയ്ത ചരിത്രമേ ഇതുവരേയും ഉള്ളൂ. അപ്പോൾ പരാതി കൊടുക്കാൻ വൈകി എന്ന ന്യായീകരണത്തിനും ന്യായമില്ല.


പറഞ്ഞു വരുന്നത് മലപ്പുറത്തെ റിട്ടയേഡ് അധ്യാപകനും, നഗരസഭാ കൗൺസിലറുമായ കെ വി ശശികുമാറിനെതിരായ പരാതിയെക്കുറിച്ചാണ്. നഗരസഭാഗം, റിട്ടയേഡ് അധ്യാപകൻ, ജനനേതാവ്, ഇതൊക്കെ സാധാരണഗതിയിൽ ഏവരുടേയും ബഹുമാനം ഏറ്റുവാങ്ങേണ്ട ഒരു വ്യക്തിയുടെ പ്രൊഫൈലായിട്ടാണ് നമ്മൾ കണക്കാക്കുക. മറ്റ് അലങ്കാരങ്ങൾ മാറ്റിവച്ചാലും ഒരു അധ്യാപകനു സമൂഹം നൽകുന്ന ഒരാദരവുണ്ട്. കുഞ്ഞുങ്ങളെ രണ്ടക്ഷരം പഠിപ്പിക്കുന്ന, സംസ്ക്കാരം പഠിപ്പിക്കുന്ന ഒരാൾ, അതാണ് അധ്യാപകൻ. തെറ്റു ചൂണ്ടിക്കാട്ടുന്നവൻ, ശരിയിലേക്കു നയിക്കുന്നവൻ…

ആഹാ വിശേഷണങ്ങൾ ഇനിയും വേണ്ടതുണ്ടോ? പക്ഷേ, പഠിപ്പിക്കുന്നവൻ, അക്ഷരം പകർന്നു നൽകുന്നവൻ, പെൺകുഞ്ഞുങ്ങളുടെ മാനത്തിനു പുല്ലുവില കൽപ്പിച്ചാലോ? അതും അധികാരക്കസേരയുടെ പിന്തുണയുണ്ടാകുമെന്ന വിശ്വാസത്തിൽ! ഇവിടെ, ആറാം ക്ലാസിലേയും ഏഴാം ക്ലാസ്സിലേയും പെൺകുട്ടികളേ മുപ്പതുവർഷമായി പീഢിപ്പിച്ചുവരികയായിരുന്നു ഈ പ്രമുഖൻ. ഒമ്പതു മുതൽ പതിനാറു വയസ്സുവരെ പ്രായമുള്ള പെൺകുട്ടികളെയാണയാൾ കടന്നുപിടിച്ചത്.

അയാളുടെ കേളികളെക്കുറിച്ചു വിശദമായെഴുതി അക്ഷരം മലീമസമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഇവിടെ പ്രതി അയാൾ മാത്രമല്ലല്ലോ, വിദ്യാർത്ഥിനികളുടെ പരാതി പരിഗണിക്കാൻ, ഒന്നു കേൾക്കാൻപോലും തയ്യാറാകാത്ത കുറേപ്പേർ വേറേയുമുണ്ടല്ലോ, അധ്യാപികമാരുൾപ്പടെ. അവർക്കെതിരെയും വേണ്ടേ കേസ്സും നടപടികളും? ഏതായാലും പ്രതിക്കെതിരെ പോക്സോ കേസുൾപ്പെടെ രജിസ്റ്റർ ചെയ്തതായി അറിയുന്നു. വൈകുന്ന നീതിയും ലഭിക്കാത്ത നീതിയും ഒന്നാണെന്ന അറിവിൽ ഇനിയും വൈകാതെ നീതി നടപ്പാകട്ടെ എന്നാഗ്രഹിക്കുന്നു.


സാധാരണഗതിയിൽ ഇത്തരം ഒരു സംഭവത്തിൽ സ്വാഭാവികമായും പ്രതികരിക്കേണ്ട കുറേ ശബ്ദങ്ങൾ ഇപ്പോൾ കനത്ത മൗനത്തിലാണ്. കെ വി ശശികുമാർ ഒരു പ്രതീകമാണ്. അധികാരവും സ്വാധീനവും ഉണ്ടെങ്കിൽ ഉണ്ടവിഴുങ്ങികളാവും നമ്മുടെ സാംസ്ക്കാരിക നായകന്മാർ എന്ന നഗ്നസത്യത്തിന്റെ പ്രതീകം. ഇവിടെ രാജാവു നഗ്നനാണ്. ഒപ്പം വാഴ്ത്തിപ്പാടുന്ന സേവകൻമാരും ഉടുതുണിയില്ലാതെയാണു നിൽപ്പ്. ഇനി വേണ്ടതു ഒരു വലിച്ചു കീറലാണ്, കപട മുഖങ്ങളുടെ പിച്ചിച്ചീന്തൽ.

By ivayana