രചന : വിദ്യാ രാജീവ്✍️
ചിന്തതന്നോരത്ത് ഇടവപ്പാതി മഴപ്പെയ്ത്തിൽ
ഭൂതകാലത്തിൻ സ്മൃതിയെപ്പൂകി
ചാരുകസേരയിലിരിപ്പൂ പാവമാം വൃദ്ധ പിതാവ്.
നിലയ്ക്കാത്ത മാരിയിൽ
ശിഥിലമായ ജീവിത അവസ്ഥയിൽ
നിശ്ചലനായിരിപ്പൂ പാവമാം കർഷകൻ..
നനുത്തയീ മാരിയിൽ വിറങ്ങലിക്കും
രോഗം കാർന്നുതിന്നുന്ന ശരീരവും.
ക്ഷയിച്ചു നിലംപൊത്താൻ തയ്യാറെടുക്കുന്ന ജന്മഗേഹവും
മനസ്സിൽ സദാ ആശങ്ക ചുരന്നെത്തുന്നു.
അവളുടെ വിയോഗത്തിനു പിന്നാലേ
രക്തബന്ധങ്ങളെന്നെ ഏകാന്തവാസമേൽപ്പിച്ചു.
അരിയൊരാശ്വാസമേകിയ
പാട്ടുപെട്ടിയതും നിശബ്ദമായ്.
പ്രാർത്ഥനയിനിയൊന്നു
മാത്രമേ,
എൻ വിയർപ്പുതുള്ളികൾ വീണയീ
മണ്ണിൽ മൃതിവന്നുമൂടും നാളിൽ ചേരേണമവൾക്കൊപ്പം!!..