രചന : എൻ.കെ.അജിത്ത്✍
ഇടമില്ലാത്തിടത്തൂടെ ഇടുങ്ങിയൊതുങ്ങി പെരുവഴിയിലേക്കു നീങ്ങുന്ന ചെറുവഴികളാണ് ഇടവഴികൾ. എല്ലാ വഴികൾക്കും ഇടങ്ങൾ വേണം. ഇടവഴിക്കും ഇടമുണ്ട്. പക്ഷേ ഇതിനു മാത്രമെന്താണ് ഇടവഴിയെന്ന പേർ?
പെരുവഴി ഒരു മലമ്പാമ്പാണെങ്കിൽ ഇടവഴി ഒരു നീർക്കോലിയാണ്. എങ്കിലും പെരുവഴിയെക്കാൾ നമുക്കെന്നുമിഷ്ടം ഈ ചെറുവഴികളായിരുന്നു.
ഇടവഴിയുടെ ഇരുളാണ്ട ഭാഗത്ത് പൂവരശിൽ കയറിയിരുന്നാണ് അന്തിമ യങ്ങുന്ന നേരത്ത് ചെറുപ്പത്തിൽ ഞാൻ പുകവലി പരിശീലിച്ചിരുന്നത്. ഒടുവിലൊരു ദിനം പട്ടാപ്പകൽ വഴിയരുകിൽ പുകകണ്ട് വന്ന അമ്മാവൻ പൂവരശിൻപത്തൽ കൊണ്ട് താണ്ഡവമാടിയപ്പോൾ ഇടത്തോട്ടോ വലത്തോട്ടോ ഓടാനാകാതാ അടിമുഴുവൻ വാങ്ങിത്തന്നവനാണ് ഇടവഴി.
കുരച്ചുചാടുന്ന പട്ടികൾ, മുട്ടുവേലികൾ, ചെമ്പരത്തിപ്പൂക്കൾ, കോഴിവാലൻ ചെടികൾ, വായൂപുത്രൻ, മൈസൂർ ചീരകൾ അങ്ങനെ ഇടവഴികളുടെ അതിരുകൾ വൈവിധ്യമേറിയതും ഗൃഹാതുരത്വത്തിൻ്റെ വെള്ളിവെളിച്ചം വിതറുന്നവയുമാണ്.
ഒരു പ്രണയകാലത്ത് കത്തുകൾ കൈമാറാനും, ആരും കാണാതെ അവളുടെ വിരൽത്തുമ്പിലൊന്നു സ്പർശിക്കാനും, ഇരുട്ടാണെങ്കിൽ ഒന്നു വാരിപ്പുണരാനും ഇടവഴിയല്ലാതെന്തു വഴി?
തലയ്ക്കു മുകളിൽ ചാഞ്ഞു കിടക്കുന്ന മുളച്ചില്ലകളിൽ കരിയിലപക്ഷികൾ കലപില കൂട്ടുന്നതും, ശീമക്കൊന്നയുടെ വരണ്ടതൊലിയിൽ അള്ളിപ്പിടിച്ചിരുന്ന് പുക്കിള് നോക്കി ചോരകുടിക്കാൻ പമ്മിയിരിക്കുന്ന വലിയ കണ്ണുരുട്ടൻ ഓന്തുകളും, അതിവേഗം പാഞ്ഞു പോകുന്ന കൺകൊത്തിപ്പാമ്പുകളും, അരികിൽ കുറ്റിയടിച്ചുകെട്ടിയ പൈക്കിടാവിൻ്റെ ചെവിയിൽ കിന്നാരമോതുന്ന കണ്ണാറക്കൊക്കുകളും ഇടവഴിയിലെ കാഴ്ചാ സ്മൃദ്ധിയാണ്!
അലസഗമനം നടത്തുന്ന അരണപ്പെണ്ണുങ്ങളുടെ കണ്ണും, ശ്വേതരാശി കലർന്ന രജതമോ കനകമോ എന്നു തിരിച്ചറിയാനാകാത്ത അവയുടെ ഉടലഴകും, സൗമ്യശാന്ത ചലനങ്ങളും ഇടവഴിലെ കാഴ്ചകളാവാറുണ്ട്.
പുതുമഴയിൽ പൂഴിമണക്കുന്ന ഇടവഴിയിൽ അന്തിക്ക് സവാരിഗിരിഗിരി നടത്തുന്ന ഉരഗരാജന്മാരെ സൂക്ഷിച്ചില്ലെങ്കിൽ ഇരുട്ടത്ത് നമ്മൾ അവയെചവിട്ടുകയും, അവർ നമ്മെ കടിക്കുകയും ചെയ്യുന്നത് അപൂർവ്വമായി സംഭവിക്കാറുണ്ട്.
തോട്ടരികത്തെ ഇടവഴിയ്ക്കരികിലെ വാഴച്ചുവട്ടിൽ മുട്ടയിട്ട് മണ്ണിട്ടുമൂടി അവ വിരിയുന്നത് കാത്തു മൂക്കും കണ്ണും പുറത്തുകാട്ടി ശാന്തമായിരിക്കുന്ന വെള്ളാമയെ കുട്ടികൾ കാണാതിരിക്കട്ടെ, കണ്ടാൽ അവ ചരുവത്തിലെ വെള്ളത്തിൽ കളിപ്പാട്ടമാകും അവർക്ക് . എങ്കിലും ആമകൾ ഇടവഴിയ്ക്കരികിലെ വാഴകളെ സ്നേഹിച്ചിരുന്നു.
പട്ടിയെപ്പേടിച്ച് ജീവനും കൊണ്ടോടുന്ന പൂച്ചയെക്കണ്ട്, ഹാ പൂച്ച കുറുക്കുചാടിയെന്നുള്ളിൽ വിലപിച്ച് തിരിഞ്ഞ് കറങ്ങിയൊന്നുതുപ്പി ഉത്തരീയം ഒന്നു കുടഞ്ഞ് തോളത്തിട്ട് വീണ്ടും നടന്നു നീങ്ങുന്ന കാരണവന്മാരെ പണ്ടത്തെ ഇടവഴികളിൽ കാണാമായിരുന്നു.
അരസൈക്കിളിൽ ചവിട്ടുപഠിച്ച് ആരാൻ്റെ വേലിപെടത്തിയതിനവരാതം കേട്ട് തലയും കുമ്പിട്ടു നടന്നു നീങ്ങുന്ന കൗമാരക്കാരൻ്റെ കുറ്റബോധവും നിരാശയും, വെള്ളയ്ക്കാവണ്ടിയോ സൈക്കിൾ ടയറോ ഉരുട്ടി ബട്ടൻപൊട്ടിയ വള്ളിനിക്കറും താങ്ങി വണ്ടികളിച്ചോടിപ്പോകുന്ന ബാല്യക്കാരുടെയും കാഴ്ചപണ്ടത്തെ ഇടവഴികളിൽ സുലഭമായിരുന്നു.
ഉറ്റവരുടെ ജീവനറ്റ ഉടലുമായി നടന്നു നീങ്ങാൻ ഇടമില്ലാതിരിക്കുമ്പോഴും, അത്യാഹിത സമയത്ത് രോഗിയെ വണ്ടിയെത്തുന്നിടത്തെത്തിക്കാനും പാടുപെടുമ്പോൾ ഇടവഴി ഇടനെഞ്ചിൽ തീകോരിയിടാറുണ്ട്. എങ്കിലും അരികിൽ പച്ചപ്പും നടുക്ക് നടത്താരയും തെളിഞ്ഞു കാണുന്ന, ശീമക്കൊന്ന മണക്കുന്ന, വേലിപ്പരത്തി പൂക്കുന്ന, നടക്കുമ്പോൾ ചെമ്പരത്തി കൈനീട്ടി തലയ്ക്കുഴിയുന്ന, കമ്യൂണിസ്റ്റ് പച്ചകൾ പൂക്കുന്ന ഇടവഴികൾ നമുക്കെന്നും വീട്ടിലേക്കെത്തുന്ന രജതരേഖകൾ തന്നെ….
വരൂ നമുക്കീ നാട്ടിടവഴിയിലൂടെ പോകാം….