രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍
ഞാനൊരു നിഴലായ് നിൻനേർക്കങ്ങനെ;
നീളുകയാണെന്നും
നീയൊരു കനവായെൻ മനതാരിൽ
കൂടുകയാണെന്നും!
ആരറിയുന്നീവാഴ് വിൻ മായാ-
ലീലകളീമണ്ണിൽ?
നേരറിവിൻ തായ് വഴികൾതേടി
നടക്കുകയല്ലീ,ഞാൻ!
ഒരു ചെറു വിത്തിന്നുള്ളിലൊളിച്ചേ,
ജീവനിരിപ്പൂ,ഹാ!
ജനിമൃതി തത്വമതാരുഗ്രഹിക്കു –
ന്നവനിയിലൊരു നിമിഷം!
കാലത്തിൻ ചടുലാഗമമങ്ങനെ;
നീളുമ്പോഴും നാം,
നമ്മളിലുള്ളൊരനശ്വര ഭാവം
ചികയുന്നീലൊട്ടും!
ഒരു ചെറുമൊട്ടായ്,പൂവായ്,കായായ്,
കനിയായ്,വിത്തായി;
പരിണാമത്തിൻപ്രക്രിയ തുടരു-
ന്നൊരുപോലെല്ലാരും!
ആരുടെ ചിന്തയ്ക്കാവും വിശ്വ-
സമസ്യകൾ തൊട്ടറിയാൻ?
ആരുടെ ജൻമമതിൻ പാകത്തിൽ,
പാരമുണർന്നീടാൻ!
ഞാനൊരു നിഴലായ് നിൻനേർക്കങ്ങനെ;
ആരുയിരാർന്നെത്തേ;
നീയൊരുപൊൻ തെളിദീപംപോലൊളി-
തൂകുകയാണെന്നിൽ!
ഇവിടെ മുള,ച്ചോരിലയീരിലയി-
ട്ടുണരുമൊരാത്മാവിൻ,
സാമകശീലുകളറിയാതങ്ങനെ;
പാടുന്നേൻ സതതം!
കവിതകളില്ലാക്കവിതരചിക്കും
കപികുഞ്ജരരുണ്ടോ;
അറിയുന്നാദിമഹാസത്യത്തിൻ
പ്രണവപ്രതിബിംബം!