രചന : ജെയിൻ ജെയിംസ് ✍️
തിരക്കേറിയ തെരുവിന്റെ മൂലയിൽ
സൂര്യനേരങ്ങളിലും അമാവാസിയിലെ
അന്ധകാരം നിറഞ്ഞത് പോലുള്ള
ആ സ്ഥലത്ത് നമുക്ക്
ഓം ചന്ദ്രക്കല കുരിശ്
എന്നീ മൂന്ന് ചിഹ്നങ്ങളാൽ
അടയാളപ്പെടുത്തപ്പെട്ടതെങ്കിലും
ആത്മാവ് നഷ്ടപ്പെട്ട മൂന്ന്
ഇരുണ്ട കെട്ടിടങ്ങൾ കാണാം
അവിടെ ഒത്തിരി അകലെ
ഒരു മരച്ചുവട്ടിൽ
മൂന്നുപേരെ ഞങ്ങൾ കാണുന്നു
നരച്ച ചാരനിറ വസ്ത്രങ്ങൾ ധരിച്ച
മൂന്നുപേർ നിരന്നിരുന്ന്
പാദരക്ഷകൾ നന്നാക്കുന്ന
ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു
മൂന്നുപേർക്കും ഒരേ മുഖഛായ
ഒരാൾ ആളുകളുടെ കാലിൽ നിന്നും
ചെരിപ്പുകൾ അഴിച്ചെടുത്ത് തുടച്ച്
വൃത്തിയാക്കി രണ്ടാമന് കൈമാറുന്നു
രണ്ടാമൻ അതിന്റെ കേടുപാടുകൾ
തീർത്ത് മൂന്നാമന് കൈമാറുന്നു.
മൂന്നാമൻ അത് തിരികെ, ആളുകളുടെ
കാലുകളിൽ അണിയിച്ച് കൊടുക്കുന്നു
തൃസന്ധ്യ പ്രാർത്ഥനാനേരം
ആരാധന മുറികളിൽ വെളിച്ചം വീഴുന്നു
അധരം പ്രാർത്ഥനകൾ ചൊല്ലുമ്പോഴും
ഹൃദയങ്ങളിൽ കനക്കുന്ന ഇരുട്ട്
മൂവരും ഒരുപോലെ കാണുന്നു
അവർ പണി നിർത്തി എണീറ്റ് നടക്കുന്നു
അവരുടെ പാദങ്ങൾ നഗ്നമായിരുന്നു
അനുഗമിക്കാൻ
ആരുമില്ലാത്തതുകൊണ്ടാകണം
അവരുടെ പാദമുദ്രകൾ
മണ്ണിൽ പതിയുന്നുണ്ടായിരുന്നില്ല
നിലാവ് തോൽക്കും പുഞ്ചിരിയോടെ
സ്നേഹഭാഷയിലാണവർ സംസാരിക്കുന്നത്
ഒരേ മുഖഛായ ഉള്ള അവർ
പരസ്പരം പേരുകൾ വിളിക്കുന്നില്ല
മറ്റുള്ളവർക്ക് തിരിച്ചറിയപ്പെടുവാൻ
അവരിൽ
അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ല
നമുക്കവരുടെ പിന്നാലെ പോകാം
ആ മൂന്ന്
ഇരുണ്ട കെട്ടിടങ്ങൾക്ക് മുന്നിൽ
ഞങ്ങൾ വീണ്ടും അവരെ കാണുന്നു
വട്ടത്തിൽ മുഖാമുഖം
ഇരിക്കുന്ന അവർക്ക് മുന്നിൽ
പ്രപഞ്ചത്തിലെ ഒരു കഷ്ണം മാത്രമായ
ഭൂമി കുത്തഴിഞ്ഞ് ചിതറിക്കിടക്കുന്നു
ഒരാൾ ഋതുക്കളെ കൃത്യമായി
പെറുക്കി അടുക്കുകയായിരുന്നു
ഒരാൾ ലോകത്തിലെ
എല്ലാ വേദഗ്രന്ഥങ്ങളും ഒരുമിച്ച് ചേർത്ത്
തുന്നിക്കെട്ടി അതിന് മുകളിൽ
സ്വർഗീയ നുണകൾ എന്ന് കുറിക്കുന്നു.
മൂന്നാമൻ ഇഹപര ലോകങ്ങൾ
എന്ന് പരിഹാസത്തോടെ
ചുണ്ടുകൾ കോട്ടി പിറുപിറുത്തുകൊണ്ട്
മണ്ണിൽ എന്തോ കുത്തിക്കുറിക്കുന്നു.
പറന്നെത്തിയൊരു മിന്നാമിനുങ്
കടം നൽകിയ ഇത്തിരി വെട്ടത്തിൽ
എനിക്കും നിങ്ങൾക്കും
അത് വായിക്കുമാറാകുന്നു
അവസാനത്തിന്റെ ആരംഭം
മൂവർ പൊട്ടിച്ചിരിക്കുന്നു,
പൊട്ടിച്ചിരികൾ
ഇടിമിന്നൽപ്പിണറുകളാകുന്നു
അതിന്റെ പ്രകമ്പനത്തിൽ
മൂന്ന് കെട്ടിടങ്ങളും തകർന്നടിയുന്നു
ആ അവശിഷ്ടങ്ങൾക്കിടയിൽ
ജീവനറ്റ് കിടക്കുന്നവരിൽ,
ഞങ്ങളുടെ മുഖങ്ങളും
നിങ്ങൾ കാണുന്നുണ്ടെങ്കിൽ
അത് വെറും നാട്ടുനടപ്പ് മാത്രം.