രചന : ഐശ്വര്യ സാനിഷ്✍
ഒരമ്മ അച്ഛന്റെ
കുപ്പായമണിയുമ്പോൾ
രണ്ടു പാദങ്ങൾക്കടിയിലും
കൈവെള്ളകൾക്കുള്ളിലും
പത്തു വിരലുകൾ കൂടി
കിളിർക്കുന്നു
നടന്നു പോയ
വഴികളിൽ കൂടിയിപ്പോൾ
നാലു കാലുകളിലോടുന്നവളാകുന്നു
അവളുടെ ആകാശമിപ്പോൾ
വിസ്തൃതിയേറിയതാകുകയും
രണ്ടു സൂര്യനാലും
രണ്ടു ചന്ദ്രനാലും
കോടിക്കണക്കിന്
നക്ഷത്രങ്ങളാലുമവളതിനെ സമ്പന്നമാക്കുകയും
ചെയ്യുന്നു
സമചതുരത്തിലുള്ളൊരു
വീടിനെ വലിച്ചു നീട്ടി
ഓരോ മൂലയിലുമോരോ
സൂര്യകാന്തിത്തൈകൾ നടുന്നു
ഒരു ദിവസത്തെ
നാലായി
പകുത്തെടുത്ത്
രണ്ടു ഭാഗം
നാളേക്ക് മാറ്റിവെക്കുന്നു
നോവുന്ന ചിത്രങ്ങളെ
വൃത്തിയായി മടക്കി വെച്ച്
പെട്ടിയിലൊതുക്കി
അട്ടത്തേക്കു വലിച്ചെറിയുന്നു
ചിരിച്ചു കൊണ്ട്
കരയുകയും
കണ്ണടക്കാതെ
ഗാഢമായുറങ്ങുകയും
ചെയ്യുന്നവളാകുന്നു
ഒരമ്മ
അച്ഛനായി മാറേണ്ടുമ്പോൾ
തീർത്തും
തികഞ്ഞൊരു
മായാജാലക്കാരി കൂടിയാകുന്നു!
(വാക്കനൽ)