രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍

ശതകോടി വർഷങ്ങൾക്കിപ്പുറം
പരിണാമങ്ങളുടെ
അതിസങ്കീർണ്ണ
പരിവർത്തനങ്ങൾക്കുശേഷം
നിറരൂപഭേദാന്തരംവന്ന്
ഒറ്റക്കോശത്തിൽ നിന്നും
ബഹുകോശത്തിലേക്കു
വിഘടിച്ചൊന്നായ നീ
അസ്തിത്വമെന്ന ഏകത്രയത്തെ
അതിരുകൾകൊണ്ടു ഖണ്ഡിച്ചു
എനിക്കും നിനക്കുമെന്ന്
ജലരേഖയാൽ
പങ്കിട്ടെടുക്കുന്നു .
അന്ധകാരം വിടരുന്ന
രാവസന്തങ്ങളിൽ
വെട്ടിത്തിളങ്ങുന്ന
ഏകാന്തതാരകം പോലെ
ചാന്ദ്രശോഭയിൽ മങ്ങുന്ന
ക്ഷണസ്ഫുരണം മാത്രമെന്ന്റിയാത്ത
വ്യർത്ഥബോധത്തിന്റെ
നിരാശ്രയ കാവലാളാണു നീ .,
ഇന്നുള്ളതൊന്നും നിന്റെയല്ല ,
ഇനിയുള്ളതും നിനക്കുമാത്രമല്ല ,
മരുഭൂമിയിലെ മണൽത്തരിപോലെ
ശതകോടിജീവിയിൽപ്പെട്ടവെറും
മൃതമാംസധൂളിയാണ് നീ…
അലറിവരുംരാക്ഷസത്തിരകളിൽ
ആർത്തുവരും കാറ്റിൻ ചുഴലികളിൽ
പിടഞ്ഞെത്തും അഗ്നിസ്ഫുലിംഗങ്ങളിൽ
അപ്രതിരോധദുർബലൻ നീ ….
കടൽവെള്ളം നിന്നെ
ജ്ഞാനസ്നാനം ചെയ്യും മുൻപേ ,
നിന്നിലടങ്ങിയ അവസാനശ്വാസം
നിന്നെ വിട്ടുപോകും മുൻപേ .,
ചാവുചുടലയിൽ ചാണകവറളികൾ
നിന്നെ നക്കിത്തുടയ്ക്കും മുൻപേ ,
മതെവെറിയുടെ പേവിഷത്തുള്ളികൾ
വിസർജ്ജിച്ചു വിശുദ്ധനാവൂ …
സ്നേഹനന്മകൾകടഞ്ഞൂറിയ
പുണ്യപ്പെരുമഴയിൽ
മുങ്ങിനിവർന്നു നീ ശുദ്ധനാവൂ ….
സ്വയം ശുദ്ധനാവൂ ….

By ivayana