രചന : കവിതിലകൻ കെ പി കറുപ്പൻ✍️
മലയാളമതിങ്കലുള്ള ഹിന്ദു –
ത്തലയാളി പ്രവരർക്കു പണ്ടുപണ്ടേ
പുലയാളൊരു ജാതിയെന്തുകൊണ്ടോ
വിലയാളെന്നു പറഞ്ഞു വന്നിടുന്നു ?
അതി കാർഷ്ണ്യമെഴുന്നൊരിന്ദ്രനീല –
ദ്യുതിചേരും പുലയാന്വയത്തിൽ നിന്നും
മതിമഞ്ജുളമാം യശസ്സു പൊങ്ങു –
ന്നതിലാശ്ചര്യമെഴാത്ത ലോകരുണ്ടോ ?
ഇനരശ്മി വഹിക്കയാൽ കറുത്തീ –
യിനമല്ലാതിരുളിന്റെ മക്കളല്ല
ഘനകോമളനായിടും യശോദാ
തനയൻ തന്നവതാരമെന്നുമാകാം
ശരിയാണതിനുണ്ടു യുക്തി ഭൂമീ –
പരിരക്ഷാപരനായ പത്മനാഭൻ
അരിനെല്ലിവ വൃദ്ധിയായിരിക്കാൻ
പരിതോഷാൽ പുലയ സ്വരൂപനാകാം
ചില നാൾ മഴ മറ്റൊരിക്കൽ വേലും
ചിലനാൾ മഞ്ഞു ചിലപ്പൊളുറ്റ കാറ്റും
നിലനിന്നിവയൊക്കെയും സഹിക്കും
പുലയന്മാർ ശിവരാമ യോഗിമാരോ ?
പുലരും കതിരോൻ മുതൽക്കു പിന്നെ
പലദിവ്യ പ്രഭകണ്ടു തുഷ്ടിയോടെ
തലമൊട്ടയടിച്ചു വാഴുമോമൽ –
പുലയൻ നല്ലൊരു രാജയോഗിയാണോ ?
ദിവസാദി മുതൽക്കു തദ്ദിനത്തി –
ന്നവസാനം വരെ നല്ല വേല ചെയ്തും
അവസാദനമറ്റ ധീരധീരൻ
വ്യവസായത്തിനെഴുന്ന മൂർത്തിയാണോ?
അഹിതം പറയാതെ ഹന്ത ശാന്ത്യാ –
സഹിതം ജോലികൾ ചെയ്തിടുന്ന മൂലം
മഹിതൻ പുലയൻ പുകഴ്ന്നൊരിന്ത്യാ –
മഹിതൻ മഞ്ജുള ഭാഗ്യപൂരമെന്നോ ?
അതുലോദ്യമരാം കൃഷീവലർക്കുൾ –
കുതുകം ചേർപ്പവരാണ് വള്ളുവന്മാർ
അതുകൊണ്ടിവരാഭിരമ്യമോലും
പുതുമേഘാളി മനുഷ്യരായതല്ലേ ?
മണിമഞ്ജുളകാന്തിചിന്തിടും നെ –
ന്മണി ശാലീനിലയങ്ങളിൽ പരത്തി
പണി ചെയ്തവനിക്കു ഞാറ്റു പൂമ്പ –
ട്ടണിയിക്കും പുലയൻ ജഗൽപിതാവോ?
വിളവെത്തിയ നെൽക്കതിർ കുലപ്പ –
ട്ടിളയാകുന്നിളമാൻ മിഴിക്കു ചാർത്തി
ഇളകാപ്പുകളുറ്റ ഭൂമിലെന്നും
വിളയാടുന്നവർ ഭൂമണാളരെന്നോ?
മധുവൈരി മഹൽ കടാക്ഷ വീക്ഷാ –
മധുപന്മാർ മധുപാനലോലുപന്മാർ
അധുനാപി മനുഷ്യരായ് ധരിത്രീ –
വിധുരാവസ്ഥകൾ നീക്കി നിന്നിടുന്നോ ?
സമയത്തിനു തീറ്റി , വേല , നിത്യം
പ്രമദാമൗലികളൊത്തു സഞ്ചരിപ്പും
ക്രമമീവകയാൽ വിലാത്തിവാഴും
സുമഹാന്മാരെയധ : കരിക്കുവോരോ ?
അവരല്ലിവർ കേരളത്തെയെല്ലാ –
മവനം ചെയ് വതിനുണ്ട് തൂമ്പകൈയ്യിൽ
ഇവർ പർശുധരന്റെ മക്കളാണോ ?
സ്തവനാർഹത്വമിയന്നു നിന്നിടുന്നു .
പലതിങ്ങനെ ചിന്ത ചെയ്തിടുമ്പോൾ
പുലയന്മാർ പുരു പുണ്യമുള്ള കൂട്ടം
ചില നന്മകൾ ചെയ്തിടേണ്ടതല്ലോ ,
ബലവാന്മാർ കരുണാർദ്രമാനസന്മാർ ?
അതിരമ്യതയുള്ള പുഞ്ചിരിപ്പൂ –
വുതിരുന്നുണ്ടിഹ വള്ളുവർക്കശേഷം
മതിരശ്മിഘനാളിയിങ്കൽ നിന്നീ –
ക്ഷിതിയിങ്കൽ പ്രസരിച്ചിടുന്ന പോലെ .
ഉടൽവാടി വിയർത്തു വേല ചെയ്യു –
ന്നിടരില്ലാപുലയ പ്രമാണിവർഗ്ഗം
ഉടനേ ഫലമാസ്വദിക്കുവാനാ –
യുടമക്കാരരുഴന്നു വന്നിടുന്നു .
പുരുവേലകൾ ചെത വള്ളുവന്മാ –
രുരുളച്ചോറിനുയർന്ന ഹിന്ദുവർഗ്ഗം
ഒരുമാതിരി വല്ലവൻ പടക്കും
ഗുരു മോദാലതു നല്ലവൻ വിളമ്പും
പുരതന്നറയിൽ കതിർ കുലക്കെ –
ട്ടരമെത്തീ , പുലയൻ വിരോധിയായി ,
കരപറ്റിയവൻ സ്വകീയമോടം
ചരണം കൊണ്ടു ചവിട്ടി നീക്കിടുന്നു .
കരുണാപരമാരുമാട്ടിയോട്ടീ –
ടരുതേ വള്ളുവ സാധു സഞ്ചയത്തെ ,
അരുളും വിടപത്തിനുള്ള മൂലം
കരുതിക്കൊണ്ടൊരുവൻ
മുറിക്കുമെന്നോ ?
മലിനാശയർ വച്ച തീണ്ടലോർത്തി –
ട്ടലിവില്ലാതിവരെ പകക്കയാണോ ?
എലി തോൽക്കുവതിനു നല്ലൊരില്ലം
പൊലിയും തീയ്ക്കെരയായ്
കൊടുപ്പതാരോ ?
ചെറുമക്കളുമൊക്കെ ഹിന്ദുവല്ലേ ?
ചെറുതൊന്നോർക്ക നമുക്ക് പിമ്പു
വേണ്ടേ ?
വെറുതേ നിരസിക്കൊലാ സപുച്ഛം
കുറുകും മീൻ തുഴയാതെ ചത്തുപോകും
അകളങ്കതയുള്ള വള്ളുവന്മാർ
സകലം നമ്മുടെ ഹിന്ദു സോദരന്മാർ
അകലത്തിനിയാട്ടിടൊല്ല കാർഷ്ണ്യം
സ്വകമേനിക്കുളവാകിലാകമാറ്റാം .
മനുജാതികളാണു വള്ളുവന്മാർ
നനു ഹിന്ദുക്കളുമാണു പോരയെങ്കിൽ
ക്വനുനീക്കി വിടുന്നു നിങ്ങൾ –
ക്കനുജന്മാരൊടു നിർദ്ദയത്വമുണ്ടാ ?
ഹരിണം പിഴ ചെയ്കയില്ല പക്ഷേ ,
നരി കൊല്ലുന്നിതുപോലെ മൂഢലോകം
ഹരി ശങ്കര വള്ളുവന്റെ നേരെ ,
പരിപന്ഥിത്തൊഴിൽ
കൊണ്ടുചെന്നിട്ടുന്നു
പുലിയും പുലിയോടിണക്കമപ്പോ –
ലെലി മറ്റുള്ളലിയോടു വേഴ്ച കാണാം
കലിയിങ്കൽ മനുഷ്യരൈകമത്യ –
സ്ഖലിതന്മാരൊരു ജാതി ഭിന്നജാതി !
പലവേലകൾ ചെയ്കിലും പ്രമോദം
പുലയർക്കില്ലിതു പോൽ വിധിച്ച മൂലം
ഖല ദുർവിധി തന്നിരുമ്പു പേന –
ത്തല കയ്യോടെ തുരുമ്പു തിന്നു പോട്ടെ !
മോഹനൻ പി സി പയ്യപ്പിള്ളി