രചന : സൈനുദീൻ പാടൂർ ✍️

പരമാവധി പിടിച്ചു നിക്കാനേ കൂടുതല്‍ മാതാപിതാക്കളും പറയൂ..ദുരഭിമാനം മലയാളിയെ പിടികൂടിയ മറ്റൊരു വെെറസാണ്…
അച്ഛനമ്മമാരോട്…
വിവാഹം ചെയ്തയച്ച പെണ്‍മക്കള്‍ ഭര്‍തൃഗൃഹങ്ങളിലെ പീഡന കഥകള്‍ പറയുമ്പോള്‍
” എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്ക്.പിണങ്ങിയാണ് തിരിച്ചു വീട്ടിലേക്കു വന്നത് എന്ന് മറ്റുള്ളവരറിഞ്ഞാല്‍ നാണക്കേടല്ലെ ” എന്നു പറയാതെ നാണക്കേടിനേക്കാളും വിലയുള്ളത് ജീവന്‍ നിലനിര്‍ത്തുക എന്നതാണ് എന്ന് അവരെ ചേര്‍ത്ത് നിര്‍ത്തി പറയുക…
ഭര്‍തൃഗൃഹങ്ങളില്‍ നടക്കുന്ന പീഡനങ്ങള്‍ കുട്ടികളില്‍ പലരും പുറത്ത് പറയാന്‍ മടിക്കുന്നതും ഇത്തരം പീഡനങ്ങള്‍ അവര്‍ക്ക് തുടരാനുള്ള ധെെര്യവും നല്‍കും..നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനായി തെളിവുകള്‍ നിങ്ങള്‍ തന്നെ ശേഖരിക്കണമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം.
പെണ്‍കുട്ടികളോട്…
ആത്മഹത്യ എന്ന വലിയ തീരുമാനത്തിന് മുന്‍പ് നിങ്ങളോര്‍ക്കേണ്ടത്.
1-നിങ്ങള്‍ മരിക്കുന്നതോടെ ഈ വിഷയം അതോടെ അവസാനിക്കുന്നില്ല.
2-ധീരതയോടെ തിരിച്ചടി നല്‍കാതെ മരണമെന്ന മറയിലേക്ക് പോകുന്നത് ഭീരുത്വം മാത്രമല്ല അതൊരു നല്ല സന്ദേശവുമല്ല…
3- പണം ആവശ്യപ്പെടുമ്പോഴെല്ലാം സ്നേഹം ലഭിക്കുമെന്ന വിശ്വാസത്തില്‍ നല്‍കികൊണ്ടിരുന്നാല്‍ കൂടുതല്‍ ചോദിച്ചു കൊണ്ടേയിരിക്കും എന്നറിയുക..
4-പഠനം കഴിഞ്ഞു മതി വിവാഹം എന്ന് നിങ്ങള്‍ തീരുമാനം എടുക്കണം.
5-ആത്മഹത്യ ചെയ്യുന്നതോടെ പ്രതികള്‍ക്ക് കൂടുതല്‍ ശിക്ഷ ലഭിക്കും എന്ന ചിന്തമാറ്റി ജീവിച്ചിരുന്നാലേ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാവൂ എന്നറിയുക.പീഡനങ്ങള്‍ മൊബെെല്‍ ക്യാമറയിലോ, വോയ്സ് റിക്കോര്‍ഡ് ചെയ്തോ സമാഹരിക്കാന്‍ ശ്രമിക്കുക.
6-വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന ശേഷ ജീവിതവും ഓര്‍ക്കുക.
നമ്മളോര്‍ക്കേണ്ടത്…
എന്ത് സംഭവിച്ചാലും 4 ദിവസം ചര്‍ച്ചകള്‍..പിന്നീട് പുതിയത് കിട്ടിയാല്‍ അവിടേക്കോടുന്ന നിലപാടിനേക്കാളും ഈ നാളുകള്‍ക്കുള്ളില്‍ ശാശ്വതമായ പരിഹാരത്തിലേക്ക് കടക്കുകയാണ് വേണ്ടത്..

By ivayana