രചന : രമേശ് കണ്ടോത് ✍
ഏഴു വര്‍ഷം മുമ്പെഴുതിയതാണ്, സഖാവ് നായനാരെക്കുറിച്ച്……
വേഷങ്ങളില്ലാത്ത ഒരു പച്ച മനുഷ്യന്‍റെ ഓര്‍മ്മകളാണ് ഇന്ന് ഇങ്ങനെ ഇരിക്കുമ്പോള്‍ മനസ്സിലൂടെ കടന്നുപോകുന്നത്. ഈ മെയ് മാസം 19ന് സഖാവ് നായനാരില്ലാത്ത 11വര്‍ഷങ്ങള്‍, പൂര്‍ത്തിയാവുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആവിര്‍ഭാവകാലത്ത് മറ്റൊരു മുഖ്യമന്ത്രി കേരളീയരുടെ മനസ്സിലില്ലായിരുന്നു, ഏറമ്പാല ബാലകൃഷ്ണന്‍നായനാര്‍, എന്ന നീണ്ടപേരിനെ അപ്രസക്തമാക്കിയ സഖാവ് ഇ.കെ.നായനാര്‍ അല്ലാതെ.
ആരെയും തന്‍റെ ജന്‍മസിദ്ധമായ നര്‍മ്മം കൊണ്ട് നേരിട്ട സഖാവ് നായനാര്‍, എങ്ങനെയായിരിക്കാം, ഗൗരവമാര്‍ന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരകനും പ്രവര്‍ത്തകനുമായതെന്ന് അത്ഭുതം തോന്നിയിട്ടുണ്ട്, പലപ്പോഴും…പാര്‍ട്ടി വിഭജനത്തിന് മുമ്പ് പാര്‍ട്ടി കണ്ണൂര്‍ താലൂക്ക് സെക്രട്ടറിയായും പിന്നീട് കോഴിക്കോട് ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള സഖാവ് കണിശബുദ്ധിയായ സംഘാടകനായിരുന്നു.
ജനങ്ങളുടെ ആരാധന നിറഞ്ഞ ആയിരം കണ്ണുകള്‍ക്ക് മുന്നിലെത്തുമ്പോള്‍ അദ്ദേഹം കണിശതയുടെ കാഠിന്യമെല്ലാം കൈമോശം വന്ന നിഷ്കളങ്കനായ പച്ചമനുഷ്യനായിമാറും. അപ്പോള്‍ ആറോണ്‍കമ്പനിസമരത്തെ നയിച്ച സിംഹഭാവമൊന്നും സഖാവ് നായനാരില്‍ നാം കാണില്ല. മൂന്നു ഘട്ടങ്ങളിലായി, (1980- 81, 1987-91, 1996- 2001) ഏതാണ്ട് 11വര്‍ഷക്കാലം മുഖ്യമന്ത്രിയായി കേരളത്തിന്റെ ഭരണസാരഥ്യം വഹിച്ച സഖാവ്, ഈ ഇടവേളകളിലുള്‍പ്പടെ 12 വര്‍ഷക്കാലം (1972 – 1980, 1992 – 96)പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
സഖാവ് ഇ. കെ. നായനാര്‍ കേരളത്തിന്‍റെ കാരണവരായിരുന്നു.പ്രസംഗവേദികളില്‍ നര്‍മ്മംപുരണ്ട അസ്ത്രങ്ങള്‍ കൊണ്ട് എതിരാളികളെ മാത്രമല്ല, സ്വന്തം ഘടകകക്ഷികളെയും എന്തിന് സ്വന്തം പാര്‍ട്ടിക്കാരെ പോലും കളിയാക്കിവിടുമായിരുന്നു, അദ്ദേഹം. നായനാരുടെ വേദികളിലിരിക്കുന്നവര്‍ എപ്പോഴാണ് അകപ്പെട്ടുപോവുക എന്നു പറയാനാവില്ല. അത്രമാത്രം ‘ ശ്രദ്ധാപൂര്‍വ്വം’ ഇരുന്നില്ലെങ്കില്‍, വേദിയിലെ നേതാക്കള്‍ക്ക് എപ്പോള്‍ പണികിട്ടി എന്ന് ചോദിച്ചാല്‍ മതി. സഖാവ് നായനാര്‍ പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടെ വേദിയിലേക്ക് നോക്കി ‘അല്ലടോ’ ‘അല്ലടോ’ എന്നിങ്ങനെ ചോദിച്ചു കൊണ്ടിരിക്കും….അതിനനുസരിച്ചു നമ്മള്‍ തലയാട്ടിക്കൊടുക്കണം…ഇടയ്ക്ക് മൂപ്പര്‍ മറന്നു പോയ ആരുടെയെങ്കിലും പേരോ, സംഭവമോ, വര്‍ഷമോ ആയിരിക്കും വേദിയിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട്
ചോദിക്കുക… അപ്പപ്പോള്‍ തന്നെ ഉത്തരം റെഡിയായിരിക്കണം…..!
ഒരു സംഭവം ഓര്‍മ്മ വരികയാണ്. ഒരു പ്രസംഗവേദിയില്‍ കോടിയേരിയായിരുന്നു ഒപ്പം. പ്രസംഗത്തിനിടയില്‍ ആരുടെയോ പേര് കിട്ടാതായപ്പോള്‍ കോടിയേരിയുടെ നേരെ തിരിഞ്ഞു ആ പേര് ചോദിച്ചു…..സഖാവ് കോടിയേരി ഇടയ്ക്ക് മറ്റെന്തോ ശ്രദ്ധയിലായിരുന്നു. എന്താണ് ചോദിച്ചത് എന്നു മനസ്സിലാവാതെ പകച്ചു….ഉടനെതന്നെ വന്നു സഖാവിന്‍റെ കമന്‍റ് : ”യെവ്ടെ…? ” സദസ്സ് അതു കേട്ടു ചിരിച്ചു. കോടിയേരിയും ആ ചിരിയില്‍ ചേര്‍ന്നു. പിതൃതുല്യനായ സഖാവിനോട് ആര് കയര്‍ക്കാന്‍…!
ഒരിക്കല്‍ സഖാവ് പന്ന്യന്‍ പറഞ്ഞു, ”സഖാവ് നായനാരുടെ വേദിയില്‍ ഇരിക്കുമ്പോള്‍ പേടിയാണ്…ഞാന്‍ വേദിയിലെ അങ്ങേഅറ്റത്തുള്ള കസേലയില്‍ പോയി ഇരുന്ന്, ഇങ്ങോട്ട് നോക്കാണ്ട്, അങ്ങോട്ട് നോക്കിയിരിക്കും …
എപ്പഴാ കൊല്ലുന്ന ചോദ്യം വരികാന്ന് പറയാന്‍ പറ്റില്ല.” ചിലപ്പോള്‍
പാര്‍ട്ടി ചരിത്രം പറയേണ്ടി വന്നാല്‍ ഇടതുപക്ഷജനാധിപത്യമുന്നണി വേദിയില്‍ സിപിഐ നേതാവിനെ അദ്ധ്യക്ഷസ്ഥാനത്തിരുത്തി, അടിയന്തിരാവസ്ഥയില്‍ കേറി ഒരു കുത്ത് കുത്തും…. അല്പം നര്‍മ്മത്തില്‍ ചാലിച്ച് അതങ്ങ് കാച്ചും…’അന്ന് മ്മള എടേലുള്ള ചെലരും അപ്പുറത്തേനും… ഇപ്പം ഇപ്പുറത്താ….” ഇടതുപക്ഷത്തിന്‍റെ ആ കാരണവര്‍ക്ക് അങ്ങനെ ഇടയ്ക്കൊക്കെ ‘കുത്താനുള്ള’ നര്‍മ്മാധികാരം എല്ലാ പാര്‍ട്ടിക്കാരും എന്നും വകവെച്ച് കൊടുത്തു പോന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും, എന്നും പത്രസമ്മേളനങ്ങളില്‍ അദ്ദേഹത്തിന്‍റെ ഇടത് വശത്തിരുത്താന്‍ ഒരാള്‍ ഉണ്ടാവണമെന്ന നിര്‍ബ്ബന്ധമുണ്ട്. അത് മറ്റാരുമാവരുതെന്നും സഖാവ് നായനാര്‍ക്ക് നിര്‍ബ്ബന്ധമാണ്. അത് മറ്റാരുമല്ല, മാവേലിസ്റ്റോറിലൂടെ പാവപ്പെട്ടവന് പയറും ചോറും വിളമ്പിയ സഖാവ് ഇ ചന്ദ്രശേഖരന്‍നായര്‍…..
ഒന്നോര്‍ത്തുനോക്കുക, എല്ലാ കാലത്തും സഖാവ്, ‘കണ്ണൂര്‍ സ്ളാങ്ങില്‍’ കോണ്‍ഗ്രസിന്‍റെ സമുന്നതനായ ‘ലീഡര്‍’ കെ കരുണാകരനെ വിളിച്ചിരുന്നത് ‘ഓന്‍’ (അവന്‍) എന്നായിരുന്നു….പത്രങ്ങളും എതിരാളികളും പലതവണ മുഖ്യമന്ത്രിപട്ടമണിഞ്ഞ കരുണാകരനെ ഓന്‍ എന്നുവിളിക്കുന്നതിനെതിരെ രംഗത്ത് വന്നു. ഒരിക്കല്‍ പോലും ‘ലീഡര്‍’ അതിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. രാഷ്ട്രീയമായി എതിര്‍ ചേരിയിലിരിക്കുമ്പോഴും ഓന്‍ എന്ന് ധൈര്യപൂര്‍വ്വം വിളിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഒരാത്മബന്ധം കുടുംബപരമായും വ്യക്തിപരമായും ആ നേതാക്കള്‍ തമ്മിലുണ്ടായിരുന്നു.
നായനാരുടെ മുമ്പില്‍ സ്നേഹബഹുമാനങ്ങള്‍ കൊണ്ട്
വായടക്കുന്ന ഒരു ആദരം ഇടതുപക്ഷത്തെ ഏതുപാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള രാഷ്ട്രീയലോകത്തിനുണ്ടായിരുന്നു.അത് കൊണ്ടാണ് സഖാവ് ജനങ്ങളോട് ചോദിച്ചത്….” ആരാടോ മാവേലി സ്റ്റോര്‍ കൊണ്ടുവന്നത്..? ഞാനല്ലേ…? ആരാടോ കയര്‍തൊഴിലാളിക്ക് ക്ഷേമനിധി കൊണ്ടുവന്നത്..? ഞാനല്ലേ..? ആരാടോ ചെത്തുതൊഴിലാളി ക്ഷേമനിധി കൊണ്ട് വന്നത്…? ഞാനല്ലേ..? ആരാടോ നിര്‍മ്മാണത്തൊഴിലാളിക്ക് ക്ഷേമനിധി കൊണ്ടുവന്നത് ..? ഞാനല്ലേ ..? ആരാടോ കൃഷിഭവന്‍ കൊണ്ടുവന്നത് ..? ഞാനല്ലേ ..? ആരാടോ ജനകീയാസൂത്രണം കൊണ്ടുവന്നത് ..? ഞാനല്ലേ ….പിന്നെ ആ കരുണാകരന്‍ ഓന്‍ എന്താ നിങ്ങക്ക് ചെയ്ത് തന്നത്…?
ആ പ്രസംഗത്തിന്‍റെ തനിനാടന്‍ ശൈലിയുടെ ലഹരിയില്‍ ആഹ്ളാദിച്ചു ചിരിക്കുന്ന നാട്ടുമനുഷ്യരുടെ ഹൃദയത്തിലേക്ക് നായനാര്‍ പടര്‍ന്നുകയറുകയാണ്…കേട്ടാലും കേട്ടാലും മതിവരാത്ത കണ്ണൂര്‍ഭാഷയുടെ സൗന്ദര്യം കേരളീയ ഗ്രാമങ്ങളില്‍ വിതച്ച് വിതച്ച് നൂറുമേനികൊയ്തെടുത്ത ആ പാവങ്ങളുടെ ഇതിഹാസം മുറിക്കൈയ്യന്‍ ബനിയനിട്ട് ചിരിക്കുകയാണ്…….ഒരു സൈദ്ധാന്തിക ജാഡയുമില്ലാത്ത നിഷ്കളങ്കമായ ചിരി……!!!