കുറുങ്ങാട്ട് വിജയൻ ✍
1991, മെയ് 21, വൈകുന്നേരം 6 മണി. രാജീവ് ഗാന്ധി വിശാഖപട്ടണത്ത് ലോകസഭാതിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി ചെന്നൈയിലേക്ക് പറക്കാൻ തയ്യാറായി. ഹെലികോപ്ടർ കാത്തുനിൽപ്പുണ്ട്. പെട്ടെന്ന് പൈലറ്റ് രാജീവിനെ അറിയിച്ചു. യന്ത്രത്തകരാർ കാരണം യാത്ര സാധ്യമല്ല. അദ്ദേഹം നിരാശനായി ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുമ്പോൾ പോലീസിൻ്റെ വയർലസ് സന്ദേശം എത്തി. ഹെലികോപ്ടർ റെഡിയാണ്. രാജീവ്ജി പിന്നെ ഒന്നും നോക്കിയില്ല. തൻ്റെ അംഗരക്ഷകർ പോലുമില്ലാതെ എയർപ്പോർട്ടിലേക്ക് കുതിച്ചു.
രാത്രി 8.30 ന് ചൈന്നെ എയർപോർട്ടിലെത്തുമ്പോൾ ജി.കെ മൂപ്പനാരും മരഗതം ചന്ദ്രശേഖറും സന്തോഷത്തോടെ രാജീവിനെ സ്വീകരിച്ചു. അവരോടൊപ്പം തന്നെ ശ്രീപെരുംപത്തൂരിലേക്ക് യാത്ര തിരിച്ചു.
രാത്രി 10:10 ആയിട്ടും പിരിഞ്ഞുപോവാതെ ഒരു വൻ ജനാവലി രാജീവിനെ കാത്തുനിൽപ്പുണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു മുപ്പതുകാരി രാജീവിനടുത്തേക്കുവന്നു. അനുസൂയ എന്ന പോലീസ് കോൺസ്റ്റബിൾ ആ സ്ത്രീയെ തടയാൻ ശ്രമിച്ചെങ്കിലും രാജീവ് പോലീസുകാരിയോട് പറഞ്ഞു. “Don’t worry, Relax”. പിന്നെ നടന്നത് സ്വതന്ത്രയിന്ത്യകണ്ട നിഷ്ഠൂരമായ ബോംബുസ്ഫോടനം! ഇന്ത്യയുടെ വീരപുത്രൻ രക്തസാക്ഷിത്വം വരിച്ചിച്ചിരിക്കുന്നു. രാജ്യം നിശ്ചലമായി. ഗാന്ധിയുടെയും ഇന്ദിരയുടെയും ഹൃദയരക്തം വീണ ഭാരതമണ്ണിൽ 47 കാരനായ രാജീവ്ജിയും പിടഞ്ഞുവീണിരിക്കുന്നു. ഇന്ത്യക്ക് നഷ്ടമായത് ആധുനിക ഇന്ത്യയെ വാർത്തെടുത്ത യുവകേസരിയായ രാജീവിനെയാണ്!
ഇന്ത്യയിലെ വികസനവിപ്ലവത്തിൽ പ്രധാന പങ്കുവഹിച്ച ഭരണാധികാരി!
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ സ്വപ്നംകണ്ടുകൊണ്ട് ദീർഘവീക്ഷണത്തോടെ ഇന്ത്യാരാജ്യത്തിന്റെ പുരോഗതിക്കായി നിരവധി കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ ഭരണാധികാരി!
18 വയസ്സുള്ളവർക്ക് വോട്ടവകാശം നൽകുന്നതിന് ഭരണഘടനാഭേദഗതിക്ക് നേതൃത്വംനൽകിയ ഭാവനസമ്പന്നനായ ഭരണാധികാരി!
അധികാരവികേന്ദ്രീകരണത്തിന് ലക്ഷ്യമിട്ട് വിപ്ലവകരമായ പഞ്ചായത്തീരാജ്-നഗരപാലിക ഭരണഘടനഭേദഗതിനിയമം കൊണ്ടുവരുന്നതിന് മുൻകൈയെടുത്ത ക്രാന്തദർശിയായ ഭരണാധികാരി!
ഇന്ത്യയുടെ ശാസ്ത്രസാങ്കേതികരംഗങ്ങളിലെ വികസനത്തിന്റെ കാരണഭൂതൻ!
സാങ്കേതികവ്യവസായങ്ങൾക്കുള്ള ഇറക്കുമതി ചുങ്കം ഗണ്യമായിക്കുറച്ച ഭരണാധികാരി!
സി-ഡോട്ട് എന്ന സ്ഥാപനത്തെ സർക്കാരിന്റെ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമാക്കിയ ഭരണാധികാരി!
ഇന്ത്യയിൽ ആശയവിനിമയരംഗത്ത് നവയാശയമായിരുന്ന പബ്ലിക് കോൾ ഓഫീസുകൾ നടപ്പിലാക്കി സാങ്കതികവിദ്യ സാധാരണ ജനങ്ങളിലേക്കെത്തിച്ച ഇച്ഛാശക്തിയുടെ ഉടമ!
ഇന്ത്യ രാജ്യത്ത് ലൈസൻസ് രാജ് നടപ്പിലാക്കിയ ഭരണാധികാരി!
ഇന്ത്യയിലൊട്ടാകെ ശാസ്ത്രസാങ്കേതികരംഗത്ത് ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാനായി പുതിയ ദേശീയവിദ്യാഭ്യാസനയം പ്രഖ്യാപിച്ച ഭരണാധികാരി!
ഏഴാം പഞ്ചവത്സരപദ്ധതിയിൽ സാമ്പത്തികവളർച്ച 5.6 ശതമാനമായി ഉയർത്തിയ, വ്യാവസായികവളർച്ച 8 ശതമാനമായി ഉയർത്തിയ, ദാരിദ്ര്യരേഖാ ശതമാനം 38ൽ നിന്നു 28ലേക്കു താഴ്ത്തിയ ഭരണാധികാരി!
ഗ്രാമങ്ങളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസനൽകുന്നതിനായുള്ള സർക്കാർപദ്ധതിയായ നവോദയവിദ്യാലയും ആരംഭിച്ച ഭരണാധികാരി!
അങ്ങനെ, എണ്ണിയാൽ തീരാത്ത സംഭാവനകൾ രാജ്യത്തിന് നൽകിയ മഹത് വ്യക്തിത്വം!
രാജീവ് ജി മാത്രമല്ല, മെയ് 21ന് നമുക്ക് നഷ്ടമായത്, വികസനഭാരതം എന്ന കാശ്ചപ്പാടുകൂടിയായിരുന്നു!!
രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് ജീവാർപ്പണംചെയ്ത ധീരരക്തസാക്ഷി രാജീവ്ജി!!