രചന : ഷമാസ് കീഴടയിൽ ✍
ഉമ്മറത്തിരുന്ന്
കുട്ടികൾ മഴകാണുന്നു
മഴ തോരാൻ കാത്തിരിക്കുന്ന
ശലഭങ്ങളെ പോലെ
മഴ പെയ്യുമ്പോൾ
ശലഭങ്ങൾ എവിടെയായിരിക്കും
നനയാതിരിക്കുന്നത്
അവയ്ക്ക് വീടുണ്ടാവുമോ
ആരെങ്കിലും കണ്ടിട്ടുണ്ടോ
മഴ പെയ്യുമ്പോൾ
നെറ്റിയിൽ കൈ വച്ച്
ദൂരെനിന്നാരോ വരുന്നുണ്ടോ
എന്ന് നോക്കുന്നപോലെ വീട്
പൂമുഖത്ത് ചായ്ച്ചു കെട്ടിയ
ചായ്പ്പ് കൊണ്ട് എന്നെ
നോക്കുന്നുണ്ടാവണം
ഉമ്മറത്തപ്പോൾ എന്റെ
പ്രണയവള്ളിയും പൂക്കളും
മഴച്ചാറലിലേക്ക് തലനീട്ടും
പൊടിയടങ്ങാത്ത കാറ്റിൽ
ഞാനെന്നെ ഒരു മഴയത്തേക്ക്
പറിച്ച് നടുന്നു ..
ഷമാസ്